‘ഒരു നട്ടപ്പാതിരക്ക് കുമ്പളങ്ങിയില്‍’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ അണിയറവീഡിയോ

February 17, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു അണിയറവീഡിയോ. സിനിമയിലെ സുമേഷിന്റെ കല്യാണദിവസം എല്ലാവരും ചേര്‍ന്ന് നാടന്‍പാട്ട് ആലപിക്കുന്ന രംഗമുണ്ടായിരുന്നു. ഈ പാട്ടിന്‌ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമൊക്കെ ചുവടുവെയ്ക്കുന്ന രസകരമായ വീഡിയോയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.