മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരു കാലഘട്ടം പുനഃസൃഷ്ടിച്ച് ‘കായംകുളം കൊച്ചുണ്ണി’; ലാലേട്ടനും നിവിൻ പോളിയും നേർക്കുനേർ വരുന്ന ചിത്രം ഉടൻ..അക്ഷമരായി ആരാധകർ

July 3, 2018


നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂർത്തിയായി. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.  മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത നൂതന ആശയമാണ് കൊച്ചുണ്ണി ടീം പരീക്ഷിച്ച് വിജയം നേടിയത്. പ്രൊവിസ് എന്ന നൂതന ആശയം വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങളിൽ  ദീര്‍ഘമായ ഒരു കാലയളവ് ചിത്രീകരണത്തിന് വേണ്ടിയോ, ഒരു കാലഘട്ടം തന്നെ പുനഃസൃഷ്ടിക്കേണ്ടി വരുന്ന സിനിമകൾക്കോ മാത്രമാണ് ഈ ആശയം ഉപയോഗിക്കുന്നത്. ചിത്രത്തിലെ ഓരോ ചെറിയ ചലനങ്ങള്‍ പോലും കൃത്യമായി ചര്‍ച്ച ചെയ്ത് അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക എന്നതൊക്കെ ഈ പുതിയ ആശയത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങളാണ്.

ഷൂട്ടിങ്ങിനെക്കുറിച്ചുള്ള വ്യക്തമായ ധാരണക്കൊപ്പം , മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നുള്ള കാര്യങ്ങള്‍ തുടങ്ങി ആദ്യത്തെ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ പുതിയ പരിപാടിയിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയെടുത്തു. 165 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹായിച്ചത് ഈ നൂതന ആശയമാണ്.

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ  മോഹൻലാൽ  എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ  കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.