‘ബിഗ് ബ്രദറി’ല്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ഷര്‍ജാനോ ഖാലിദും

May 9, 2019

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ദിഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദും എത്തുന്നു. ‘ജൂണ്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷര്‍ജാനോ.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂണ്‍ 25 നായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

Read more:സായി പല്ലവിക്ക് പിറന്നാള്‍; ആശംസകളുമായി ചലച്ചിത്രലോകം

റെജീന കസാന്‍ഡ്ര, സത്‌നാ ടൈറ്റസ്, സിദ്ദിഖ്, ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, ടിനി ടോം, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992- ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തീയറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായെത്തിയ ‘ലൂസിഫര്‍’ എന്ന ചിത്രം. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുംന്പള്ളി എന്നാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.