പടിക്കെട്ടില്‍ നിന്ന് വെള്ളം തുമ്പിക്കൈകൊണ്ട് അളന്നുനോക്കി; പിന്നെ സന്തോഷിക്കാന്‍ മുങ്ങല്‍ സാഹസവും: ചിരിപ്പിച്ച് ആനക്കുട്ടി

June 13, 2020
Baby elephant enjoying bath viral video

ആനപ്രേമികള്‍ നമുക്ക് ഇടയില്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ആനക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കുട്ടിയാനകളുടെ ദൃശ്യങ്ങളാണ് വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം തുമ്പിക്കൈകൊണ്ട് ഭക്ഷണമെടുത്ത് കഴിയ്ക്കാന്‍ പരിശീലിയ്ക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് മറ്റൊരു കുട്ടിയാന. ഒരു പടിക്കെട്ട് ഇറങ്ങിവരുന്ന കുട്ടിയാനയില്‍ നിന്നുമാണ് വീഡിയോ ആരംഭിയ്ക്കുന്നത്.

രണ്ട്, മൂന്ന് പടിക്കെട്ട് പിന്നിടുമ്പോള്‍ പിന്നെ വെള്ളമാണ്. എന്നാല്‍ വെള്ളത്തിന്റെ ആഴം തുമ്പിക്കൈകൊണ്ട് അളന്നു നോക്കുന്നുണ്ട് ഈ ആനക്കുട്ടി. സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം വെള്ളത്തിലേയ്ക്ക് ഇറങ്ങി, മുങ്ങല്‍ ആസ്വദിക്കുകയാണ്. എന്തായാലും ആനക്കുട്ടിയുടെ ബുദ്ധിയും മുങ്ങല്‍ സാഹസവുമെല്ലാം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

കുഞ്ഞു തുമ്പിക്കൈയും ചെവികളുമെക്കയായി കുഞ്ഞന്‍ ആനകള്‍ സാധാരണ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കാറുണ്ട്. സസ്തനികളില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനയുടേതാണ്. അതായത് 630 മുതല്‍ 660 ദിവസങ്ങള്‍ വരെയെടുക്കും ഒരു കുട്ടിയാനയുടെ ജനനത്തിന്. ജനിക്കുമ്പോള്‍ 90 മുതല്‍ 115 കിലോഗ്രാം വരെയായിരിയ്ക്കും ആനക്കുട്ടിയുടെ ഭാരം. ജനിച്ച് അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും കുട്ടിയാനകള്‍ അമ്മയാനയുടെ സഹായത്താല്‍ സ്വന്തം കാലില്‍ നില്‍ക്കും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കുട്ടിയാനയ്ക്ക് പരസഹായം പോലും വേണ്ട.

Story highlights: Baby elephant enjoying bath viral video