പുതിയ പോസ്റ്ററുകൾ പങ്കുവെച്ച് കൊച്ചുണ്ണി ടീം….ആവേശത്തോടെ ആരാധകർ

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്ററുകൾ പുറത്തുവിട്ടു. ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം നിവിൻ പോളിയുടെയും മോഹൻലാലിന്റേയും വേഷപ്പകർച്ചകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായികയായി എത്തുന്ന പ്രിയ ആനന്ദിന്റെയും കൊച്ചുണ്ണിയുടെയും പോസ്റ്ററുകളാണ് സംവിധായകൻ പുറത്തിവിട്ടിരിക്കുന്നത്.

കളരി ഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈന്‍ ടോമും, ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്‌നുമുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരിക്കുകയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായ്  വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ്  കായംകുളം  കൊച്ചുണ്ണി. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

‘സ്കൂൾ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, ഷൈൻ ടോം, സണ്ണി വെയ്ൻ, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ  മോഹൻലാൽ  എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ  കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.