ആശങ്കയുണർത്തി ‘സോമ്പി വൈറസ്’ മഹാമാരിയുടെ മുന്നറിയിപ്പുമായി ഗവേഷകർ!

January 25, 2024

ഫാന്റസി-ഹൊറർ സിനിമകളിലും കഥകളിലും മാത്രം നമ്മൾ കേട്ട് പരിചയപ്പെട്ടവരാണ് സോബികൾ. ഭയപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടുന്ന ജീവനുള്ള ജഡങ്ങൾ. ശരിക്കും സോംബികളുണ്ടോ എന്ന് ചിന്തിക്കാത്തവർ ആരുമില്ല. (Scientists warn the presence of Zombie Virus)

സോംബികൾ എന്നത് സാങ്കല്പിക സൃഷ്ടികൾ തന്നെയാണെന്നാണ് ശാസ്ത്ര നിഗമനവും. എന്നാൽ ‘സോമ്പി’ എന്ന വാക്ക് വൈറസിനെ കൂട്ടുപിടിക്കുമ്പോൾ ഭീതി ഇരട്ടിക്കുകയാണ്. അങ്ങനെയെങ്കിൽ എന്താണ് സോമ്പി വൈറസ് എന്നും നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ടോ എന്ന് അറിയേണ്ടതും അനിവാര്യമാണ്.

ആർട്ടിക് പ്രദേശങ്ങളിലും മറ്റിടങ്ങളിലും മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിയിരിക്കുന്ന വൈറസുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ തണുത്തുറഞ്ഞ ആർട്ടിക് പെർമാഫ്രോസ്റ്റ് ഉരുകുന്നത് അവയ്ക്കുള്ളിലെ ‘സോംബി വൈറസുകൾ’ പുറത്തു വരാൻ കാരണമാകുകയും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യരാശി വിചിത്രമായ പുതിയ പാൻഡെമിക് ഭീഷണി നേരിടുന്നുവെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചനകൾ.

ആഗോളതാപനം മൂലം താപനില ഉയരുന്നതും അതിലൂടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ ഉരുകാനും തുടങ്ങിയതോടെ വൈറസ് ഭീഷണി വർധിച്ചിട്ടുണ്ട്. ഈ വൈറസുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി കഴിഞ്ഞ വർഷം സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ചിലത് ഒരു ശാസ്ത്രജ്ഞൻ പുനരുജ്ജീവിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മണ്ണിനടിയിൽ മരവിച്ച അവസ്ഥയിലാണ് ഈ വൈറസുകൾ.

Read also: ‘സ്മാർട്ട്ഫോൺ സോമ്പികളെ സൂക്ഷിക്കുക’; ചിരിയും ചിന്തയും ഉണർത്തി ബെംഗളൂരുവിൽ നിന്നുള്ള മുന്നറിയിപ്പ്!

Aix-Marseille യൂണിവേഴ്സിറ്റിയിലെ ജനിതക ശാസ്ത്രജ്ഞന്‍ ജീന്‍-മൈക്കല്‍ ക്ലേവറി പറയുന്നതനുസരിച്ച് മനുഷ്യരെ ബാധിക്കാനും ഒരു പുതിയ രോഗം സൃഷ്ടിക്കാൻ കെൽപ്പുള്ളതുമായ വൈറസുകളുടെ സാധ്യത ഈ പെർമാഫ്രോസ്റ്റുകളുടെ ഉള്ളിലുണ്ട്.

മണ്ണിനടിയില്‍ എന്തെല്ലാം വൈറസുകളാണ് ഉള്ളതെന്ന് അറിയില്ലെന്നും പെട്ടെന്ന് രോഗം പൊട്ടിപ്പുറപ്പെടാന്‍ പ്രാപ്തിയുള്ള ഒരു രോഗാണു അതിനിടയിൽ ഉണ്ടാകാനുള്ള അപകടസാധ്യതയുണ്ടെന്ന് മനസിലാക്കുന്നെന്നും റോട്ടര്‍ഡാമിലെ ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ മരിയോണ്‍ കൂപ്മാന്‍സ് പറയുന്നു. മുന്‍പുണ്ടായ പോളിയോ പോലെ ഒരു ഔട്ട് ബ്രേക്കിലേക്ക് വരെ ഇത് നയിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ വേര്‍തിരിച്ചെടുത്ത വൈറസുകള്‍ക്ക് അമീബയെ ബാധിക്കാന്‍ മാത്രമേ കഴിയൂ. മനുഷ്യര്‍ക്ക് ഒരു അപകടസാധ്യതയുമില്ല. എന്നിരുന്നാലും പെര്‍മാഫ്രോസ്റ്റിലുള്ള മറ്റ് വൈറസുകള്‍ക്ക് മനുഷ്യരില്‍ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല എന്ന് അര്‍ഥമാക്കുന്നില്ല. കാരണം, മനുഷ്യ രോഗകാരികളായ പോക്‌സ് വൈറസുകളും ഹെര്‍പ്പസ് വൈറസുകളും പോലുള്ളവയെ ഞങ്ങൾ മഞ്ഞുപാളികൾക്കുള്ളിൽ കണ്ടെത്തിയിരുന്നു,’ മിസ് ക്ലേവറി പറയുന്നു.

Story highlights: Scientists warn the presence of Zombie Virus