‘പണ്ടാരണ്ട്‌ ചൊല്ലിട്ടില്ലേ..’ അടിപൊളി പാട്ടുമായി ലാലേട്ടൻ; വീഡിയോ കാണാം…

October 20, 2018

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ‘ഡ്രാമ’യുലെ പ്രൊമോ വീഡിയോ സോങ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ‘ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ചത്.

രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. നവംബര്‍ ഒന്നിന് ‘ഡ്രാമ’ തീയേറ്ററുകളിലെത്തും.