കനത്ത മഴയിലും കാറ്റിലും സിനിമ സെറ്റ് നശിക്കുന്നു; സഹായം ആവശ്യപ്പെട്ട് ‘സ്റ്റേഷന്‍ 5’ സംവിധായകൻ

May 29, 2020
station

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു. ചിത്രകരണം നടന്നുകൊണ്ടിരുന്ന സിനിമകൾ പെട്ടന്ന് നിർത്തിയത് വലിയ നഷ്ട്ടമാണ് നിർമ്മാതാക്കൾക്കും സംവിധായകർക്കും വരുത്തിവെച്ചത്. ഇപ്പോഴിതാ സിനിമ ചിത്രീകരണം പാതിവഴിയിൽ നിന്നതോടെ തങ്ങൾക്ക് വന്ന നഷ്ടത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് സ്റ്റേഷൻ 5 ന്റെ സംവിധായകൻ പ്രശാന്ത് കാനത്തൂർ.

ഇന്ദ്രൻസിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് സ്റ്റേഷൻ 5. അട്ടപ്പാടിയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പ്രശാന്ത് കാനത്തൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ

എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു.

വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര്‍ത്താന്‍ ഇവര്‍ക്കാവില്ലല്ലോ.

ഇക്കഴിഞ്ഞ ദിവസം അട്ടപ്പാടി സെറ്റിന്റെ കുറച്ചു ചിത്രങ്ങള്‍ ഒരു സുഹൃത്ത് അയച്ചു തന്നു. കുടിലിന്റെ മേലെയുള്ള പുല്ലുകള്‍ പാറിപ്പോയി. ചുമരുകള്‍ ദ്രവിക്കാന്‍ തുടങ്ങി. ചായം ഇളകിത്തുടങ്ങി. ഇനി മഴ കൂടി ശക്തമായാല്‍ സെറ്റ് പൂര്‍ണമായും നശിക്കുമെന്നുറപ്പാണ്.

ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തില്‍ കൂടുതല്‍ സമയം എടുത്താണ് സെറ്റ് ഒരുക്കിയത്. ഇനി എട്ടു ദിവസം കൂടി ഷൂട്ട് ചെയ്താല്‍ സെറ്റിലെ ജോലികള്‍ കഴിയും. ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാന്‍ ചെയ്തിരുന്നതാണ്. പരിമിതമായ ആളുകളെ വെച്ച് ഞങ്ങള്‍ സെറ്റിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. മഴയ്ക്ക് മുമ്പെങ്കിലും ഇതിന് സാധിച്ചില്ലെങ്കില്‍ വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെടും.

ഒരു ബിഗ് ബജറ്റ് സിനിമയല്ല സ്റ്റേഷന്‍ 5. അതു കൊണ്ടു തന്നെ മറ്റു പലര്‍ക്കും ചെറുതെന്നു തോന്നുന്ന നഷ്ടം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സെറ്റിലെ ജോലിയെങ്കിലും മുഴുമിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക അനുമതി തരണമെന്നാണ് അധികൃതരോടുള്ള അപേക്ഷ.

അതിനു സാധിച്ചില്ലെങ്കില്‍ ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നം കൂടിയായിരിക്കും തകര്‍ന്നടിയുക. ഞങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. സിനിമ സെറ്റുകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ സ്റ്റേഷന്‍ 5 ടീം ശക്തമായി അപലപിക്കുന്നു. ഇത്തരം ആക്രമണം ഖേദകരമാണ്. സിനിമയുടെ മികച്ച പൂര്‍ണതയ്ക്കു വേണ്ടിയാണ് പലപ്പോഴും സെറ്റുകള്‍ ഒരുക്കുന്നത്. നിര്‍മ്മാതാക്കള്‍ സംവിധായകനെ വിശ്വസിച്ചാണ് പണമിറക്കുന്നത്. പരസ്പര വിശ്വാസമാണ് വേണ്ടത്.

Story Highlights: station-5-director facebook post