’96’ ലെ പ്രണയം ഇന്ന് തിയേറ്ററുകളിൽ; വാനോളം പ്രതീക്ഷയുമായി ആരാധകർ

October 4, 2018

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട താരങ്ങളായ വിജയ് സേതുപതി -തൃഷ ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.  ഇന്ന്  തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്കൂൾ പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്. ശക്തമായ തിരക്കഥയാണെന്നും ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതോടെ വെള്ളിത്തിരയിൽ എന്ത് വിസ്മയമാണ് ഉണ്ടാകുക എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും ടീസറുകൾക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്. ചിത്രം ഇന്ന് തിയേറ്ററുകിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.