‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ സിംപിളായി പ്രണവ് മോഹൻലാൽ

July 10, 2018

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച ചിത്രത്തിൽ പുതിയ ലുക്കിൽ താരം എത്തുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽഎത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത് . അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.

കെ മധു സംവിധാനം ചെയ്ത  ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സാഗർ ഏലിയാസ് ജാക്കി എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. മുപ്പത്തതൊന്ന് വർഷങ്ങൾക്ക് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രണവ് വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

പ്രണവ് നായകനായി അരങ്ങേറിയ ‘ആദി’ പോയ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ എന്ത് അത്ഭുതമാണ് കാണികൾക്കായി കരുതിവെക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.