വൈറലായി ‘കായംകുളം കൊച്ചുണ്ണി’യുടെ സാൻഡ് ആർട്ട് ട്രെയ്‌ലർ..

October 9, 2018

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി  ഒക്ടോബർ 11 നാണ്. പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രത്തിന്റെ സാൻഡ് ആർട്ട് ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഉദയൻ എടപ്പാള്‍ ആണ് സാൻഡ് ആര്‍ട് ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും പോസ്റ്ററുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ  പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ചിത്രത്തിലെ ഗാനവും ദിവസങ്ങൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

‘സ്കൂൾ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, ഷൈൻ ടോം ചാക്കോ,  എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.