‘ഇട്ടിമാണി’യാകാൻ ഒരുങ്ങി ലാലേട്ടൻ; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

മോഹൻലാൽ എന്ന അതുല്യ നടന്റെ ജീവിതത്തിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വർഷമായിരുന്നു 2018..കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റിന് ശേഷം അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രഞ്ജിത്തിന്‍റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്‍റെ ഒടിയന്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍..

അതേസമയം മറ്റൊരു പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവെക്കുന്നത്. ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മറ്റ് ആശിര്‍വാദ് ചിത്രങ്ങളെപ്പോലെ മാക്സ്‍ലാബ് വഴിയാണ് റിലീസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

മോഹൻലാലിന്റേതായി പുറത്തുവരാനുള്ള പുതിയചിത്രമായ ഡ്രാമ നവംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. ലണ്ടനില്‍ ചിത്രീകരിച്ച സിനിമ, ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ്. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍  കഥാപാത്രങ്ങളായെത്തുന്നത്.