ക്യാൻസറിന് വിട, ഇനി ‘ഹിന്ദി മീഡിയ’ത്തിലേക്ക്; തിരിച്ചു വരവറിയിച്ച് ഇർഫാൻ ഖാൻ

February 13, 2019

‘ലഞ്ച് ബോക്സ്’, ‘ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്’, ‘തൽവാർ’… തുടങ്ങി ബോളിവുഡിലെ ഒരുപിടി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറെ നാളായി ലണ്ടനിൽ ചികിത്സയിൽ ആയിരുന്ന ഇർഫാൻ ഖാൻ തിരിച്ചെത്തി വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ തിരിച്ചെത്തിയ താരം ഈ മാസം ഫെബ്രുവരി 22 മുതൽ പുതിയ ചിത്രം  ഹിന്ദി മീഡിയം-2 വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും.  2017 ൽ സാകേത് ചൗധരി  സംവിധാനം ചെയ്ത ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

19 -മത് ഐഫ പുരസ്‌കാര വേദിയിൽ മികച്ച നടനുള്ള അവാർഡ് ഇർഫാൻ ഖാന് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഹിന്ദി മീഡിയം. സാബ ഖമർ ആയിരുന്നു ചിത്രത്തിൽ ഇർഫാന്റെ ഭാര്യയായി അഭിനയിച്ചത്. ഡൽഹിയിൽ ഒരു വലിയ സ്കൂളിൽ മകൾക്ക് അഡ്മിഷൻ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്ന സാധാരണക്കാരായ  മാതാപിതാക്കളുടെ കഥ പറയുന്ന ചിത്രമായിരുന്നു ഹിന്ദി മീഡിയം.