പാട്ട് വേദിയിൽ ആഘോഷം നിറച്ച് ജാസി ഗിഫ്റ്റിന്റെ മനോഹരഗാനം

January 1, 2022

പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ ഇഷ്ടഇടമായി മാറിയതാണ് കുട്ടി ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ സംഗീതലോകത്തെ നിരവധി ഗായകരും പ്രമുഖരുമടക്കം എത്താറുണ്ട്. ഇപ്പോഴിതാ കുരുന്നുഗായകർക്കൊപ്പം മനോഹരഗാനവുമായി എത്തുകയാണ് മലയാളികളുടെ പ്രിയഗായകൻ ജാസി ഗിഫ്റ്റ്. സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ‘തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ…’ എന്ന ഗാനമാണ് ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്നത്.

‘റയിൻ റയിൻ കം എഗെയിൻ’ എന്ന ജയരാജ് ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് ജാസി ഗിഫ്റ്റ് സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ഗാനമാണിത്. ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് ആരാധകർക്കായി ഈ ഗാനം വീണ്ടും ജാസി ഗിഫ്റ്റ് ആലപിച്ചത്.

Read also: ജോൺ കാറ്റാടിയായി മോഹൻലാൽ, മകനായി പൃഥ്വിരാജ് സുകുമാരനും; ‘ബ്രോ ഡാഡി’ ടീസർ എത്തി

മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന പാട്ട് വേദിയിൽ പാട്ട് പാടാനായി എത്തുന്ന ഓരോ കുരുന്ന് ഗായകർക്കും ആരാധകരും ഏറെയാണ്. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്.

മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights: Jassie Gift singing with Top singers