മരക്കാർ സെറ്റിൽ വിജയ് സേതുപതിയുടെ അപ്രതീക്ഷിത സന്ദർശനം- വിഡിയോ

November 18, 2021

വലിയ തയ്യാറെടുപ്പുകളോടെയാണ് നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നതിനാൽ സിനിമയ്ക്ക് ഒട്ടേറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം മുതൽ തന്നെ വാർത്തകളും വിശേഷങ്ങളും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ, മരക്കാർ ഷൂട്ടിംഗ് സെറ്റിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയത് ശ്രദ്ധനേടുകയാണ്.

ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ തമിഴ് നടൻ വിജയ് സേതുപതിയുടെ സന്ദർശന വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ ചിത്രീകരണം ആസ്വാദിക്കുകയാണ് വിജയ് സേതുപതി. അഭിനേതാകകളെയും എല്ലാവരെയും മോഹൻലാൽ വിജയ് സേതുപതിക്ക് പരിചയപ്പെടുത്തുന്നു. മുൻപ് നടൻ അജിത് സെറ്റ് സന്ദർശിച്ച വിഡിയോയും ശ്രദ്ധനേടിയിരുന്നു.

ഭാഷയുടെ അതിരുകളില്ലാതെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മനോഹരമായ വിഎഫ്എക്‌സ് മികവും അഭിനയപ്രതിഭകളുടെ അസാമാന്യ പ്രകടനവും കാലാനുസൃതമായ വസ്ത്രാലങ്കാരവുംകൊണ്ട് ദേശീയ പുരസ്‌കാര വേദിയിൽ പോലും തിളങ്ങിയ മരക്കാർ അതിനാൽ തന്നെ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. രണ്ടുവര്ഷത്തിലധികമായി നീളുന്ന കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുകയാണ്. ഡിസംബർ രണ്ടിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Read More: നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ- വിഡിയോ

വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ് ഇത്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

Story highlights- Surprise Visit By Vijay Sethupathi In The Majestic Set Of Marakkar