23-മത് ഐഎഫ്എഫ്കെയ്ക്ക് എൻട്രികൾ ക്ഷണിച്ചു….ആകാംഷയോടെ സിനിമ പ്രേമികൾ…

July 21, 2018

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. സാംസ്‌കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുകയാണ്. രാജ്യാന്തര മല്‍സര വിഭാഗം, ലോകസിനിമ, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം നിർമ്മിച്ച  സിനിമകളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നത്. നവാഗതരായ സിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മറ്റ് നിരവധി പുരസ്കാരങ്ങളും മേളയിൽ നൽകും. ഡിസംബർ ഏഴു മുതൽ പതിനാലു വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സിനിമ സ്നേഹികൾ നോക്കിയിരിക്കുന്നത്.

ചലച്ചിത്ര മേളയിലേക്ക് ലോകം മുഴുവനുമുള്ള സിനിമ പ്രേമികളാണ് എല്ലാ വർഷവും എത്തുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന സിനിമാവാരം മികച്ച സിനിമകൾ കാണാനുള്ള ഏറ്റവും നല്ല അവസരമായാണ് സിനിമ പ്രേമികൾ കാണുന്നത്.