‘അമ്പിളി’യുടെ ഡാന്‍സ് യുട്യൂബിലും സൂപ്പര്‍ഹിറ്റ്; ദിവസങ്ങള്‍ക്കൊണ്ട് 14 ലക്ഷത്തിലധികം കാഴ്ചക്കാര്‍

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു ‘അമ്പിളി’ എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം. ഈ മാസം 19 ന് പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകംതന്നെ പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടുകഴിഞ്ഞത്. വന്‍ വരവേല്‍പാണ് അമ്പിളിയുടെ ടീസറിന് യുട്യൂബില്‍ ലഭിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയതായി പുറത്തെത്തിയ ടീസറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

Read more:പ്രണയകാലത്തിന്‍റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി ‘വാര്‍ത്തകള്‍ ഇതുവരെ’ യിലെ ഗാനം

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു