ആകാംഷ നിറച്ച് വിജയ് സേതുപതിയും ഫഹദും; ‘സൂപ്പർ ഡീലക്സ്’ ട്രെയ്‌ലർ കാണാം..

വിത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരങ്ങളാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ഇരുവരും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിലുള്ള ആരാധകരുടെ ആകാംഷ വാനോളമാണ്.. വിജയ് സേതുപതി നായകനായെത്തുന്ന സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഈ പ്രതീക്ഷ വാനോളമുയർത്തുന്നുണ്ട്.

തമിഴിലെ നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. സാമന്തയാണ് ചിത്രത്തിലെ നായിക. ഇതിനു പുറമെ രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാണ്. ശില്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ  ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ത്യാഗരാജൻ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിജയ് സേതുപതി തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ‘സുന്ദര പാണ്ഡ്യന്‍’, ‘പിസ്സ’, ‘നാനു റൗഡി താന്‍’, ‘സേതുപതി’, ‘ധര്‍മ ദുരെ’, ‘വിക്രം വേദ’ തുടങ്ങിയവയാണ് വിജയ് സേതുപതിയുടെ പ്രധാന ചിത്രങ്ങള്‍. അഭിനയ മികവു കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിലും താരം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍