അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും..വാമോസ് അര്‍ജന്റീന! യുട്യൂബിൽ തരംഗമായി മെസ്സിക്ക് വേണ്ടിയുള്ള ഗാനം

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ പുതിയ ഗാനം പുറത്തിറങ്ങി. അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്കായി ഒരുക്കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!’ എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവറും ഗാനത്തിൽ കേള്‍ക്കാം. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച വീഡിയോ യുട്യൂബിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം കാളിദാസിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം മലയാളത്തിൽ നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാലോകം.