‘നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും’; ഇൻബോക്സിലെ ഭീഷണി സന്ദേശങ്ങളോട് നന്ദി പറഞ്ഞ് ഷൈൻ ടോം

ആരെയും പിടിച്ചിരുത്തുന്ന മനോഹര പ്രണയത്തിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞുതുടങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ മനം  കീഴടക്കിയ വില്ലനായി മാറിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. മലയാളികളുടെ പ്രിയപുത്രൻ ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ ചിത്രീകരിച്ച ഇഷ്‌ക് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

ചിത്രത്തിലെ ഷെയ്ൻ നിഗത്തിന്റെ സച്ചിക്കൊപ്പം തന്നെ പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് നെഗറ്റീവ് കഥാപാത്രമായ ആല്‍വിനും. എന്നാൽ തനിക്ക് ലഭിക്കുന്ന പ്രശംസകൾ വേറിട്ട തരത്തിലുള്ളതാണെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷൈന്‍ ടോം അറിയിച്ചു. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതുകൊണ്ടാണ് തന്റെ ഇൻബോക്സിൽ ഭീഷണി സന്ദേശങ്ങൾ എത്തുന്നതെന്നും, നേരിൽ കണ്ടാൽ കയ്യും കാലും വരെ തല്ലിയൊടിക്കുമെന്ന് ആരാധകർ പറയുന്നത് കേൾക്കുബോൾ സന്തോഷം ലഭിക്കുന്നുവെന്നും ഷൈൻ അറിയിച്ചു.

പലരും  അനുഭവിക്കുന്ന എന്നാൽ പറയാൻ മടിക്കുന്ന ചില സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായാണ് താരം വേഷമിടുന്നത്.  പ്രണയത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യങ്ങളാണ്ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സച്ചി എന്ന ചെറുപ്പക്കാരൻ സമൂഹത്തിലെ എല്ലാ കാമുകന്മാരുടെയും പ്രതിരൂപമായി ചിത്രത്തിൽ എത്തുന്നു. ഒപ്പം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോൽക്കുന്ന സദാചാര ഗുണ്ടയിസം എന്ന മലയാളികളുടെ വികാരത്തെ അതിന്റെ തീവ്രതയിൽ കാണിക്കാൻ ഷൈൻ ടോമിനും സാധിച്ചതിനാലാവാം മലയാളികൾ ഇത്രയധികം അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഏറ്റെടുത്തതും.

Read also: ഉയരങ്ങൾ കീഴടക്കാൻ ജെസ്സീക്കയ്ക്ക് കൈകൾ വേണ്ട; ആത്മവിശ്വാസം പകർന്ന് ഒരു പൈലറ്റ്

ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിച്ച സദാചാര ഗുണ്ടായിസവും, മറ്റ് സമൂഹ്യ വിഷയങ്ങളും കാഴ്ച്ചക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നുതന്നെ വേണം പറയാൻ. പ്രണയത്തിനൊപ്പമുണ്ടാകുന്ന പൊസസീവ്‌നെസ്, ഈഗോ എന്നിവയെകുറിച്ചൊക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ലിയോണ ലിഷോയ്, മാല പാർവതി, ജാഫർ ഇടുക്കി എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *