പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ കുഞ്ഞിക്ക; ആശംസകളുമായി ആരാധകർ..

July 14, 2018

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ  ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ദുൽഖറിനെ കാത്തിരുന്നത് നിരവധി ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ‘കർവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ആരാധകരുടെയും ഇഷ്ട താരമായി മാറിയിരിക്കുകയാണ് താരപുത്രൻ ദുൽഖർ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാന് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാൾ. സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി ആളുകളാണ് മലയാളത്തിന്റെ കുഞ്ഞിക്കായ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

ബോളിവുഡിൽ ദുൽഖർ അരങ്ങേറ്റം കുറിച്ച കർവാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് ഖുരാനയാണ് താരത്തിന് ആദ്യ പിറന്നാൾ സമ്മാനം നൽകിയത്.  കർവാൻ എന്ന സിനിമയിൽ താരങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിലെ ബ്ലൂ വാനും. കാരണം ചിത്രത്തിന്റെ കൂടുതൽ സമയവും താരങ്ങൾ ചിലവഴിക്കുന്നത് ഈ വാനിനുള്ളിലാണ്. ഈ ചിത്രത്തിലൂടെ ദുൽഖറിന് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ ഈ വാനാണ് ആഷിഖ് ഖുരാന പിറന്നാൾ സമ്മാനമായി ദുൽഖറിന്  നൽകിയത്. ദുൽഖറിന് വാഹനങ്ങളോടുള്ള താൽപര്യം കണക്കിലെടുത്തതാണ് ഈ സമ്മാനം നൽകുന്നതെന്നാണ് ഖുറാന പറഞ്ഞത്.

‘കർവാനി’ൽ  കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനോപ്പം ഇർഫാൻ ഖാൻ  മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ ബാംഗ്ളൂർ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.

പെർമെനന്റ്, റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ.  അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ  ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.