അറിഞ്ഞിരിക്കാം വെളുത്തുള്ളിയുടെ ഗുണങ്ങള്‍

കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വെളുത്തുള്ളി. മിക്ക വീടുകളിലും വെളുത്തുള്ളി സ്ഥിരം സാന്നിധ്യമാണുതാനും . ഭക്ഷണങ്ങളില്‍ പലതിലും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിയുന്നവര്‍ ചുരുക്കമാണ്. നിരവധിയായ ആരോഗ്യ സവിശേഷതയുള്ള വെളുത്തുള്ളിയുടെ ചില ഗുണങ്ങളെ പരിചയപ്പെടാം.

ദഹനം സുഗമമാക്കുന്നതിന് ഏറെ സഹായകരമാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

വിറ്റാമിന്‍ ബി6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കറികളിലെല്ലാം ഒരല്പം വെളുത്തുള്ളി ചേര്‍ക്കുന്നത് രുചികരവും ഒപ്പം ആരോഗ്യകരവുമാണ്.

വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോള്‍ ശരീരത്തിലെ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നിയന്ത്രിക്കാനും സാധിക്കുന്നു. ചുമയ്ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഇനി മടിക്കാതെ ധൈര്യമായി വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കിക്കൊള്ളൂ…!

പായ്ക്കറ്റ് ഭക്ഷണം കഴിക്കും മുൻപ് അറിഞ്ഞിരിക്കാം ചില അപകടങ്ങൾ

എളുപ്പത്തിൽ തീൻ മേശകളിൽ സ്വാദിഷ്‌ടവും കളർഫുള്ളുമായ ഭക്ഷണ വിഭവങ്ങൾ എത്തുന്നുവെന്നതുതന്നെയാണ് റെഡി ടു ഈറ്റ്  ഇത്രയധികം ജനപ്രിയമാകുന്നത്. പലപ്പോഴും പാചകം ചെയ്യാനുള്ള മടിയും പുറത്ത് നിന്ന് ഭക്ഷണങ്ങൾ കഴിക്കാൻ കാരണമാകാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ വിഭവങ്ങളിൽ ചേർക്കുന്നതും നമ്മെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നു. എന്നാൽ ഇത്തരത്തിൽ പ്ലാസ്റ്റിക് കവറിങ്ങോടുകൂടി മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ചില അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. 

പലപ്പോഴും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതും കാണാറുണ്ട്. ഇവയിൽ ചേർക്കുന്ന രാസപദാർത്ഥങ്ങളും ചേരുവകകളും വലിയ അപകടമാണ്. വലിയ അളവുകളിൽ ഇവയിൽ മണത്തിനും രുചിക്കുമൊക്കെയായി ചേർക്കപ്പെടുന്ന പ്രിസർവേറ്റീവുകൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

സന്ധിരോഗങ്ങൾ, യൂറിക് ആസിഡ് വർധന, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഇവ കാരണമാകും. അതുപോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം,വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള സോഡിയത്തിന്റെ അളവ് കാരണമാകുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ മധുരം ചേർക്കാറുണ്ട്. ഇത് ഫാറ്റി ലിവർ, പ്രമേഹം അമിതവണ്ണം എന്നിവയ്ക്കും കാരണമാകും.  മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജങ്ക് ഫുഡ് ശീലമാക്കുന്നത് പുകവലിയേക്കാൾ മാരകമാണെന്നും പഠനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

മീന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ കുറച്ചെങ്കിലും മീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മീനിലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. മനുഷ്യ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് മീനിലൂടെയാണ് പ്രധാനമായും മനുഷ്യ ശരീരത്തിന് ലഭിക്കുന്നത്. ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം ഗുണകരമാണ് ഒമേഗ 3 ഫാറ്റി ആസിഡ്.

കാന്‍സറിനെ പ്രതിരോധിക്കാന്‍ വരെ ശക്തിയുണ്ട് ചില മത്സ്യങ്ങള്‍ക്ക്. ചെറു മീനുകളില്‍ കാല്‍സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും മീനുകള്‍ കഴിക്കുന്നത് ഗുണകരമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ മീന്‍ കഴിക്കാത്തവരും ഉണ്ട് നമുക്കിടയില്‍. മത്സ്യത്തിനും പകരം കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

മുട്ട- മീന്‍ കഴിക്കാത്തവര്‍ക്ക് ശീലമാക്കാവുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട് അതുപോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡും മുട്ടയിലൂടെ ശരീരത്തിന് ലഭിക്കുന്നു.

കോളിഫ്ളവര്‍– ഏറെ ആരോഗ്യകരമായ ഒന്നാണ് കോളിഫ്ളവര്‍. മത്സ്യത്തിലടങ്ങിയിരിക്കുന്ന പല പോഷകങ്ങളും കോളിഫ്‌ളവറിലും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പച്ചക്കറി.

സോയാബീന്‍– മീന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന മറ്റൊന്നാണ് സെയാബീന്‍. ആല്‍ഫാ ലിപോയിക് ആസിഡ് സൊയാബീനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഒമേഗ 3 ഫാറ്റി ആസിഡും. ഹൃദയാരോഗ്യത്തിനും സൊയാബീന്‍ നല്ലതാണ്. അതുകൊണ്ടുതന്നെ മത്സ്യം പ്രധാനം ചെയ്യുന്ന ഗുണങ്ങളെല്ലാം സൊയാബീനിലും ഉണ്ട്.

വാള്‍നട്ട്- ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് വാള്‍നട്ട് എന്ന ഡ്രൈ ഫ്രൂട്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇവ. ഇതിനു പുറമെ വാള്‍നട്ടില്‍ നാരുകളും വിറ്റാമിനുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തി പോലുമുണ്ട് വാള്‍നട്ടിന്. മത്സ്യം കഴിക്കാത്തവര്‍ വാള്‍നട്ട് തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

ഇലക്കറിയും ആരോഗ്യ ഗുണങ്ങളും

ജീവിതശൈലിയിൽ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തിൽ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്‌ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തിൽ ഇലക്കറി ഉൾപ്പെടുത്തുന്നത്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികൾ. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

കണ്ണിന്റ കാഴ്ചയ്ക്ക് ഉത്തമമാണ് മുരിങ്ങയില പോലുള്ള ഇലക്കറികൾ. അതുപോലെത്തന്നെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ ഇളകാരികളിൽ അടങ്ങിയിട്ടുണ്ട്.

തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയെല്ലാം ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്.

നമുക്ക് ലഭ്യമാകുന്ന ഇലക്കറികളിൽ മിക്കവയിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ലവണങ്ങൾ ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഉത്തമമാണ്.

ഒന്നും രണ്ടുമല്ല ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്

ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ് ജാതിക്ക. ജാതിക്കയുടെ പുറംതോട്, ജാതിപത്രി, ജാതിക്കക്കുരുഎന്നിവയെല്ലാം ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനും ജാതിക്ക ബെസ്റ്റാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്കയ്ക്ക് കഴിയും. ജാതിക്കാകുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതി തൈലം ഉണ്ടാക്കുന്നു. ഇതൊരു വലിയ വേദനാസംഹാരിയാണ്. സന്ധിവാതം ഉള്ളവരിൽ കാണപ്പെടുന്ന വീക്കവും വേദനയും കുറയ്ക്കാൻ ഈ തൈലത്തിന് സാധിക്കും.

ഒരു ഗ്ലാസ്സ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാപൊടി ചേർത്ത് ദിവസവും കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. സ്‌ട്രെസ് കുറയ്ക്കാനും ജാതിപത്രി കഴിക്കുന്നത് ഉത്തമമാണ്. ദഹനപ്രശ്നങ്ങൾക്കും കുട്ടികളിൽ ഉണ്ടാകുന്ന ഉദര സംബന്ധമായ അസ്വസ്ഥതകൾക്കും ജാതിക്ക ഒരു ഉത്തമപരിഹാരമാണ്. കൊളസ്ട്രോളിനും വായിലെ അണുബാധയ്ക്കും വരെ ഉത്തമമാണ് ജാതിക്ക.

പറമ്പിലും തുടിയിലുമെല്ലാം വളരെ സുലഭമായി കാണുന്ന ഒന്നാണ് ജാതിക്ക. അതുകൊണ്ടുതന്നെ ഇത് നിത്യജീവിതത്തിൽ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. എന്നാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് ഗുണത്തിന് പകരം ദോഷം ചെയ്യും.

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ പച്ചക്കറി സൂപ്പ്

അമിതവണ്ണം ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അമിത ഭാരമകറ്റാന്‍ നെട്ടോട്ടമോടാറുണ്ട് പലരും. വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെയാണ് പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ആരോഗ്യകരമായി ശരീരഭാരത്തെ നിയന്ത്രി ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ് സൂപ്പുകള്‍. പ്രത്യേകിച്ച് പച്ചക്കറി സൂപ്പ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കറി സൂപ്പ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറികളാണ് ഈ സൂപ്പിനുവേണ്ടി കൂടുതലായും ഉപയോഗിക്കേണ്ടത്. കൂടാതെ കലോറി കുറഞ്ഞ പച്ചക്കറികള്‍ സൂപ്പില്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

പച്ചക്കറി സൂപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യം ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേക്ക് അല്‍പം വെളുത്തുള്ളിയും സവോളയും ചേര്‍ത്ത് ഇളക്കണം. ശേഷം കാരറ്റ്, കുതിര്‍ത്ത ഗ്രീന്‍പീസ്, ബ്രോക്കോളി, കാപ്‌സിക്കം എന്നിവ പാനിലേക്ക് ഇട്ട് വഴറ്റുക. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം അല്‍പം വെള്ളം ഒഴിച്ച് വേവിക്കുക. 10 മിനിറ്റ് തിളപ്പിച്ച ശേഷം അല്‍പം ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്താല്‍ ആരോഗ്യകരമായ പച്ചക്കറി സൂപ്പ് ലഭിക്കും.

പച്ചക്കറി സൂപ്പിന് പുറമെ കോളിഫ്ളവര്‍ സൂപ്പും കൂണ്‍ സൂപ്പും എല്ലാം അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. സൂപ്പ് കുടിയ്ക്കുന്നതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജങ്ക് ഫുഡ് ഒഴിവാക്കണം. അമിതഭാരമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റഡ് ഡ്രിങ്ക്‌സും കൂടുതല്‍ മധുരം ചേര്‍ത്ത ശീതള പാനിയങ്ങളും ഒഴിവാക്കുന്നതും ഗുണം ചെയ്യും.

മധുരത്തിന് റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറി സൂപ്പ് കുടിയ്ക്കുന്നതിനോടൊപ്പം ഭക്ഷണത്തിലും പച്ചക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് നാരുകള്‍ ധാരളമടങ്ങിയ പച്ചക്കറികള്‍. ഫൈബര്‍ ഘടകം അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. ഇത് അമിതഭാരത്തെ ചെറുക്കാനും സഹായിക്കുന്നു.

ചര്‍മ്മ സംരക്ഷണവും ഭക്ഷണരീതിയും

ചര്‍മ്മകാന്തിയും ഭക്ഷണക്രമവും തമ്മില്‍ എന്ത് ബന്ധമെന്ന് ആലോചിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. ഭക്ഷണകാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സാധിക്കും. തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ പലരും പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ചിലരാകട്ടെ ചര്‍മ്മകാന്തിക്കായി നിരവധി ക്രീമുകളുടെ സഹായം തേടുന്നു. മറ്റ് ചിലരാകട്ടെ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നു. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളുടെയും ക്രീമുകളുടെയുമൊന്നും സഹായമില്ലാതെയും നല്ലതുപോലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ സാധിക്കും.

ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതും ആരോഗ്യകരമാണ്.

ചര്‍മ്മകാന്തിക്കു വേണ്ടി ഭക്ഷണകാര്യത്തില്‍ ചിലത് ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയിലൊന്നാണെ നെല്ലിക്ക. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്കയുടെ സ്ഥാനം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍. വിറ്റാമിന്‍ സിയും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ ഈ ഘടകങ്ങള്‍ എല്ലാം ചര്‍മ്മം സുന്ദരമാക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക പോലെതന്നെ ചര്‍മ്മ കാന്തിക്ക് സഹായിക്കുന്ന മറ്റൊന്നാണ് ഓറഞ്ച്. ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ഓറഞ്ച് സഹായിക്കുന്നു.

Read more: താരങ്ങള്‍ക്കൊപ്പം സംവിധായകനും; അടിപൊളി ‘ധമാക്ക’ സോങ്‌

ഓമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തി, കേര, ചെറു മത്സ്യങ്ങള്‍ എന്നിവയിലെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ചയെ ഒരു പരിധിവരെ മറികടക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡി സഹായിക്കുന്നു.

ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നതും ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തൈര് ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക്‌സ് നല്‍കുന്നു. ചര്‍മ്മത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാന്‍ തൈര് സഹായിക്കുന്നു.

വണ്ണം കുറയ്ക്കാന്‍ കഴിക്കാം പിസ്ത

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകളുടെ സ്ഥാനം. നട്‌സുകള്‍ക്കിടയില്‍ കേമനാണ് പിസ്ത. നിരവധിയാണ് പിസ്തയുടെ ഗുണങ്ങള്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, കാത്സ്യം, അയണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.

ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പിസ്തയില്‍. അതുകൊണ്ടുതന്നെ ദഹനം സുഗമമാക്കാന്‍ അല്പം പിസ്ത കഴിച്ചാല്‍ മതി. ദഹനം സുഗമമാകുന്നതു വഴി ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയും. വണ്ണം കുറയ്ക്കാനും പിസ്തയിലെ ഫൈബര്‍ കണ്ടന്റ് സഹായിക്കുന്നു.

ഇതുകൂടാതെ വിശപ്പിനെ ശമിപ്പിക്കാനും പിസ്ത സഹായിക്കുന്നു. പിസ്ത അല്പം കഴിച്ചാല്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടുന്ന സാഹചര്യത്തെ ഒഴിവാക്കാന്‍ പിസ്ത സഹായിക്കുന്നു. പ്രോട്ടീനും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ കണ്ടന്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍ കണ്ടന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അല്‍പം പിസ്ത കഴിച്ചാല്‍ ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.

മോണോസാച്വറേറ്റഡ് ഫാറ്റ് പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പാണ് മോണോസാച്വറേറ്റഡ് ഫാറ്റ്. പിസ്തയിലെ ഈ ഘടകവും അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നതുമൂലം ഹൃദ് രോഗത്തെ ചെറുക്കുന്നതിനും പിസ്ത ഗുണം ചെയ്യുന്നു.

വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതല്‍ സജീവമാക്കാനും പിസ്ത സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജസ്വലത പ്രധാനം ചെയ്യാനും പിസ്ത ഗുണം ചെയ്യും. ഇതുവഴി വിഷാദ രോഗത്തെ ഒരു പരിധി വരെ ചെറുക്കാനും പിസ്ത സാഹായിക്കുന്നു. കുട്ടികള്‍ക്ക് പിസ്ത ചേര്‍ത്ത പാല്‍ കൊടുക്കുന്നത് ബുദ്ധി വികാസത്തിനും സഹായിക്കും.