ദിലീപ് നായകനായി ‘ജാക്ക് ഡാനിയല്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

July 27, 2019

മലയാളത്തിന്റെ ജനപ്രീയ താരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില് കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദിലീപാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ജാക്ക് ഡാനിയലിനുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പരിശീലിപ്പിക്കുന്ന പീറ്റര്‍ ഹെയ്‌ന്റെ വീഡിയോയും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതേസമയം 2007 ല്‍ തീയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം.  ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Read more:പാട്ടില്‍ മാത്രമല്ല ഡാന്‍സിലും മിടുക്കിയാണ് അനന്യക്കുട്ടി: വീഡിയോ

അതേസമയം ശുഭരാത്രി ആണ് ദിലീപ് നായകനായി വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതും. ‘ശുഭരാത്രി’ എന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.