‘ലൗ ആക്ഷൻ ഡ്രാമ’യുമായി ധ്യാൻ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശിനെയും ശോഭയേയും വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനുറച്ച്, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന  ‘ലൗ ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ താരങ്ങളുടെ അടിപൊളി ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ.  ലൗ ആക്ഷൻ ഡ്രാമ’ ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ്. സംവിധായകനായ ധ്യാനിനൊപ്പം ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ നിവിൻ പോളി, നയൻ താര, അജു വർഗീസ്, തുടങ്ങിയവർ ചേർന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  കഥാപാത്രങ്ങളായിരുന്നു  ദിനേശനും ശോഭയും. ലൗ ആക്ഷൻ ഡ്രാമയിലൂടെ  ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് ധ്യാനും ടീമും. ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിൻ പോളിയും നയൻ താരയുമാണ്. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആഴ്ച ആയിരുന്നു. സിനിമയിൽ നിവിൻ പോളിക്കും നയൻ താരയ്‌ക്കുമൊപ്പം ഉറുവശിയും അജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നേരത്തെ തുടങ്ങാനിരുന്ന ചിത്രം താരങ്ങളുടെ തിരക്കുകൾ കാരണമാണ് നീട്ടിവെച്ചത്. റോഷൻ ആൻഡ്രൂസ് ചിത്രമായ കായം കുളം കൊച്ചുണ്ണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നിവിൻ അടുത്തു തന്നെ ‘ദിനേശ’നായി മാറുമെന്ന് നടൻ അജു വർഗീസ് നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങൾക്ക്  അച്ഛന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകൾ നൽകിയ ധ്യാൻ ശ്രീനിവാസൻ ഇനിയുമേറെ കൗതുകങ്ങൾ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.