അഭിമന്യുവിന്റെ ജീവിത കഥയുമായി ‘നാന്‍ പെറ്റ മകന്‍’; ഗാനം ശ്രദ്ധേയമാകുന്നു

May 13, 2019

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ ‘കൈതോല ചുറ്റും കെട്ടി കിഴക്കുന്നാരോ വന്നേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വട്ടവടയിലെ അഭിമന്യുവിന്റെ ജീവിതവും കലാലയത്തിലെ സൗഹൃദത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴപിരിയാത്ത വിധം കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട് ഈ ഗാനത്തില്‍. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം ഒന്നര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സഞ്ജയ് സതീഷ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നുണ്ടെന്നാണ് ആസ്വാദകര്‍ നല്‍കുന്ന കമന്റ്. അതേസമയം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ജീവിതം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഗാനം എന്നും പലരും അഭിപ്രായപ്പെടുന്നു.

Read more:പുതിയ മേക്ക് ഓവറില്‍ അമിതാഭ് ബച്ചന്‍; ‘ചെഹരേ’യുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. ഗാനരംഗത്തെ മിനോണിന്റെ അഭിനയത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. 2012 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മിനോണ്‍ നേടിയിട്ടുണ്ട്.

ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാരാജാസ് കോളേജിലും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.