ഐപിഎല്‍ മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചന

June 12, 2020
Sourav Ganguly about IPL matches

ലോകത്തെ ഒന്നാകെ ഉലച്ച കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ നടത്താന്‍ ആലോചന. ഇക്കാര്യത്തില്‍ തീരുമാനം ഉടനെ ഉണ്ടാകുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ നടത്തിയാല്‍ കളിയ്ക്കാന്‍ തയാറാണെന്ന് വിദേശ താരങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഗാംഗുലി സൂചിപ്പിച്ചു.

അതേസമയം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഒക്ടോബറില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അടുത്ത മാസമായിരിയ്ക്കും ലോകകപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഐസിസി തീരുമാനമെടുക്കുക.

അതേസമയം കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ ചില പുതിയ പരിഷ്‌കാരങ്ങള്‍ക്കും ഐസിസി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് പാനല്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളാണ് ഐസിസി അംഗീകരിച്ചത്.

Read more: തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

പുതിയ പരിഷ്‌കാരം അനുസരിച്ച് പന്ത് മിനുക്കാന്‍ തുപ്പല്‍ പുരട്ടുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പന്ത് വൃത്തിയാക്കിയതിന് ശേഷമേ കളി തുടരാന്‍ അനുവദിക്കുകയുള്ളൂ. രണ്ട് തവണയായിരിയ്ക്കും ഇത്തരത്തില്‍ താക്കീത് നല്‍കുക. ഈ രീതി ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് പെനാലിറ്റി ആയി നല്‍കും.

ഇതിന് പുറമെ കൊവിഡ് സബ്സ്റ്റിറ്റിയൂട്ട് എന്ന നിര്‍ദ്ദേശത്തിനും ഐസിസി അംഗീകാരം നല്‍കിയിട്ടുണ്ട്. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തിന് പകരം മറ്റൊരാളെ കളിയ്ക്കാന്‍ അനുവദിയ്ക്കും എന്നതാണ് ഈ പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

Story highlights: Sourav Ganguly about IPL matches