പെൻഷൻ തുക കൊവിഡ് രോഗികൾക്കായി നൽകിയ യുവതിയെ പ്രശംസിച്ച് സോനു സൂദ്

May 14, 2021
sonu sood shares boddu naga lakshm help

കൊവിഡ് മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധിപ്പേർക്ക് സഹായഹസ്തവുമായി എത്തിയ നിരവധിപ്പേരെ ഇതിനോടകം നാം കണ്ടുകഴിഞ്ഞു. അവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഈ മഹാമാരിക്കാലത്ത് നന്മയുടെ പ്രതീകമായി മാറിയ ഒരു യുവതി. ബൊഡു നാഗലക്ഷ്മി എന്ന അന്ധയായ യുവതിയാണ് സോഷ്യൽ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടുന്നത്. ചലച്ചിത്രതാരം സോനു സൂദാണ് നാഗലക്ഷ്മിയെ സോഷ്യൽ ഇടങ്ങളിൽ പരിചയപ്പെടുത്തിയതും.

അന്ധയായ ഈ യുവതി തന്റെ അഞ്ച് മാസത്തെ പെൻഷൻ തുക കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സൂദ് ചാരിറ്റി ഫൗണ്ടേഷന് സംഭാവന നൽകിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗലക്ഷ്മിയുടെ നല്ല മനസിനെ അഭിനന്ദിച്ച് നടൻ സോനു സൂദ് പങ്കുവെച്ച സന്ദേശം ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വൈറലായി. ഇതോടെ ഈ യുവതിയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ‘എന്നെ സംബന്ധിച്ച് ഇവരാണ് ഏറ്റവും ധനികയായ സ്ത്രീ, മറ്റുള്ളവരുടെ വേദന കാണാൻ കണ്ണുകളുടെ ആവശ്യമില്ല, ഇവരാണ് യഥാർത്ഥ ഹീറോ’ എന്നാണ് സോനു സൂദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Read also:‘സംഘ’ത്തിലെ പ്രായിക്കര അപ്പ; നടൻ പി.സി ജോർജ് ഓർമ്മയാകുമ്പോൾ…

അതേസമയം ഓക്‌സിജന്‍ കിട്ടാത്ത കൊവിഡ് രോഗികള്‍ക്ക് നേരത്തെ ബെഗളൂരുവില്‍ ഓക്‌സിജന്‍ സിലിണ്ടർ എത്തിച്ചുനൽകിയിരുന്നു സോനു സൂദ്. ബെഗളൂരുവിലെ എആര്‍എകെ ആശുപത്രിയിലാണ് രോഗികള്‍ക്കായി സോനു സൂദും സംഘവും ചേര്‍ന്ന് ഓക്‌സിജന്‍ എത്തിച്ചു നല്‍കിയത്. സോനൂ സൂദ് ചാരിറ്റി ഫൗണ്ടേനിലെ ഒരു അംഗത്തെ യെലഹങ്ക ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്യുന്നതില്‍ നിന്നായിരുന്നു ഈ നന്മപ്രവൃത്തിയുടെ തുടക്കം. ഇവിടേക്ക് പതിനഞ്ച് ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കാനും താരത്തിനും സംഘത്തിനും സാധിച്ചു.

Story highlights:sonu sood shares boddu naga lakshmy