നാട്ടികയുടെ കടലോരത്ത് പാട്ടുകളുടെ തിരയിളക്കം ഒരുങ്ങുന്നു

തൃശൂരിൽ ആവേശത്തിളക്കം സൃഷ്ടിച്ചുണ്ട് നാട്ടിക ബീച്ച് ഫെസ്റ്റ് അരങ്ങേറുകയാണ്. വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ പാട്ടുകളുടെ തിരയിളക്കം ഒരുക്കാൻ ജനുവരി 26 ന് ഒരുങ്ങുന്നത് വമ്പൻ സംഗീതരാവ്.

ജനപ്രിയ ഗായകർ പാടിത്തിമിർക്കുന്ന സംഗീത പുരസ്‌കാര നിശ ‘മ്യൂസിക് റ്റുമോറോ 2020’ അവാർഡിൽ നിരവധി സംഗീത പ്രതിഭകൾ എത്തുന്നു. തെന്നിന്ത്യൻ പിന്നണി ഗാനരംഗത്തെ പ്രണയഗായകൻ സിദ് ശ്രീറാം, യുവഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകൻ ഗോപി സുന്ദർ, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, സൗമ്യ, ഇഷാൻ ദേവ്, അമൃത സുരേഷ്, മധുമതി നാരായണി, അഭയ ഹിരണ്മയി തുടങ്ങി പ്രതിഭകൾ അണിനിരക്കും.

അതേസമയം പത്ത് ദിവസം നീണ്ടു നിൽക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിമുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. 

നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 ജനുവരി 25ന് അരങ്ങേറും. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

Posted by NattikaOfficial on Tuesday, 21 January 2020

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമില്ല; മനസ്സിലുള്ളത് മറ്റൊരു ആക്ഷൻ ത്രില്ലർ: മിഥുൻ മാനുവൽ

‘ആട്’, ‘ആൻമരിയ കലിപ്പിലാണ്’,’ അലമാര’, ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ തുടങ്ങിയ ഫാമിലി എന്റർടൈനർ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിരാ. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്.

അതേസമയം മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയിലാണ് മിഥുന്‍ മാനുവൽ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ പലതവണ ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടും ഇതിൽ സംതൃപ്തി ലഭിക്കാത്തതിനാലാണ് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്നും മിഥുൻ മാനുവൽ അറിയിച്ചു.

അതേസമയം മനസ്സിൽ ഇപ്പോഴുള്ളത് ഒരു ത്രില്ലർ ചിത്രമാണെന്നാണ് മിഥുൻ അറിയിച്ചത്. എന്നാൽ അത് അഞ്ചാം പാതിരാ പോലെയല്ല, ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്നും മിഥുൻ മാനുവൽ ദി ക്യൂ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

1990 ൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ.

നാട്ടിക ബീച്ച് ഫെസ്റ്റിൽ പറക്കാനൊരുങ്ങി കൂറ്റൻ പട്ടങ്ങൾ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് സൗജന്യ അവസരം..

ആഘോഷവും ആരവവുമായി നാട്ടിക ബീച്ച് ഫെസ്റ്റ് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കാഴ്ചകളും മത്സരങ്ങളും രുചികളുമൊക്കെ നിറച്ച് നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്.

ഫെസ്റ്റിന്റെ ഏഴാം നാളായ ജനുവരി 22നാണ് കൂറ്റൻ പട്ടങ്ങൾ വാനിലുയരുന്നത്. വൈകിട്ട് മൂന്നു മണി മുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇറ്റാലിയൻ പരമ്പരാഗത പാട്ടമായ സർക്കിൾ കൈറ്റ് ആണ് ഇതിൽ മുഖ്യ ആകർഷണം. 45 ഡയമീറ്ററിലാണ് ഈ പട്ടം ഒരുക്കിയിരിക്കുന്നത്.

ദുബായ് രാജ്യാന്തര പട്ടം പറത്തലിൽ ഒന്നാം സ്ഥാനം നേടിയ പറക്കും തളികയുടെ രൂപത്തിലുള്ള ഇന്ത്യൻ പട്ടവും പ്രദർശനത്തിലുണ്ട്. തൃശൂർ ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിപ്പമുള്ള പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി പട്ടം പറത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

‘പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി അഞ്ചാം പാതിരാ കാണാന്‍ പോയതാ..’- ആരാധകന്റെ വൈറൽ കുറിപ്പ്

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘അഞ്ചാം പാതിരാ’. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഗംഭീര ത്രില്ലർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറുന്ന ‘അഞ്ചാം പാതിരാ’ക്ക് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത് വളരെ മികച്ച അഭിപ്രായങ്ങളാണ്. ഇപ്പോൾ ഒരു പൂർണ ഗർഭിണി സിനിമ കാണാൻ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;

പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി ‘അഞ്ചാം പാതിരാ’ കാണാന്‍ പോയതാ…………

ഇന്നലെ വൈകുന്നേരം 4 മണിയോടെ എന്റെ ഫ്രണ്ട് എന്നെ വിളിച്ചു എന്നോട് ചോദിച്ചു: ഡാ, ഗര്‍ഭിണികള്‍ ‘അഞ്ചാം പാതിരാ’ കണ്ടാല്‍ പേടിക്കുമോ എന്ന് ചോദ്യം കേട്ടപ്പോ ചിരി വന്നു എങ്കിലും എന്താടാ കാര്യം എന്ന് തിരക്കിയപ്പോള്‍ ഭാര്യ പ്രസവ ഡേറ്റ് അടുത്ത് നില്‍കുവാ അവള്‍ ഫുള്‍ വാശി ‘അഞ്ചാം പാതിരാ’ കാണണം എന്ന്. അതാ നിന്നെ വിളിച്ചേ എന്ന്. ഞാന്‍ വിട്ടോളാന്‍ പറഞ്ഞു. അവര്‍ പോയി സിനിമ കണ്ട് ഇറങ്ങിക്കഴിഞ്ഞ് എന്നെ വിളിച്ചു, എന്റെ പൊന്നു മച്ചാ ത്രില്ലടിച്ചു പോയി എന്ന് പറഞ്ഞു.. ആ പെണ്‍കുട്ടി എന്നോട് താങ്ക്‌സ് പറഞ്ഞു എനിക്ക് ഇനി കുറച്ച് കാലത്തേക്ക് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പറ്റില്ല. ഇപ്പൊ ഈ സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ലായിരുന്നെങ്കിൽ ശരിക്കും വലിയ ഒരു നഷ്ട്ടം ആയേനെ എന്ന് പറഞ്ഞു.

ഞാന്‍ മൂന്ന് തവണ ഈ സിനിമ കണ്ടതാ എന്നാലും ഇവര്‍ ഇങ്ങനെ പറഞ്ഞപ്പോ വീണ്ടും കാണാന്‍ തീരുമാനിച്ചു. ‘അഞ്ചാം പാതിരാ’.

Read More:റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിരാ. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.

പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേ ഇല്ല: സുപ്രിം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നു. 144 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയെത്തിയത്. അതേസമയം കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന.

മൊത്തം 144 ഹർജികളാണ് സുപ്രിം കോടതിക്ക് ലഭിച്ചത്. അതിൽ 60 ഹർജികൾ ഇന്ന് പരിഗണിക്കും. 84 ഹർജികൾക്ക് നാലാഴ്ചത്തെ സമയം കോടതി ആവശ്യപ്പെട്ടു.

അറ്റോണി ജനറലിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം സുപ്രിം കോടതി നൽകിയതായി സൂചന. അസാം വിഷയത്തിൽ പ്രത്യേക വിധി കേൾക്കുന്നതിനായും സുപ്രിം കോടതി അനുമതി നൽകി.

അതോടൊപ്പം ഹൈക്കോടതികൾ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കേണ്ടതില്ലെന്നും സുപ്രിം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി കേൾക്കുന്നത്.

സ്ഥിരമായി ഹോട്ടലിൽ എത്തുന്ന അതിഥി; രസകരം ഈ വീഡിയോ

ആനകമ്പത്തിന്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. അതുപോലെ കുസൃതികാട്ടുന്ന ആനയുടെ വീഡിയോകളും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആനയുടെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഉത്സവപ്പറമ്പിലെ പൂരകാഴ്ചകൾക്കൊപ്പം താളമിടുന്ന ആനയുടെ വീഡിയോയും വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ് ഒരു കാട്ടാന. ശ്രീലങ്കയിലെ ജെറ്റ്‌വിങ് യാല ഹോട്ടലിൽ സ്ഥിരമായി എത്തുന്ന അതിഥിയാണ് നാട്ടാ കോട്ടാ എന്ന് വിളിപ്പേരുള്ള ആന. ദിവസവും ഹോട്ടലിൽ എത്തുന്ന നാട്ടാ കോട്ടാ ഹോട്ടലിനകത്ത് കയറി അവിടെ മുഴുവൻ ചുറ്റിനടന്ന ശേഷമാണ് തിരികെ പോകുന്നത്.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഈ ഹോട്ടലിലെ ജീവനക്കാർക്ക് സ്ഥിരം കാഴ്ചയാണ് നാട്ടാ കോട്ട. എന്നാൽ അവിടെയെത്തുന്ന വിനോദസഞ്ചാരികൾ ആനയെക്കണ്ട് ഭയപെടാറുണ്ടായിരുന്നു. എന്നാൽ ആനയെ കാണുന്നതിനായി ഹോട്ടലിൽ എത്തുന്നവരും ഇപ്പോൾ ധാരാളമാണെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.

Read also: റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ആറു മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. അതോടൊപ്പം ആനയുടെ പേരിന് പിന്നിലെ കഥയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നാട്ടാ കോട്ട എന്ന പേരിന്റെ അർഥം മുറിവാലൻ എന്നാണ്. ഒരു അപകടത്തിൽപെട്ട് ആനയുടെ വാലിന്റെ അറ്റം മുറിഞ്ഞുപോയിരുന്നു. ഇതോടെയാണ് ഹോട്ടൽ ജീവനക്കാർ ആനയെ നാട്ടാ കോട്ട എന്ന് വിളിക്കാൻ തുടങ്ങിയത്.

Get to know Natta Kota

A glimpse into the life of Natta Kota, our favourite resident! 🐘

Posted by Jetwing Hotels on Sunday, 1 September 2019

കെ എസ് ആർ ടി സിയിൽ ഓടിക്കയറുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് ജനങ്ങൾ; മഞ്ജു വാര്യരുടെ രസകരമായ വീഡിയോ

ഏറെക്കാലം മലയാളികൾ കാത്തിരുന്ന ഒരു തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. വെറും മൂന്നു വർഷം മാത്രം മലയാള സിനിമ ലോകത്ത് സജീവമായി നിന്ന മഞ്ജു തിരിച്ചുവരവിലും വിസ്മയിപ്പിക്കുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലാണ് മഞ്ജു വാര്യർ തിരിച്ചു വരവിൽ ഭാഗമായത്.

ഇപ്പോൾ ‘ചതുർമുഖം’ എന്ന ഹൊറർ ത്രില്ലറിലാണ് മഞ്ജു അഭിനയിക്കുന്നത്. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിൽ വളരെ ചെറുപ്പം തോന്നുന്ന ലുക്കിലാണ് മഞ്ജു എത്തുന്നത്. ‘ചതുർമുഖം’ സെറ്റിൽ നിന്നുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

ഇപ്പോൾ ഒരു വീഡിയോ ആണ് തരംഗമാകുന്നത്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കൂടി ഹെഡ്സെറ്റും വെച്ച് ഒരു പെൺകുട്ടി ഓടി വരികയാണ്. ഓടിവന്നു കെ എസ് ആർ ടി സി ബസിലേക്ക് ചാടി കയറുന്നുമുണ്ട്. ആദ്യം ഒന്ന് പകച്ചെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോളാണ് ഇത് മഞ്ജു വാര്യർ ആണെന്ന് ജനങ്ങൾക്ക് മനസിലായത്. വളരെ ചുറുചുറുക്കോടെ ഓടിയെത്തുന്ന മഞ്ജു വാര്യരുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Read More:‘ചതുർമുഖം’ ലുക്കിൽ മഞ്ജു വാര്യർ

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

പ്രളയം തകർത്തെറിഞ്ഞ കേരളക്കരയുടെ പുനർനിർമ്മാണത്തിനായി 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ. 1805 കോടിയിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 300 കോടി മരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായും, 488 കോടി എട്ടു ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണത്തിനായും, 30 കോടി രൂപ ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെയുള്ള പാലത്തിനായും നൽകാൻ തീരുമാനമായി. 20.8 കോടി രൂപ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്‌നോളജി പ്രയോജനപ്പെടുത്താനായും ഉപയോഗിക്കാനാണ് നിർദ്ദേശം.

കണ്ടൽക്കാടുകളുടെ സംരക്ഷണം, വനത്തിൽനിന്ന് ആളുകളെ മാറ്റിപാർപ്പിക്കുക, വനാതിർത്തിക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുക എന്നിവയ്ക്കായി 130 കോടി രൂപ. കുടുംബശ്രീയുടെ ഭാഗമായി ജീവനോപാധി പരിപാടികൾ നടപ്പാക്കുന്നതിന് 250 കോടി ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റ്  മാറ്റുന്നതിനും 350 കോടി എന്നിങ്ങനെയുമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് നിർദേശങ്ങളും കഴിഞ്ഞ ദിവസവും ചേർന്ന ഉപദേശക സമിതിയിൽ ചർച്ച ചെയ്തിട്ടുണ്ട്.