ഇന്ത്യയുടെ പ്രതീക്ഷ കെട്ടു; ജപ്പാന്‍ ഓപ്പണില്‍ ശ്രീകാന്തും പുറത്ത്

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും പുറത്തായി. ബാഡ്മിന്റണില്‍ ലോക എട്ടാം നമ്പര്‍ താരമായിരുന്ന ശ്രീകാന്തും പുറത്തോയതോടെ ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷ കെട്ടു. കൊറിയന്‍ താരമായ ലീ ഡോങ് ക്യൂനിനോടായിരുന്നു ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്.

ഒരു മണിക്കൂറും 19 മിനിറ്റുമായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. മൂന്നു ഗെയിം നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ ഗെയിം നേടിയത് ശ്രീകാന്ത് ആയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന രണ്ട് ഗെയിമിലും ശ്രീകാന്തിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. സ്‌കോര്‍: 21-19, 16-21, 18-21.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും തോല്‍വി സമ്മതിച്ചിരുന്നു. പുരുഷ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മനു ആത്രി-സുമിത് റെഡ്ഡി സഖ്യവും പരാജയപ്പെട്ടിരുന്നു. ശീകാന്തും പുറത്തായതോടെ ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രാതിനിധ്യം പൂര്‍ണ്ണമായും അവസാനിച്ചു.

‘ജെസിയെ ആദ്യമായി കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്’; കല്ല്യാണക്കഥ പങ്കുവെച്ച് വിജയ് സേതുപതി

രസകരമായ കല്ല്യാണക്കഥ പങ്കുവെച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം വിജയ് സേതുപതി. അനേകകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിജയ് സേതുപതിയുടെയും ജെസി എന്ന മലയാളി യുവതിയുടെയും വിവാഹം. മക്കള്‍ സെല്‍വന്‍ എന്ന പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ വിവാഹം ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. സിനിമയില്‍ തിളങ്ങുന്നതിനു മുമ്പേ വിവാഹിതനായി അദ്ദേഹം. കഷ്ടപ്പാടിന്റെ കാലങ്ങളില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് പ്രിയസഖി ജെസി.

അടുത്ത സുഹൃത്ത് വഴിയാണ് വിജയ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. കൊല്ലം സ്വദേശിനിയാണ് ജെസി. സിനിമയെന്ന വിജയ് സേതുപതിയുടെ സ്വപ്‌നത്തിനുവേണ്ടി പരാതികളും പരിഭവങ്ങളുമില്ലാതെ ജെസി സേതുപതിക്കൊപ്പം നിന്നു. പരസ്പരം കാണുന്നതിനു മുമ്പേ ജെസിയും സേതുപതിയും പ്രണയത്തിലായി. അക്കാലത്ത് ദുബായിലായിരുന്നു സേതുപതിയുടെ ജോലി. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് ഇരുവരും പരസ്പരം സംസാരിക്കുന്നതും പ്രണയത്തിലാകുന്നതും. പ്രണയകാര്യം വീട്ടിലറിഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് വിജയ് സേതുപതി ജെസിയെ ആദ്യമായി നേരില്‍ കാണുന്നത്.

വിവാഹശേഷവും ഒരുപാട് കാലം നല്ല സിനിമകള്‍ കിട്ടാന്‍ കഷ്ടപ്പെടേണ്ടി വന്നു സേതുപതിക്ക്. എന്നാല്‍ എല്ലാ കഷ്ടപ്പാടിലും ഭാര്യ ജെസി സേതുപതിക്കൊപ്പം നിന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ തന്റെ കല്ല്യാണക്കഥ വിജയ് സേതുപതി പങ്കുവെച്ചത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘റസൂല്‍’ എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായൊരു വേഷത്തിലെത്തുന്നുണ്ട് വിജയ് സേതുപതി.

അത്ഭുതം ഈ ഓവര്‍ ഹെഡ് ഗോള്‍; വിനീഷ്യസിന്റെ പ്രകടനം കാണാം

കാല്‍പന്തുകളിയില്‍ അത്ഭുത ഗോളുകള്‍ സൃഷ്ടിക്കുന്നത് എക്കാലത്തും ആരാധകര്‍ക്ക് പ്രിയമാണ്. ഇത്തരം ഒരു അത്ഭുത ഗോളാണ് ഫുട്‌ബോള്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം. റയല്‍ മാഡ്രിഡിന്റെ ട്രെയിനിംഗിനിടെ വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെച്ചതാണ് ഈ അത്ഭുതഗോള്‍. എന്തായാലും വിനീഷ്യസിന്റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഗോളടി ഷെയര്‍ ചെയ്യുന്നത്. റയല്‍ മാഡ്രിഡിന്റെ ഫസ്റ്റ് ടീമില്‍ നിന്നും വിനീഷ്യസിനെ ഒഴിവാക്കാന്‍ നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വിനീഷ്യസ് തന്റെ പ്രകടനത്തിലൂടെ.

മാഴ്‌സലോയുടെ ക്രോസില്‍ വിനീഷ്യസ് ബോള്‍ നെഞ്ചോട് ചേര്‍ത്തു. അത്ഭുതകരമെന്നു തോന്നുംവിധം ബോളിനെ നിയന്ത്രിച്ച ശേഷം ഒടുവില്‍ ഒരു സൂപ്പര്‍ അക്രോബാറ്റിക് കിക്ക്. ഉന്നം പിഴയ്ക്കാതെ ബോള്‍ വലകുലുക്കി. പരിശീലന സമയത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഈ ബ്രസീലിയന്‍ താരം യൂത്ത് ടീമിനു വേണ്ടിയുള്ള മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഈ മത്സരത്തില്‍ രണ്ടു ഗോളുകള്‍ വിനീഷ്യസ് സ്വന്തമാക്കി.

ഫ്‌ലമങ്ങോയില്‍ നിന്നുമാണ് വിനീഷ്യസ് റയലിലെത്തുന്നത്. 45 ദശലക്ഷം യൂറോയ്ക്കായിരുന്നു വിനീഷ്യസിന്റെ ഈ മാറ്റം. എന്നാല്‍ റയല്‍ മാഡ്രിഡില്‍ അവസരങ്ങള്‍ കുറയുന്നതിനെ തുടര്‍ന്ന് പഴയ ക്ലബ്ലിലേക്ക് തിരിച്ചുപോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പരിശീലനത്തിലെ മികച്ച പ്രകടനം വിനീഷ്യസിനെ റയലില്‍തന്നെ പിടിച്ചുനിര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും താരത്തിന്റെ പരിശീലനത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വാര്‍ത്താവേളയിലെ രസക്കാഴ്ചകളുമായി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്; എപ്പിസോഡ് 5 കാണാം

നര്‍മ്മമുഹൂര്‍ത്തങ്ങളുടെ രസക്കാഴ്ചകളുമായി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരിസ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലെ രസക്കാഴ്ചകളാണ് വെബ് സീരീസിന്റെ എപ്പിസോഡ് 5 ല്‍. സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കിയ ഈ രസക്കാഴ്ചകള്‍ക്കൊപ്പം പക്രുവിന്റെ പ്രണയവും പ്രേക്ഷകര്‍ക്ക് നര്‍മ്മ വിരുന്നൊരുക്കുന്നു.

അലങ്കാരങ്ങളുടെ ഏച്ചുകെട്ടലുകളില്ലാതെ ഹാസ്യാത്മകതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസ് മുന്നേറുന്നത്.

എപ്പിസോഡ് 5 കാണാം

പ്രണയം പറഞ്ഞ് ‘മന്ദാര’ത്തിന്റെ ട്രെയിലര്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്രണയഭാവങ്ങളില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് മലയാളികളുടെ പ്രിയ താരം ആസിഫ് അലി. ആസിഫലി നായകനാകുന്ന ‘മന്ദാരം’ എന്ന ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. വിജീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.

മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാജിക് മൗണ്ടന്‍സ് സിനാമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും.

ഫ്‌ളവര്‍വെയ്‌സിനെ വെല്ലും ഈ മുടിയഴക്; വൈറലായി ഒരു ഹെയര്‍സ്റ്റൈല്‍ വീഡിയോ

പെണ്ണിനഴക് മുടിയാണന്നാണല്ലോ പഴമക്കാര്‍ പറയാറ്. സംഗതി സത്യം തന്നെ. മുടി എന്നും ഒരു അഴകാണ്. മനോഹരമായ മുടയിഴകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധി. തികച്ചും വിത്യസ്തമായൊരു ഹെയര്‍സ്റ്റൈലാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് വൈറല്‍. ഹെയര്‍സ്‌റ്റൈലില്‍ വിത്യസ്തത ഇഷ്ടപ്പെടുന്നവര്‍ എന്തായാലും ഏറ്റെടുക്കാതിരിക്കില്ല ഈ വീഡിയോ.

മനോഹരമായ ഒരു ഫ്‌ളവര്‍വെയ്‌സ് എന്നു തോന്നുവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍. ആദ്യനോട്ടത്തില്‍ ഫഌവര്‍വെയ്‌സ് തലയില്‍ ചുമന്നു നടക്കുന്നതാണെന്നേ തോന്നൂ. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മുടിയില്‍ തീര്‍ത്തതാണ് ഈ കരവിരുതെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ഫാഷന്‍ ലോകത്ത് നിരവധി പേരാണ് ഈ ഹെയര്‍സ്റ്റൈല്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗായകരായ ബിയോണ്‍സും റിഹാനയുമൊക്കെ ഈ വൈറല്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. തലമുടിയിലെ ഈ ക്രീയേറ്റിവിറ്റി അപാരമെന്നായിരുന്നു പലരുടെയും കമന്റ്.

 

View this post on Instagram

 

A post shared by Beyoncé (@beyonce) on

ഒരു വെള്ളക്കുപ്പിയും കുറച്ചു ഹെയര്‍ബാന്റുകളും അല്‍പം പൂക്കളുമാണ് ഈ ഹെയര്‍സ്റ്റൈലിന് ആവശ്യമായുള്ളത്. ഇത്രയും സാധനങ്ങള്‍ ഉപയോഗിച്ച് ഫ്‌ളവര്‍വെയ്‌സ് ഹെയര്‍സ്റ്റൈല്‍ ചെയ്യുന്നതിന്റെ വീഡിയോ യൂട്യൂബറായ ടേയര്‍ ആര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയ്ക്കും ഫാഷന്‍ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴകത്ത് സൂപ്പര്‍ഹിറ്റായി ‘സീമരാജ’; ശിവകാര്‍ത്തികേയനെ എറ്റെടുത്ത് പ്രേക്ഷകര്‍

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ചിത്രം ‘സീമരാജ’യക്ക് തമിഴില്‍ മികച്ച പ്രതികരണം. തീയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം.

നടന്‍ സൂരിയും വിത്യസ്തമായൊരു വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. സിക്‌സ്പാക്ക് ലുക്കിലാണ് സീമരാജയില്‍ സൂരി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പേ ട്വിറ്റര്‍ വഴി ശിവകാര്‍ത്തികേയന്‍ തന്നെ സൂരിയുടെ തകര്‍പ്പന്‍ ലുക്ക് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എട്ട് മാസത്തെ കഠിന പരിശ്രമം വേണ്ടിവന്നു സിക്‌സ്പാക്ക് ലുക്ക് നേടാന്‍ സൂരിക്ക്. ഇക്കാര്യവും ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.

സമാന്തയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാന്‍, നെപ്പേളിയന്‍, ലാല്‍, കെ.എസ് രവികുമാര്‍, മനോബാല തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരമായ കീര്‍ത്തി സുരേഷ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പത്ത് കോടിയിലും അധികമാണ് സീമരാജയുടെ ആദ്യദിനത്തിലെ കളക്ഷന്‍.

സാഫ് കപ്പ്; കിരീട പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

സാഫ് ഫുട്‌ബോള്‍ കപ്പ് മത്സരത്തില്‍ കിരീടത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. ഫൈനലില്‍ മാലദ്വീപിനോട് ഇന്ത്യയുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഫൈനല്‍ മത്സരം. ധാക്കയാണ് മത്സരവേദി. എട്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.

സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. കളിയില്‍ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും ഇന്ത്യ കരസ്ഥമാക്കിയത്. കളിയുടെ48 ആം മിനിറ്റിലും 69ആംമിനിറ്റിലുമായിരുന്നു മന്‍വീര്‍ഗോളുകള്‍ നേടിയത്. 83ാം മിനുറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യന്‍ താരം ലാലിയന്‍സ്വാല ചാങ്‌തെ, പാകിസ്ഥാന്‍ താരം മുഹ്‌സിന്‍ അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സാഫ് കപ്പിലെ ആദ്യ ഫൈനലായിരുന്നെങ്കിലും രക്ഷപെട്ടില്ല. ഇരു ടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ ഇന്ത്യ പത്തൊമ്പതിലും പാകിസ്ഥാന്‍ അഞ്ചിലുമാണ് ജയിച്ചത്. അതുകൊണ്ട്തന്നെ ഫൈനല്‍ മത്സരത്തിലും ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ഏറെയുണ്ട്.

2005 നുശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ സാഫ് കപ്പില്‍ സെമി കളിച്ചത്. ശ്രീലങ്കയെയും മാലദ്വീപിനെയും തോല്‍പിച്ചാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. മാലദ്വീപ് തന്നെയാണ് വീണ്ടും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ പരിശീലനത്തിലാണ് സാഫ് കപ്പിനായി ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. സുബാശിഷ് ബോസാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.