‘ക്യൂട്ട് പൊണ്ണാ’യി വൃദ്ധിക്കുട്ടിയുടെ ഗംഭീര പ്രകടനം; ശ്രദ്ധനേടി വിഡിയോ

December 8, 2021

‘വാത്തി കമിങ്’ എന്ന ഗാനത്തിന് ചുവടുവെച്ച് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് വൃദ്ധി വിശാൽ. ഡാൻസും അഭിനയവുമൊക്കെയായി നിരവധി ആരാധകരെ നേടിയ വൃദ്ധിക്കുട്ടിയുടെ പുതിയ നൃത്തവിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ‘ക്യൂട്ട് പൊണ്ണ്’ എന്നു തുടങ്ങുന്ന ഗാനത്തിനൊത്താണ് വൃദ്ധിയുടെ പ്രകടനം. ഗാനത്തിനൊപ്പം ആണായും പെൺകുട്ടിയായിയുമൊക്കെ അഭിനയിക്കുന്നുണ്ട് ഈ കുഞ്ഞുമോൾ.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവിരുന്നിൽ മുതിർന്നവർക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വൃദ്ധി വിശാലിന്റെ വിഡിയോ നേരത്തെ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വൈറലായിരുന്നു. അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ വളരെ മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കൊച്ചുമിടുക്കിയെ മലയാളക്കര ഏറ്റെടുത്തതാണ്. ഡാൻസിൽ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചതാണ് ഈ കുഞ്ഞുമിടുക്കി. നേരത്തെ കണ്ണാംതുമ്പി പോരാമോ എന്ന ഗാനം പാടിയും വൃദ്ധി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്.

Read also: അന്ന് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരഞ്ഞു, ഇന്ന് താരത്തിനൊപ്പം സിനിമയിൽ; സ്റ്റാറായി തേജസ്

അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രത്തിലും വൃദ്ധി വിശാൽ അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച കൈയടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വൃദ്ധി വിശാൽ അഭിനയിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിനൊപ്പം കടുവ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടേതയും മകളാണ് വൃദ്ധി.

Story highlights; Cute perfomance of Vridhi Vishal