‘സുന്ദരി കണ്ണാളൊരു…’; നിത്യഹരിത പ്രണയ ഗാനത്തിന് വയലിന്‍ സംഗീതമൊരുക്കി ഗോവിന്ദ് വസന്ത; വീഡിയോ

April 30, 2019

എക്കാലത്തും വയലിനില്‍ തീര്‍ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന്‍ വയലിന്‍ സംഗീതത്തിനാവും. പല വികാരങ്ങളെയും ഭാവാര്‍ദ്രമായി അവതരിപ്പിക്കാനും വയലിന്‍ സംഗീതത്തിന് നന്നായി അറിയാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മനോഹരമായൊരു വയലിന്‍ സംഗീതം. ഗോവിന്ദ് വസന്തയാണ് ഈ വയലിന്‍ സംഗീതത്തിന് പിന്നില്‍. ഭാഷാ ഭേദമന്യേ പ്രേക്ഷകര്‍ എക്കാലത്തും നെഞ്ചിലേറ്റുന്ന ‘സുന്ദരി കണ്ണാളൊരു സേതി…’ എന്ന സുന്ദര ഗാനത്തിനാണ് ഗോവിന്ദ് വസന്തയുടെ അതിമനോഹരമായ വയലിന്‍ സംഗീതം.

ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട മനോഹര പ്രണയഗാനങ്ങളില്‍ ഒന്നാണ് ‘സുന്ദരി കണ്ണാളൊരു സേതി…’. ദളപതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇഷയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും എസ് ജാനകിയുടെയും ആലാപന മാധുര്യവും ഈ ഗാനത്തെ പ്രണയ ഭാവത്തിന്റെ മറ്റൊരു തലത്തിലേക്ക് ആസ്വാക ഹൃദയങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നു.

ഗാനത്തിന്റെ അനുപല്ലവിയായ ‘വായ് മെഴിഞ്ഞ വാര്‍ത്തൈ ആകും…’ എന്നു തുടങ്ങുന്ന വരികളാണ് ഗോവിന്ദ് അതിമനോഹരമായി വയലിന്‍ വായിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഈ വയലിന്‍ സംഗീതം മികച്ചു നില്‍ക്കുന്നു. ഗോവിന്ദ് തന്നെയാണ് ഈ മാസ്മരിക വയലിന്‍ സംഗീതം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചതും. മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് ഗാന വിരുന്നിന്. നിരവധി പേര്‍ ഗോവിന്ദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നു. അനവധി പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Read more:ക്യൂട്ട് ലുക്കില്‍ അസിന്റെ കുഞ്ഞുമാലാഖ; ഫ്രീക്കെന്ന് സോഷ്യല്‍മീഡിയ

അടുത്തിടെ ’96’ എന്ന സിനിമയിലെ ലൈഫ് ഓഫ് റാം എന്ന ഗാനത്തിനും ഗോവിന്ദ് വയലിന്‍ സംഗീതം ഒരുക്കിയിരുന്നു. ‘മരങ്ങള്‍ക്കിടയില്‍ റാമിന്റെ ജീവിതം’ എന്ന ക്യാപ്ഷനോടെ ഗോവിന്ദ് വസന്ത തന്നെയാണ് മനോഹരമായ ഈ വയലിന്‍ സംഗീതം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതും

സംഗീത സംവിധായകനും വയലിനിസ്റ്റും ഗായകനുമായെല്ലാം തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗോവിന്ദ് വസന്ത. 96 എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് അഭിനന്ദനങ്ങളുടെ ഒരു പ്രവാഹംതന്നെ ഗോവിന്ദ് വസന്തയെ തേടിയെത്തിയിരുന്നു. തൈക്കുടം ബ്രിഡിജ് എന്ന മ്യൂസിക് ബാന്റിലൂടെ കേരളത്തിന് സുപരിചിതനാണ് ഗോവിന്ദ് വസന്ത.