മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി റഹ്മാൻ; രണ്ടാമൂഴത്തിന്റെ വിശേഷങ്ങൾ അറിയാം..

August 5, 2018

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ വിശേഷങ്ങളുമായി  ഏ ആർ റഹ്മാൻ. ‘യോദ്ധ’യ്ക്കു ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് റഹ്മാന്റേത്. ‘രണ്ടാമൂഴം’ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.  എം ഡി വാസുദേവൻ തിരക്കഥയൊരുക്കുന്ന ചിത്രം ഏകദേശം 1000 കോടി ബഡ്ജറ്റിലായിരിക്കും ചിത്രീകരിക്കുക.

മോഹൻലാലിന് പുറമെ നിരവധി ഹോളിവുഡ് ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നും സൂചനകളുണ്ട്. മലയാളം   തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പിന്നീട് മറ്റ് ലോകഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമെന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2020 ഓടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണായും, സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനുമാണ്.

ഒടിയനിലെ മാണിക്യം എന്ന കഥാപാത്രത്തിൽ നിന്നും രണ്ടാമൂഴത്തിലെ ഭീമസേനനിലേക്കുള്ള മോഹൻലാലിൻറെ മാറ്റം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ ഷെട്ടി അറിയിച്ചു. ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ആയിരം കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രമെന്നും ഷെട്ടി ട്വിറ്ററിൽ കുറിച്ചു.