പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ‘അഡാർ ലൗ’വിലെ ഗാനം; മണിച്ചേട്ടന്റെ ഓർമ്മയിൽ ആരാധകർ

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് അഡാർ ലൗ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ക്‌ളൈമാക്‌സ് മാറ്റി ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാർ ലൗവിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഗാനം. ഗാനം. ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രിയ വാര്യരും റോഷനുമാണ് നായിക നായകൻമാരായെത്തുന്നത്. നൂറിന്‍ ഷെറീഫ്, വൈശാഖ് പവനന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‍മാൻ, സത്യജിത്ത്, നീതു നടുവതേറ്റ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി…’എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് ചിത്രത്തെ രാജ്യാന്തര തലത്തിൽ വരെ ജനപ്രിയമാക്കിയത്.