പൂച്ചകളെ സ്നേഹിക്കുന്നവർക്കായി ഒരു മ്യൂസിയം; വീഡിയോ കാണാം…

പൂച്ചകളെ സ്നേഹിക്കുന്നവർക്ക് മാത്രമായി ഒരു മ്യൂസിയം. ഞെട്ടണ്ട സംഗതി സത്യമാണ്. അങ്ങ്  ആംസ്റ്റര്‍ഡാമിലാണ്ഈ വ്യത്യസ്തമായ പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെന്ന് മാത്രം. പൂച്ചകളെ വളരെയധികം ഇഷ്ടപെടുന്ന ബോബ് മേജർ ആണ്  ഈ പൂച്ച മ്യൂസിയത്തിന്റെ സ്ഥാപകൻ. കുട്ടിക്കാലത്ത് തനിക്കൊപ്പമുണ്ടായിരുന്ന, താൻ വളരെയധികം സ്നേഹിച്ചിരുന്ന പൂച്ച കുട്ടിയുടെ ഓർമ്മയ്ക്കായാണ് ബോബ് ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ജോണ്‍ പെര്‍പണ്ട് മോര്‍ഗന്‍ എന്നായിരുന്നു ബോബിന്റെ ഉറ്റ സുഹൃത്തായിരുന്ന പൂച്ചകുട്ടിയുടെ പേര്.

മോർഗന്റെ ഒരുപാട് ചിത്രങ്ങൾ ഈ മ്യൂസിയത്തിലുണ്ട്. അതോടൊപ്പം പൂച്ചകളുടെ ചിത്രങ്ങൾ, ശില്പങ്ങൾ, സിനിമകൾ, പുസ്തകങ്ങൾ തുടങ്ങി പൂച്ചകളുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളും ഈ മ്യൂസിയത്തിലുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ടെനിയെര്‍ എന്ന കലാകാരൻ വരച്ച പൂച്ചയുടെ പെയിന്റിങ് മുതൽ, പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ആർട്ടിസ്റ്റുകൾ തയാറാക്കിയ നിരവധി പഴയതും പുതിയതുമായ പൂച്ചയുടെ പെയിന്റിങ്ങുകളും മ്യൂസിയത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.

‘പൂച്ചകൾ യജമാനന്മാരെ പൂർണ്ണമായും അനുസരിക്കാറില്ലെന്നും അതുപോലെ തന്നെയാണ് കലാകാരന്മാർ, അവരും ആരെയും അനുസരിക്കാറില്ലെന്നും, അതിനാൽ കലാകാരന്മാർക്ക് നായകളേക്കാൾ ഇഷ്ട പൂച്ചകളോടാണ് താത്പര്യമെന്നും ബോബ് മേജർ അഭിപ്രായപ്പെടുന്നു. 1990 മുതൽ നിരവധി ആളുകൾ ഈ മ്യൂസിയത്തിൽ സന്ദർശനത്തിനായി എത്താറുണ്ട്. പലരും തങ്ങളുടെ പൂച്ചകളെക്കുറിച്ചുള്ള മനോഹരമായ അനുഭവങ്ങളും ഈ മ്യൂസിയത്തിലെ ബുക്കുകളിൽ കുറിച്ചിടാറുണ്ട്.