അടിപൊളിയായി അപ്പാനി ശരത്; ‘കോണ്ടസ’യുടെ മേക്കിങ് വീഡിയോ കാണാം..

November 22, 2018

അപ്പാനി ശരത് നായകനായി എത്തുന്ന പുതിയ ചിത്രം കോണ്ടസയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് ആദ്യമായി നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് കോണ്ടസ.

ഇ എസ് സുധീപ് സംവിധാനം ചെയ്യുന്ന ചിത്രം സിപ്പി ക്രിയേറ്റിവ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സുഭാഷ് സിപ്പി നിർമിക്കുന്നതാണ്. റിയാസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ അപ്പാനി ശരത്തിനൊപ്പം സീനിൽ സൈനുദീനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ഗാനങ്ങൾക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കോണ്ടസയ്‌ക്കൊപ്പം മറ്റ് ഏഴ് സിനിമകൾ കൂടി നാളെ റിലീസ് ചെയ്യും. അനുശ്രീ നായികയായി എത്തുന്ന ഓട്ടർഷ, 369, ഒറ്റയ്ക്കൊരു കാമുകൻ, മാധവീയം, ഇപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ, സമക്ഷം, പാപ്പാസി എന്നിവയാണ് നാളെ തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന മലയാളം ചിത്രങ്ങൾ.