കൊവിഡ് പ്രതിസന്ധിയിൽ തളർന്ന മലയാള സിനിമാ ലോകത്തിന് ‘കുറുപ്പി’ലൂടെ കൈത്താങ്ങാകാൻ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ

October 20, 2021

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നതോടെ റിലീസിന് തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചത് സിനിമാലോകത്തായിരുന്നു. ഒക്ടോബർ 25 മുതൽ ഉയിർത്തെഴുന്നേൽക്കാൻ ഒരുങ്ങുന്ന മലയാള സിനിമയെ കൈപിടിച്ചുയർത്താൻ ഒരുങ്ങുകയാണ് പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ. താരം നായകനായ കുറുപ്പും തിയേറ്റർ റിലീസിന് ഒരുങ്ങുകയാണെന്നാണ് സൂചന. മുൻപ് കുറുപ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നവംബറിൽ തിയേറ്റർ റിലീസായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ ‘സെക്കൻഡ് ഷോ’ ടീം ഒൻപതു വർഷങ്ങൾക്ക് ശേഷം ‘കുറുപ്പി’ലൂടെ ഒന്നിക്കുമ്പോൾ പ്രേക്ഷകരും തിയേറ്റർ അനുഭവമാണ് പ്രതീക്ഷിക്കുന്നത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് കുറുപ്പ് ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ‘സെക്കൻഡ് ഷോ’യുടെ സംവിധായകനായ ശ്രീനാഥ്‌ രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Read More: പിറന്നാൾ ആശംസകൾ കിളി; ഭാര്യക്ക് രമേഷ് പിഷാരടി ഒരുക്കിയ സർപ്രൈസ്

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story Highlights- Dulquer Salmaan’s Kurup to hit theatres in November