യാത്രയും സംഗീതവും; അറിഞ്ഞിരിക്കാം ചില യാത്രാവിശേഷങ്ങൾ

യാത്രകളും സംഗീതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നതാണ്.  യാത്രകളിൽ മനോഹരമായ ഗാനങ്ങൾ കേൾക്കുന്നതും യാത്രകളെ കൂടുതൽ സുന്ദരമാക്കാറുണ്ട്. എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ സംഗീതം ആസ്വദിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമോ എന്ന തരത്തിലുള്ള സംശയങ്ങൾ പലർക്കും ഉണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ പാട്ടുകേൾക്കുന്നത് ഡ്രൈവിങ് സ്ട്രെസ് പൊതുവെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ട്രാഫിക് ബ്ലോക്കുകളിൽ കിടക്കുമ്പോഴും, ദൂരയാത്രകൾ ചെയ്യുമ്പോഴും അനുഭവിക്കേണ്ടി വരുന്ന സ്‌ട്രെസിനും മടുപ്പിനും ഉള്ള പ്രതിവിധിയാണ് സംഗീതം. അതുപോലെ പാട്ട് ആസ്വദിക്കുന്നത് ആരോഗ്യത്തിനും ഹൃദയത്തിനും ഒരുപോലെ ആശ്വാസം പകരുമെന്നും പഠനങ്ങൾ പറയുന്നു.

Read also: ‘റോബോട്ട് അപ്പോൾ ക്രിസ്ത്യാനി ആണല്ലേ..’; കൗതുകമുണർത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഒരു രംഗമിതാ, വീഡിയോ

അതേസമയം വാഹനാപകടങ്ങൾ ഇന്ന് വളരെയധികമാണ്. അമിത വേഗതയും അശ്രദ്ധയും മൂലവും ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെട്ടും അപകടങ്ങൾ സംഭവിക്കുന്ന വർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ. വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അതുപോലെ അമിത സ്പീഡും കുറയ്ക്കുക. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായും ധരിക്കുക.

മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുള്ള നിയമങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ  നിർബന്ധമായും പാലിക്കണം. കാരണം ഒരു നിമിഷത്തെ അശ്രദ്ധ മതി ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാകാൻ.

 

 

ടൈറ്റാനിക്കിൽ ഒന്ന് കൂടി യാത്ര ചെയ്യാം, ആ മഹാ ദുരന്തത്തിന്റെ ഭീകരത അടുത്തറിയാം

‘ടൈറ്റാനിക്’ സിനിമയിൽ പ്രണയം ചാലിച്ച് ജെയിംസ് കാമറൂൺ പറഞ്ഞ ദുരന്തകഥക്കും അപ്പുറമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അപകടം സംഭവിച്ച് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആളുകളുടെ ഉള്ളിൽ ഇന്നും ഒരു വിങ്ങുന്ന ഓർമ്മയാണ് ടൈറ്റാനിക് ദുരന്തം. 1912 ഏപ്രിൽ പത്തിന് യാത്ര തുടങ്ങിയ ടൈറ്റാനിക് മൂന്നാം ദിവസം കൂറ്റൻ മഞ്ഞു മലയിൽ ഇടിച്ച് തകരുകയായിരുന്നു.  യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക് ഏപ്രിൽ പതിനാലിനാണ് തകർന്നത്. അതും കപ്പലിന്റെ കന്നിയാത്രയിൽ തന്നെ. ആ യാത്രാനുഭവത്തിനായി ടൈറ്റാനിക്കിൽ ഒരിക്കൽ കൂടി യാത്ര ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് അയർലണ്ടിൽ.

ടൈറ്റാനിക് എക്സ്പീരിയൻസ് കോബിലാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ടൈറ്റാനിക്കില്‍ ഉണ്ടായിരുന്ന 123 പേർ  ഇവിടുത്തെ വൈറ്റ് സ്റ്റാര്‍ ലൈന്‍ ടിക്കറ്റ് ഓഫിസില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അതുകൊണ്ടു തന്നെ ടൈറ്റാനിക് എക്സ്പീരിയൻസ് കോബിൽ എത്തുന്നവർക്ക് അവരെ പോലെ തന്നെ  യാത്ര തുടങ്ങാം.

രണ്ടു ഭാഗമായാണ് ഈ അനുഭവം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് യാത്ര പുറപ്പെട്ട ആ 123 പേരെക്കുറിച്ച് അടുത്തറിയാൻ സാധിക്കും. രണ്ടാം ഭാഗത്ത് എന്തുകൊണ്ട് അപകടം നടന്നു എന്നും, എങ്ങനെ ആയിരുന്നു അപകടം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്.

Read more:വിജയ് സേതുപതി ഇരട്ടവേഷത്തിൽ; ‘സങ്കതമിഴൻ’ തിയേറ്ററുകളിലേക്ക്

ആദ്യഭാഗത്ത് ആ 123 പേരുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഓഡിയോ വിഷ്വൽ ടൂർ ആണ്. ഇതൊക്കെ കാണാൻ സാധിക്കുന്നത് ഒരു ഇന്റീരിയർ ഷിപ്പ് മോഡലിനുള്ളിലാണ്. അതുകൊണ്ടു തന്നെ കപ്പലിൽ യാത്ര ചെയ്യുന്ന അതേ ഫീലിൽ അടുത്തറിയാൻ സാധിക്കും.

അടുത്തഭാഗത്ത് കാരണങ്ങൾ വിശകലനം ചെയ്യുന്നതിനൊപ്പം യാത്രക്കാരായിരുന്ന 123 പേരുടെ ജീവിതവും അവരുടെ വ്യക്തിവിവരങ്ങളും പ്രത്യേക ടച്ച് സ്ക്രീൻ സംവിധാനങ്ങളിലൂടെ അറിയാൻ സാധിക്കും.

 

തീരാത്ത യാത്രാ പ്രണയം; വിജയനും മോഹനയും ഇതുവരെ സഞ്ചരിച്ചത് 25 രാജ്യങ്ങൾ

കാലമെത്ര കഴിഞ്ഞാലും അവസാനിക്കാത്ത യാത്രാപ്രേമവുമായി ഒരു ദമ്പതികൾ…

കൊച്ചിക്കാരുടെ മാത്രമല്ല യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും മാതൃക ദമ്പതികളാണ് വിജയനും മോഹനയും. ചായക്കട നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ഇരുവരും ഇതുവരെ സഞ്ചരിച്ചത് 24 രാജ്യങ്ങളാണ്. ഇപ്പോഴിതാ 25 മത്തെ രാജ്യമായ ന്യൂസിലന്റിലാണ് ഇവർ ഉള്ളത്.

വാർത്താമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ ഈ യാത്രാപ്രേമികളെ അന്വേഷിച്ച് നിരവധിയാളുകളാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീബാലാജി കോഫി ഹൗസിൽ എത്തുന്നത്.

പലപ്പോഴും യാത്രക്കായുള്ള പണം ഇവരുടെ ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും തികയാറില്ല. എന്നാലും യാത്രയോടുള്ള അടങ്ങാത്ത പ്രണയത്തിൽ പലപ്പോഴും ലോൺ എടുത്താണ് ഇവർ യാത്ര ചെയ്യുന്നത്. പിന്നീട് യാത്ര കഴിഞ്ഞ്  തിരികെ വന്ന ശേഷം പണി ചെയ്ത് ലോൺ തിരികെ അടയ്ക്കും. നിത്യ വരുമാനത്തിൽ നിന്നും യാത്രക്കായി ദിവസവും എകദേശം 300 രൂപയോളം ഇവർ മാറ്റിവയ്ക്കാറുണ്ട്. ഇവരുടെ തീരാത്ത സഞ്ചാര മോഹത്തെ അഭിനന്ദിച്ച്  യാത്രകൾ സ്പോസർ ചെയ്ത് കൊടുക്കുന്നവരുമുണ്ട്.

യാത്രയോടുള്ള ഇരുവരുടെയും ഇഷ്ടവും കൗതുകവും ഇവരെ എത്തിച്ചത് ഇപ്പോൾ ന്യൂസിലന്റിലാണ്. വർഷങ്ങളായി തുടങ്ങിയ ഇവരുടെ യാത്ര പ്രേമത്തിൽ ആദ്യം ഇന്ത്യ മുഴുവനും സഞ്ചരിച്ച് തീർക്കാനായിരുന്നു തീരുമാനം. പിന്നീട് യു എസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സന്ദർശനം നടത്തി.

 

അമ്മയെയുംകൊണ്ട് സ്കൂട്ടറിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങി കൃഷ്ണകുമാർ; കാരണമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

മാതൃസ്നേഹത്തിന്റെ പല ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മകന് അമ്മയോടുള്ള സ്നേഹം പ്രകടമാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയേയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിയ ഒരു മകനാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. അതും സ്കൂട്ടറിലാണ് അമ്മയേയുംകൊണ്ട് യാത്രക്കിറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

മൈസൂർ സ്വദേശിയായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറാണ് അമ്മയേയുംകൊണ്ട് തന്റെ ഇരുപത് വർഷം പഴക്കമുള്ള സ്കൂട്ടറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ്ണകുമാർ ജോലി ഉപേക്ഷിച്ചാണ് അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങിയത്.

വർഷങ്ങളായി വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു കൃഷ്ണകുമാറിന്റെ ‘അമ്മ. അച്ഛന്റെ മരണശേഷം മക്കളുടെ കാര്യങ്ങൾ നോക്കി ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്ന ‘അമ്മ ഒരിക്കൽ കൃഷ്ണകുമാറിനോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. ‘തനിക്ക് ഹംബി ഒന്ന് കാണണം’ എന്നായിരുന്നു ആ ‘അമ്മ മകനോട് ആവശ്യപ്പെട്ടത്.

തങ്ങൾക്ക് വേണ്ടി ഇത്രയും വർഷം ജീവിച്ച അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി അച്ഛന്റെ 20 വർഷം പഴക്കമുള്ള ബജാജ് സ്കൂട്ടറും എടുത്ത് കൃഷ്ണകുമാർ അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങി. ഹംബി ഉൾപ്പെടെ 48, 100 കിലോമീറ്റർ ഇപ്പോൾ ഇരുവരും ഈ സ്കൂട്ടറിൽ യാത്ര പിന്നിട്ടുകഴിഞ്ഞു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, സിക്കിം, ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇരുവരും സന്ദർശിച്ചുകഴിഞ്ഞു. ഇനിയും യാത്ര തുടരുകയാണ് ഈ അമ്മയും മകനും…

 

ഭാഷയുടെയും ജാതിയുടെയും അതിർവരമ്പുകൾ ഇല്ലാതാക്കുന്ന ചില യാത്രകൾ

‘ചില യാത്രകൾ അനുഭവങ്ങളാണ്.. സന്തോഷവും സ്നേഹവും പകരുന്ന ചില സുന്ദര  അനുഭവങ്ങൾ’. ജീവിതത്തിലെ മനോഹരമായ ചില നിമിഷങ്ങൾക്ക് സാക്ഷികളാകുന്നതും ചില യാത്രകളിലാണ്. ചില പുസ്തകങ്ങൾ വായിച്ചുതീരുമ്പോഴേക്കും ഹൃദയത്തിൽ പതിഞ്ഞുപോകാറുണ്ട്. ചിലപ്പോഴൊക്കെ ചില യാത്രകളും ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പുതിയ ഇടങ്ങൾ തേടിയുള്ള യാത്രകളിൽ ഓരോ നിമിഷവും ഓരോ കണ്ടെത്തലുകളാണ്, ഇവയിൽ നിന്നും ഓരോ തിരിച്ചറിവുകളും ജനിച്ചുകൊണ്ടേയിരിക്കുന്നു.

കണ്ണിന് കുളിർമ്മയും മനസിന് ആശ്വാസവും പകരുന്ന യാത്രകളിൽ ചിലപ്പോഴൊക്കെ എന്നോ കൈമറഞ്ഞുപോയ ചില സുന്ദര ഓർമ്മകളുടെ കെട്ടുകളും അഴിഞ്ഞുപോകും. ഒരു ഗൃഹാതുരത്വത്തിന്റെ വിരല്‍ സ്പര്‍ശം പോലെയുള്ള ചില യാത്രാനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത ആത്മ സംതൃപ്തിയാണ്.

കണ്ടതോ അറിഞ്ഞതോ ആയ പലതിൽ നിന്നും പുതിയ ചില ചിന്തകളിലേക്കും അറിവുകളിലേക്കും ഇറങ്ങിച്ചെല്ലുമ്പോൾ ഭാഷയുടെയും വേഷത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ നാം പോലും അറിയാതെ അലിഞ്ഞ് ഇല്ലാതാവാറുണ്ട്. അതുവരെ അറിഞ്ഞതും രുചിച്ചതുമായ  ആചാരങ്ങളും അനുഷ്‌ടാനങ്ങളും നമുക്ക് അന്യമായി പോകുന്നത്തോടെ പുതിയ ചില തിരിച്ചറിവുകളാണ് ഉണ്ടാകുന്നത്. ഒരിക്കൽ നമ്മിൽ നിന്നും ഇല്ലാതാവുന്ന ഭാഷയുടെയും ജാതിയുടെയും അതിർവരമ്പുകൾ പിന്നീട് ഒരിക്കലും നമ്മെ വേട്ടയാടില്ല, ഒരിക്കലും നമ്മിൽ പുനർജനിക്കില്ല എന്നതാണ് ഓരോ യാത്രകളിലും സംഭവിക്കുന്ന അത്ഭുതങ്ങൾ.

കണ്ണിനും മനസിനും കാഴ്ച്ചയുടെ അനുഭൂതി മാത്രമല്ല ചിലപ്പോഴൊക്കെ മനസിൽ ഇറക്കിവയ്ക്കാൻ പറ്റാത്ത പല വേദനകളും ഇറക്കി വയ്ക്കുന്നതുപോലും ഈ  യാത്രകളിലാവാം.

Read also: നിശബ്ദതയിലും വാചാലമാകുന്ന കൊച്ചിയിലെ ചില രാത്രി യാത്രകൾ 

ഓരോ യാത്രയുടെ അവസാനങ്ങളും നമുക്ക് സമ്മാനിക്കുന്നത് ഓരോ അനുഭങ്ങളാണ് മനോഹരമായ അനുഭവങ്ങൾ. ചില യാത്രകൾ ചിലപ്പോഴൊക്കെ മനസിൽ മനോഹരമായ അനുഭവങ്ങളാണ്. ചില യാത്രകൾ ഒരിക്കലും അവസാനിക്കരുതെന്ന് തോന്നാറുണ്ട്.. കാരണം മറ്റൊന്നുമല്ല അവ അത്രമാത്രം ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണ്.

യാത്രകൾ അനുഭവങ്ങളാണ്…മനോഹരമായ അനുഭവങ്ങൾ സ്വന്തമാകുമ്പോഴാണ് യാത്രകൾക്ക് പൂർണത കൈവരുന്നത്…

 

 

നിശബ്ദതയിലും വാചാലമാകുന്ന കൊച്ചിയിലെ ചില രാത്രി യാത്രകൾ

രാത്രികൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. നിലാവിന്റെ ചെറുവെളിച്ചത്തിൽ ആകാശത്തെ നക്ഷത്രങ്ങളെപോലെ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന കെട്ടിടസമുച്ചയങ്ങളും, രാത്രിയുടെ നിശബ്ദതയിലും വാചാലനാകുന്ന റോഡുകളും, കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന കായലുകളും മാളുകളും കെട്ടിടങ്ങളുമെല്ലാം ഇവിടെത്തുന്ന ഓരോ യാത്രക്കാരോടും  കൊച്ചിയുടെ പഴമയും പാരമ്പര്യവും വളർച്ചയുമെല്ലാം പറയാതെ പറയുന്നുണ്ട്. കൊച്ചിയുടെ ഭംഗി തൊട്ടറിയണമെങ്കിൽ രാത്രി യാത്രകൾ തന്നെ വേണം. കൊച്ചിയുടെ ഭംഗിയും രൂപവും ഭാവവുമെല്ലാം അടുത്തറിയാനും രാത്രിയേക്കാൾ മികച്ചൊരു സമയമില്ല. പകലിന്റെ തിരക്കും വേനലിന്റെ ചൂടുമെല്ലാം കെട്ടടങ്ങുന്ന രാത്രിയിൽ ഒരു പ്രത്യേക രൂപവും ഭാവവുമൊക്കെയാണ് ഈ സിറ്റിയ്ക്ക്.

കാവ്യാത്മകമായി പറഞ്ഞാൽ  കണ്ണുകളിൽ പ്രണയവും ചുണ്ടുകളിൽ സ്നേഹവുമായി നിൽക്കുന്ന ഒരു സുന്ദരിയെപോലെ…കൊച്ചിയിൽ വന്നിറങ്ങുന്ന ഓരോ അതിഥികളും   കൊച്ചിക്കാർക്ക് പ്രിയപ്പെട്ടവരാണ്. ഇവിടെ കാലുകുത്തുന്ന ഒരു സഞ്ചാരിയ്ക്ക് മുന്നിലും ഇനി എവിടെ പോകും എന്ന്  സംശയം വരാറില്ല.. പകരം ആദ്യം എവിടേക്ക് എന്നതു മാത്രമായിരിക്കും ചിന്ത. അത്രമാത്രം മനോഹര സ്ഥലങ്ങളുണ്ട് ഈ കൊച്ചു നഗരത്തിൽ. മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, സുബാഷ് പാർക്ക്, ബോട്ട് ജെട്ടി, മംഗള വനം അങ്ങനെ കൊച്ചിയുടെ ഹൃദയ ഭാഗത്തോട് ചേർന്ന് നില്ക്കുന്ന ഒരുപാട് സ്ഥലങ്ങൾക്കൊപ്പം കൊച്ചിയുടെ ഉൾഭാഗങ്ങളിലും പ്രകൃതി സുന്ദരിയായും ഒപ്പം ഗ്ലാമറസായുമൊക്കെ നിൽക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.

Read also: രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന കൊച്ചിയിലെ ചില ഭക്ഷണശാലകൾ

കൊച്ചിയിലെ സുന്ദര രാത്രികൾക്കിടയിൽ ചിലപ്പോഴൊക്കെ സൗഹൃദങ്ങളുടെ  ഇടയിലേക്കും പ്രണയിനികളുടെ ഇടയിലേക്കും വിളിക്കാതെ വരുന്ന വിരുന്നു കാരികളാണ് കൊതുകുകൾ. കൊതുകിന്റെ ഈ ആക്രമണമൊഴിച്ചാൽ കൊച്ചിയിലെ രാത്രികൾ സുന്ദരമാണ്. ചിലപ്പോഴൊക്കെ പ്രണയിനിയെപോലെയും, ചിലപ്പോഴൊക്കെ പ്രിയ സുഹൃത്തിനെപോലെയും കൊച്ചിയുടെ സൗന്ദര്യം മനസ്സിൽ നിറഞ്ഞു നിൽക്കും. ഈ നഗരത്തിന്റെ ഓരോ കഥകളുംഇവിടങ്ങളിലെ വഴിവിളക്കുകളിൽ പോലും പ്രതിധ്വനിച്ച് നിൽക്കാറുണ്ട്. കൊച്ചിയിലെ ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്…