‘ഉണ്ട’യുടെ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം..

May 16, 2019

മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. വ്യത്യസ്ഥ കഥാപാത്രങ്ങളായി മലയാള സിനിമയിൽ തിളങ്ങിയ താരത്തിന്റെ പോലീസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..അതിൽ ഏറ്റവും ശ്രദ്ധനേടിയത് ഒരു പോലീസ് വാഹനത്തിന് ചുറ്റും നിന്ന് പോലീസ് വാഹനം തള്ളുന്ന പോലീസുകാരുടെ ചിത്രമാണ്. അതിൽ വാഹനത്തിന്റെ പുറകിൽ ഒരാൾ മാത്രം ഭക്ഷണം കൊഴിച്ചുകൊണ്ടുനിൽകുന്നത് ആരാധകരിൽ ഏറെ കൗതുകമുണർത്തിയിരുന്നു. ആ ചിത്രം ഏറ്റെടുത്ത് നിരവധി പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ഇത്തരത്തിൽ ഒരു സുഹൃത്ത് നമുക്കെല്ലാവർക്കും കാണുമെന്നാണ് ആരാധകരുടെയും അഭിപ്രായം.

ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം ചിത്രത്തിന്റെ വരവറിയിച്ചുകൊണ്ട് എട്ട് പോലീസുകാരുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്..

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ എസ് ഐ മണിയായാണ് മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ. ‘പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവർ ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് മമ്മൂട്ടി ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read also: ഇത് പ്രണയത്തിന്റെ പശ്ചാത്തലമില്ലാതെ പറയാൻ സാധ്യമല്ലാത്ത കഥ; ഇഷ്കിനെക്കുറിച്ച് സംവിധായകൻ

മുളയൂരിലെ കാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടന്നത്.
ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗൽ’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കരസ്ഥമാക്കിയ താരമാണ് ശ്യാം കൗശൽ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. ചിത്രം ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും.