ഇങ്ങനെയാണ് രൺബീർ സഞ്ജു ആയത്; വേഷപ്പകർച്ചയുടെ അവിശ്വസനീയ വീഡിയോ കാണാം..

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച പുതിയ ചിത്രം ‘സഞ്ജു’വിന്റെ മേക്കിങ് വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായെത്തുന്നത്. രൺബീർ കപൂറിന്റെ സഞ്ജയ് ദത്തിലേക്കുളള വേഷപ്പകർച്ചയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സഞ്ജയ് ദത്തിന്റെ കൗമാരം മുതൽ ജയിൽ വാസം വരെയുള്ള കഥായാണ് ചിത്രത്തിന്റ പ്രമേയം. ചിത്രത്തിൽ രൺബീറിന്റെ സഞ്ജുവിലേക്കുള്ള മാറ്റം ഏറെ പ്രശംസ നേടിയ സാഹചര്യത്തിൽ രൺബീറിനെ സഞ്ജുവാക്കിയ അണിയറ പ്രവർത്തകരുടെ വീഡിയോ കാണാം.

ലഹരിയും അധോലോകബന്ധവും ജയില്‍വാസവും തിരിച്ചുവരവുമെല്ലാം ബോളിവുഡിന്റെ പ്രിയങ്കരനായ സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങളാണ്. ഇവയെല്ലാം വെള്ളിത്തിരയിൽ കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. താരത്തിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. താരത്തിന്റെ ശരീരഭാഷയും മേക്ക് ഓവറുമെല്ലാം വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

സോനം കപൂര്‍, അനുഷ്‌കാ ശര്‍മ, മനീഷാ കൊയ്രാള, പരേഷ് റാവല്‍ തുടങ്ങിയവരാണ്ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്