സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗായികയെ സിനിമയിൽ പാടിക്കാൻ ആഗ്രഹിച്ച് നാദിർഷാ…

October 30, 2018

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഗായികയെ കാത്തിരിക്കുന്നത് വലിയ അവസരം. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച കലാകാരൻ നാദിർഷായുടെ അടുത്ത ചിത്രത്തിൽ പാടാനുള്ള അവസരമാണ് ഈ ഗായികയെത്തേടിയെത്തിയത്.

‘വിജനതയിൽ..’  എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ ശാന്ത ബാബു എന്ന യുവതിയാണ് ഇപ്പോൾ താരമായിരിക്കുന്നത്. ജോലിസ്ഥലത്തിരുന്ന് പാടിയ ശാന്തയുടെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

വളരെ മനോഹരമായ ഇവരുടെ സംഗീതം കേട്ട നാദിർഷാ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്ത്. അതോടൊപ്പം തന്റെ അടുത്ത സിനിമയിൽ ഈ ഗായികയെക്കൊണ്ട് പാടിക്കാൻ താത്പര്യമുണ്ടെന്നും നാദിർഷാ കുറിച്ചു.

നാദിർഷായുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി  രംഗത്തെത്തിയത്.

അതേസമയം മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന ഈ ഗായികയുടെ പാട്ടും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനായെത്തിയ ‘തീവണ്ടി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ശാന്തയുടെ ‘ജീവാംശമായ്…’എന്ന ഗാനത്തിനും സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിച്ചിരുന്നു. നിരവധി പേരാണ് ശാന്തയുടെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ശാന്തയുടെ ആലാപനത്തിന് ലഭിക്കുന്നത്.