ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പടയുടെ പ്‌ളേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഐ എസ് എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് മഞ്ഞപ്പട. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പൂർ വിജയം നേടിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്‌ളേ ഓഫ് സാധ്യതകൾ മങ്ങി.

13 മത്സരങ്ങളിൽ നിന്നുമായി 14 പോയിന്റുമായി കേരളം എട്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്നുമായി 24 പോയിന്റ് ഉള്ള കൊൽക്കത്തയും ഗോവയുമാണ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 22 പോയിന്റുമായി ബംഗളൂരുവാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 21 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്താണ്.

Read also: രാജാക്കന്മാരായി ഇന്ത്യന്‍ താരങ്ങള്‍; പരമ്പര സ്വന്തം

അതേസമയം ഈ സീസണിൽ അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ബാക്കിയുള്ളത്. എന്നാൽ നിലവിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ജയം ഇനി കൈ എത്താവുന്നതിലും അപ്പുറമാണ്. വരുന്ന മത്സരങ്ങളിൽ ഗോവയും ബംഗളൂരുവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യ നാലിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഇരു ടീമുകളോടുമുള്ള മത്സരം ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

ഐ എസ് എൽ: എടികെയെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എൽ പോരാട്ടത്തിന്റെ ആവേശം വാനോളമാണ്.. ഇന്നലെ നടന്ന മത്സരത്തിൽ എ ടി കെ യെ അവരുടെ തട്ടകത്തിൽ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ആതിഥേയരെ മുട്ടുകുത്തിച്ചത്. ഇതോടെ തുടർച്ചയായ രണ്ടാം വിജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. കളിയുടെ 70 ആം മിനിറ്റിൽ ഹാലിചരൺ നർസാരിയാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ നേടിയത്.

കഴിഞ്ഞ കളിയിലെ വിജയത്തോടെ 12 കളിയിൽ നിന്നും 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. അതേസമയം 21 പോയിന്റുമായി എ ടി കെ മൂന്നാം സ്ഥാനത്താണ്.

ഇതുവരെയുള്ള കളിയിൽ ആകെ മൂന്ന് തവണ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തകർത്തിരുന്നു. ഇതാണ് ഇത്തവണത്തെ ഐ എസ് എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനമായി കണക്കാക്കുന്നത്.

ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരം. ജനുവരി 19 ന് ജംഷഡ്പൂരിന്റെ തട്ടകത്തിൽവച്ചാണ് അടുത്ത മത്സരം അരങ്ങേറുന്നത്.

ഹൈദരാബാദിനെതിരെ വിജയം കൊയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. മൂന്ന് പോയിന്റിന്റെ വില നന്നായി അറിയാവുന്ന അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടി. ഇതോടെ 11 കളിയില്‍ നിന്നായി 11 പോയിന്റുകളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേയ്ക്ക് മുന്നേറുകയും ചെയ്തു.

ഹൈദരബാദിനെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നായകന്‍ ഓഗ്ബച്ചെ ഇരട്ടഗോള്‍ നേടിക്കൊണ്ട് വിജയത്തിന് മാറ്റുകൂട്ടി. നായകന് പുറമെ ഡ്രൊബാരോ, മെസി, സെയ്ത്യസെന്‍ സിങ് എന്നിവരും കേരളാ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഗോളുകള്‍ നേടി വിജയമുറപ്പിച്ചു. ഹൈദരബാദിനെ തകര്‍ത്തതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

Read more: ദർബാറിൽ കത്രികവച്ച് സെൻസർ ബോർഡ്; ചിത്രം ജനുവരി 9 ന് തിയേറ്ററുകളിലേക്ക്

തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവിനാണ് ആരാധകര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകമായ കൊച്ചി ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹൈദരബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഗാലറി ആവേശപൂര്‍വ്വം കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയ് വിളിച്ചു.

മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ആ ഒരു ഗോള്‍ മാത്രമാണ് മത്സരത്തിന്റെ അവസാനം വരെ ഹൈദരബാദിന് ഉണ്ടായിരുന്നതും. ഹൈദരബാദിന്റെ ഒരു ഗോളിന് പിന്നാലെ 33-ാം മിനിറ്റില്‍ നായകന്‍ ഓഗ്‌ബച്ചെയിലൂടെ കേരളാ ബ്ലാസ്റ്റ്‌ഴ്‌സ് സമനില ഗോള്‍ നേടി. പിന്നീടങ്ങോട്ട് ഒന്നിന് പിന്നാലെ നാല് ഗോളുകളും നേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൂറ്റന്‍ ജയം സ്വന്തമാക്കി.

അർജന്റീനയ്ക്കും യുറഗ്വായ്ക്കും സമനില; അർജന്റീനയ്ക്ക് അവസാന നിമിഷം രക്ഷകനായത് മെസ്സി

ഇസ്രായേലിൽ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ  അർജന്റീനയുടെ അവസാന നിമിഷത്തിൽ രക്ഷകനായി ലയണല്‍ മെസ്സി. ഇതോടെ കളി സമനിലയിൽ പിരിഞ്ഞു. യുറഗ്വായ്‌ക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന പരാജയമുറപ്പിച്ചിരിക്കുമ്പോഴാണ് മെസ്സി രക്ഷകനായി പ്രത്യക്ഷപ്പെട്ടത്. ഫൈനൽ വിസിലിനു തൊട്ടു മുൻപ് പെനാലിറ്റിയിലൂടെ ആയിരുന്നു മെസ്സിയുടെ ഭാഗ്യഗോൾ. ഇതോടെ മത്സരം 2 -2 ന് അവസാനിച്ചു.

34-ാം മിനിറ്റിൽ യുറഗ്വായുടെ എഡിൻസൻ കവാനിയിലൂടെ ആദ്യ ലീഡ് നേടി. കവാനിയുടെ അൻപതാം അന്താരാഷ്‌ട്ര ഗോളായിരുന്നു ഇത്. പൗളോ ഡിബാലയിലൂടെ ആദ്യ പകുതിയിൽ തന്നെ സമനില പിടിക്കാനുള്ള അർജന്റീനയുടെ ശ്രമം റഫറി ഹാൻഡ് ബോൾ വിളിച്ചതോടെ വിഫലമാകുകയായിരുന്നു. പിന്നീട് 63-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെയായിരുന്നു അർജന്റീന സമനില നേടിയത്. എന്നാൽ അധികം താമസിയാതെ 69-ാം മിനിറ്റിൽ ലൂയിസ് സുവാർസിന്റെ തകർപ്പൻ ഫ്രീകിക്കിലൂടെ യുറഗ്വായ് ലീഡ് നിലനിർത്തി.

Read More:പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ

അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. ബോക്സിൽ വെച്ച് മാർട്ടിൻ കസിൻസ് പന്ത് കൈകൊണ്ട് തടഞ്ഞതോടെയാണ് മെസ്സിക്ക് പെനാൽറ്റി ലഭിച്ചത്. ഈ ഗോൾ പിന്നീട് ഇരുടീമുകളെയും സമനിലയിൽ നിലനിർത്തി.

ഫിഫ: ആറാം തവണയും പുരസ്‌കാര നിറവിൽ മെസി

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലയണൽ മെസ്സിയാണ് മികച്ച ഫുട്‌ബോളര്‍. അവസാന മൂന്നു പേരുടെ പട്ടികയില്‍ മെസിയ്ക്ക് പുറമെ വിർജിൽ വാൻഡൈക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും പിന്തള്ളിയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് ലോക താരമായി മെസി തിരഞ്ഞെടുക്കപ്പെടുന്നത്.

മികച്ച വനിതാ താരം- അമേരിക്കയുടെ മേഗൻ റെപീനോ.

മികച്ച ഗോൾ കീപ്പർ- ലിവർപൂളിന്‍റെ അലിസൺ ബക്കർ

മികച്ച പരിശീലകൻ- ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പ

മികച്ച വനിതാ പരിശീലക- അമേരിക്കയുടെ ജിൽ എലിസ്

മികച്ച ഗോളിനുള്ള പുസ്‌കാസ്‌ പുരസ്‌കാരം- ഹംഗേറിയയുടെ ഡാനിയല്‍ സോറിയും സ്വന്തമാക്കി.

മെസ്സിയുടെ ഗോളാഘോഷം അനുകരിച്ച് മകന്‍: വീഡിയോ

താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ് മെസ്സിയുടെ മകന്‍. നാല് വയസുകാരന്‍ മാറ്റിയോ മെസ്സിയുടെ ഫുട്ബോള്‍ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

ബാഴ്‌സയുടെ പച്ച ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് കുട്ടിത്താരത്തിന്റെ പ്രകടനം. വലതു കാല്‍ക്കൊണ്ട് ഫ്രീകിക്ക് എടുത്തും അച്ഛന്റെ ശൈലിയില്‍ ഗോളാഘോഷിച്ചുമെല്ലാം മാറ്റിയോ മെസ്സി കൈയടി നേടുന്നു.

Read more:കണ്ണൂരിലെ പൊലീസുകാരനെ തേടിയെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കത്ത്; ‘ഒരു ക്രിക്കറ്റ് ഭ്രാന്തന് ഇതില്‍പ്പരം എന്തു വേണം’

മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തായാലും മാറ്റിയോ മെസ്സിയുടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

പരിക്ക് മൂലം വിശ്രമിക്കുന്ന മെസ്സി ഈ സീസണില്‍ ഇതുവരെ കാര്യമായി കളിച്ചിട്ടില്ല. അതേസമയം കോപ്പ അമേരിക്ക ഫൈനലിലെ വിവാദ മരാമര്‍ശത്തെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് മൂന്ന് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഡ്യൂറന്‍റ് കപ്പ്’ ആവേശപ്പോരാട്ടത്തിനൊരുങ്ങി ഗോകുലം എഫ്‌സി, എതിരാളികള്‍ മോഹന്‍ ബഗാന്‍

ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള എഫ്‌സി. ഡ്യൂറന്റ് കപ്പ് കിരീട പോരാട്ടത്തില്‍ ഗോകുലം എഫ്‌സി ഇന്ന് മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് അഞ്ച് മണിക്ക് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍വച്ചാണ് ഈ ആവേശപ്പോരാട്ടം. ജയിച്ചാല്‍  ഡ്യൂറന്‍റ്  കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കേരള ടീമായി ഗോകുലം എഫ്‌സി മാറും. എഫ്‌സി കൊച്ചിന്‍ ആണ് ഈ നേട്ടം കൊയ്ത ആദ്യ ടീം.

ഗ്രൂപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ ടീമാണ് ഗോകുലം എഫ്‌സി. സെമിഫൈനലില്‍ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ഗോകുലം ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി. നായകന്‍ മാര്‍ക്കസ് ജോസഫിന്റെ കരുത്തിലാണ് ഇന്ന് താരങ്ങള്‍ കളത്തിലിറങ്ങുന്നത്. വിങ്ങര്‍മാരായ മാലേംഗാമ്പ മീത്തിയും ഷിബില്‍ മുഹമ്മദും ഡിഫന്‍സീവ് മിഡ്-ഫീല്‍ഡറായ  മുഹമ്മദ് റാഷിദും ടീമിന് പ്രതീക്ഷ നല്‍കുന്നു. ആന്ദ്രെ എറ്റീന്‍, ഇര്‍ഷാദ്, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ കളിക്കുന്ന പ്രതിരോധവും പ്രശംസനീയമാണ്. സെമിയില്‍ അത്ഭുതപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ഉബൈദും ഗോകുലം കേരള എഫ്‌സി ടീമിന് കൂടുതല്‍ കരുത്ത് പകരുന്നു.

Read more:നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങൾ കാണാം

അതേസമയം കിരീടപോരാട്ടത്തില്‍ മോഹന്‍ ബഗാനുള്ള പ്രതീക്ഷയും ചെറുതല്ല. സാല്‍വ ചമോറോ, ജോസെബ ബെയ്റ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളാണ് മോഹന്‍ ബഗാന്റെ കരുത്ത്. അതേസമയം മത്സരത്തില്‍ മോഹന്‍ ബഗാന്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന റെക്കോര്‍ഡും ബഗാന്റെ പേരിലാകും. നിലവില്‍ 16 കിരീടങ്ങളുമായി മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒപ്പമാണ്.

1997-ല്‍ എഫ്‌സി കൊച്ചിന്‍ കിരീടം നേടുമ്പോഴും ഫൈനല്‍ പോരാട്ടത്തില്‍ ബഗാനായിരുന്നു എതിരാളികള്‍.

2022 ഫുട്ബോൾ ലോകകപ്പ്; സാധ്യതാ ടീമിൽ 4 മലയാളികളും…

2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 34 പേരടങ്ങുന്ന ടീമിൽ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്, എടികെ താരങ്ങളായ അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ, പൂനെ സിറ്റി താരം ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മലയാളികൾ. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്.

സെപ്തംബര്‍ 5ന് ഗുവാഹത്തിയില്‍ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. സെപ്തംബര്‍ 10-ന് ദോഹയില്‍വെച്ച് ഖത്തറുമായി രണ്ടാം മത്സരം കളിക്കും. ഖത്തറിന് പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയവരും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്.