സഹോദരനെ ചേര്‍ത്തു നിര്‍ത്തി ഒരു ക്ഷമാപണം; നായയുടെ ‘സോറി’ ഏറ്റെടുത്ത് സൈബര്‍ലോകം

June 27, 2020
Dog apologies to his brother in the cutest way internet viral

ഉള്ളുതൊട്ട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലേ ‘ഐ ആം സോറി’… ‘എന്നോട് ക്ഷമിക്കണം’ എന്ന്. ചിലര്‍ എങ്കിലും പറഞ്ഞിട്ടുണ്ടാകും. ക്ഷമ എന്ന ആ ഒരു വാക്കില്‍ ഉണ്ട് ഒരു ഹൃദയത്തിന്റെ നിറവ്. എന്നാല്‍ ചിലരെങ്കിലും തെറ്റ് ചെയ്താല്‍ അല്ലെങ്കില്‍ മനഃപൂര്‍വ്വം മറ്റൊരാളെ വേദനിപ്പിച്ചാല്‍ സോറി പറയാന്‍ തയാറാകില്ല. ക്ഷമ എന്ന വാക്ക് ജീവിതത്തിന്റെ നിഘണ്ടുവില്‍ പോലും കുറിച്ചിടാത്തവരുമുണ്ട്.

ക്ഷമാപണത്തിന്റെ ഏറ്റവും നിഷ്‌കളങ്കമായ രൂപത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. സഹോദരന്റെ ഭക്ഷണംകൂടി കഴിച്ചതിന് അവനോട് ക്ഷമ ചോദിക്കുന്ന ഒരു വളര്‍ത്തുനായുടെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. ഒരുപക്ഷെ മനുഷ്യരേക്കാള്‍ ആത്മാര്‍ത്ഥതയോടെയാണ് ഈ നായ തന്റെ സഹോദരനോട് ക്ഷമാപണം നടത്തുന്നത്.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ പ്ലെയറായ റെക്‌സ് ചാപ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചതാണ് സ്‌നേഹംതുളുമ്പുന്ന ഈ വീഡിയോ. വാട്‌സണ്‍, കിക്കോ എന്നിങ്ങനെയാണ് വീഡിയോയിലെ വളര്‍ത്തു നായകളുടെ പേര്. ഉടമയുടെ ചോദ്യങ്ങള്‍ക്ക് കണ്ണുകള്‍കൊണ്ട് പ്രതികരിക്കുന്നുണ്ട് ഈ നായകള്‍. കിക്കോ എന്ന നായയുടെ ഭക്ഷണംകൂടി വാട്‌സ്ണ്‍ കഴിച്ചോ എന്ന് ചോദിക്കുമ്പോള്‍ വാട്‌സണ്‍നായ അത് സമ്മതിക്കുന്നു. ക്ഷമാപണം നടത്തണമെന്ന് ഉടമ പറയുമ്പോള്‍ കിക്കോയ്ക്ക് അരികിലെത്തി ചേര്‍ത്തുപിടിക്കുകയാണ് വാട്‌സണ്‍.

Read more: സൗന്ദര്യമൊഴുകുന്ന ചിത്രകൂട്; ഇത് ‘ഇന്ത്യയുടെ നയാഗ്ര’

പലപ്പോഴും ഉടമകളോട് അതിയായ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട് വളര്‍ത്തുനായകള്‍. ഇത് ശരിവയ്ക്കുന്ന നിരവധി വീഡിയോകളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഉടമകളോട് മാത്രമല്ല സഹോദരനോടുള്ള നായയുടെ സ്‌നേഹവും കരുതലും പ്രകടമാകുന്നുണ്ട് റെക്‌സ് ചാപ്മാന്‍ പങ്കുവെച്ച വീഡിയോയില്‍. മാത്രമല്ല ചെറുതാണെങ്കില്‍ പോലും ചെയ്തത് തെറ്റാണെന്ന ബോധ്യവുമുണ്ട് വീഡിയോയിലെ നായക്ക്. മനുഷ്യരില്‍ അന്യം വന്നുകൊണ്ടിരിക്കുന്ന ബോധ്യം.

Story highlights: Dog apologies to his brother in the cutest way internet viral