വെള്ളിത്തിരയില്‍ ചിരിമയം തീര്‍ക്കാന്‍ ‘ഒരു യമണ്ടന്‍ പ്രേമകഥ’

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് തീയതിയും അടുത്തിടെ  പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 25 ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് നര്‍മ്മമൂഹൂര്‍ത്തങ്ങള്‍ ഈ ചിത്രം സമ്മനിക്കുമെന്ന പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നതും. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റര്‍. ‘നിങ്ങളെ രസിപ്പിക്കാന്‍ ലല്ലുവും കൂട്ടരും ഏപ്രില്‍ മുതല്‍ എത്തുന്നു’ എന്ന ക്യാപ്ഷനോടു കൂടിയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more:ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ സോളോ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് സോളോയുടെ സംവിധായകന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.