‘മാലിക്കി’ന് ശേഷം ‘ജോജി’യ്ക്കായി വീണ്ടും ശരീരഭാരം കുറച്ച് ഫഹദ്; ലൊക്കേഷൻ ചിത്രങ്ങൾ

December 1, 2020

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തിന് വേണ്ടി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ഇപ്പോഴിതാ ‘ജോജി’ എന്ന പുതിയ ചിത്രത്തിന് വേണ്ടി വീണ്ടും ശരീരഭാരം കുറച്ചിരിക്കുകയാണ് ഫഹദ്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ‘ജോജി’ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കർ ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ചിത്രം നിർമിക്കുന്നത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും.

Read also:തെരഞ്ഞെടുപ്പിന് വാശിയേകാൻ ‘മെമ്പർ രമേശനും’ കൂട്ടരും എത്തുന്നു; അർജുൻ അശോകൻ ചിത്രം ഉടൻ

അഭിനേതാവായും സംവിധായകനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ ദിലീഷ് പോത്തൻ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ മൂന്നാമത്തെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജോജി. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകളാണ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Story Highlights:fahadh faasil new look for joji