‘സിനിമാ ജീവിതത്തില്‍ ഇനിയുമൊരു ആഗ്രഹം ബാക്കി’; അഭിനയ സ്വപ്‌നത്തെക്കുറിച്ച് രജനികാന്ത്‌

December 18, 2019

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് നടന്‍ രജനികാന്ത്. സ്റ്റൈല്‍ മന്നന്‍ എന്ന് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നു. വിളിപ്പേര് ശരിവയ്ക്കുംപോലെ പകരം വയ്ക്കാനില്ലാത്ത സ്റ്റൈലന്‍ പ്രകടനമാണ് ഓരോ സിനിമയിലും രജനികാന്ത് കാഴ്ചവയ്ക്കാറുള്ളതും. നാലര പതിറ്റാണ്ടിലേറെയായി രജനികാന്ത് വെള്ളിത്തിരയില്‍ സജീവമായിട്ട്. 160 ലേറെ ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ക്ക് സ്റ്റൈല്‍ മന്നന്‍ വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്നു.

സിനിമാ ജീവിതത്തില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്ന അഭിനയ സ്വപ്‌നത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ‘ വിവിധ കാറ്റഗറികളിലുള്ള ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 160-ലേറെ സിനിമകള്‍. എങ്കിലും ഇപ്പോഴും ഒരു ആഗ്രഹം ബാക്കി നില്‍ക്കുന്നു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കണം’, രജനികാന്ത് പറയുന്നു. മുംബൈയില്‍ വെച്ചുനടന്ന പുതിയ ചിത്രം ദര്‍ബാറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more:കിടിലന്‍ താളത്തില്‍ വലിയ പെരുന്നാളിലെ ‘പിരാന്ത് പാട്ട്‌’

രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം ‘ദര്‍ബാര്‍’ 2020-ജനുവരിയില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രം വളരെ വ്യത്യസ്തമായ കഥാപാത്രമാണെന്നും രജനികാന്ത് പറഞ്ഞു. എ ആര്‍ മുരുകദോസാണ് ദര്‍ബാറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായികാ കഥാപാത്രം.

മുരുഗദോസ് സംവിധാനം ചെയ്ത ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.