വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണസാധനങ്ങള്‍ കവരുന്ന ‘ആനക്കള്ളന്മാര്‍’: വൈറല്‍ വീഡിയോ

March 4, 2020

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യരെ വെല്ലാറുണ്ട് ചില മൃഗങ്ങള്‍. പ്രത്യേകിച്ച് ആനകള്‍. തലയെടുപ്പോടെ നില്‍ക്കുന്ന ഗജരാജവീരന്മാര്‍ക്ക് ആരാധകരും ഏറെയാണ്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരമായ ആനക്കഥകള്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചില ആനക്കള്ളന്മാര്‍.

തായ്‌ലന്‍ഡിലെ ഖാവോ ആങ് റൂ നായ് എന്ന വന്യജീവി സങ്കേതത്തിന് സമീപത്തുള്ള പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്താറുണ്ട് ഇവിടുത്തെ ചില ആനകള്‍. വാഹനത്തിലുള്ള ഭക്ഷണസാധനങ്ങളാണ് ആനകളുടെ ലക്ഷ്യം. പാതയിലൂടെ പോകുന്ന ഒട്ടുമിക്ക വാഹനങ്ങളില്‍ നിന്നും ഈ ആനക്കള്ളന്മാര്‍ ഭക്ഷണസാധനങ്ങള്‍ കവരാറുണ്ട്. ഭക്ഷണസാധനങ്ങള്‍ എടുക്കുന്ന ആനകളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്.

Read more: “അപ്പോള്‍ സ്‌പൈ ആണല്ലേ…”; ‘ഫോറന്‍സിക്’-ലെ ഒരു മനോഹര രംഗം ഇതാ

പാതയിലൂടെ പോകുകയായിരുന്ന പിക് അപ് വാന്‍ രണ്ട് ആനകള്‍ തടഞ്ഞുനിര്‍ത്തുന്നു. ശേഷം വാഹനത്തിനകത്തേക്ക് തുമ്പിക്കൈ കൊണ്ട് ചെറിയൊരു പരിശോധന. പിക് അപ് വാഹനത്തിലുണ്ടായിരുന്ന കരിമ്പില്‍ നിന്നും ചിലതെടുത്ത് അകത്താക്കി ഈ ആനക്കള്ളന്മാര്‍. രസകരമായ ഈ ദൃശ്യങ്ങള്‍ ഖാവോ ആങ് റൂ നായ വന്യജീവി സങ്കേതത്തിലെ അധികൃതര്‍തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്.