പന്തലു പണിക്കു വന്നു, മൈക്ക് ടെസ്റ്റിങിനിടെ പാടി; അക്ഷയ് യുടെ പാട്ട് ഇനി സിനിമയില്‍

May 16, 2019

ഭാഗ്യം എപ്പോഴാണ് ഒരാളെ തുണയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലാ. ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അക്ഷയ് എന്ന യുവാവ്. പന്തലുപണിക്കു വന്ന് മൈക്ക് ടെസ്റ്റിങിനിടെ പാട്ട് പാടിയാണ് അക്ഷയ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. അക്ഷയുടെ പാട്ട് ഇനി സിനിമയില്‍ ആയിരിക്കും. നൗഷാദ് ആലത്തൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറല്‍ 2019’ എന്ന ചിത്രത്തിനുവേണ്ടിയാണ് അക്ഷയ് പാട്ടുപാടിയിരിക്കുന്നത്.

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു.

പന്തലുപണിക്ക് എത്തിയപ്പോള്‍ മൈക്ക് ടെസ്റ്റിങ്ങിനിടെ അക്ഷയ് വെറുതെ ഒന്ന് പാടി. പാട്ട് ഹിറ്റായപ്പോള്‍ സോഷ്യല്‍ മീഡയയില്‍ യുവാവിനെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മനോഹരാമായ ആലാപന മികവുണ്ട് അക്ഷയ് യുടെ പാട്ടിന്. നിരവധി പേര്‍ ഇതിനോടകം തന്നെ ഇദ്ദേഹത്തിന്റെ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു. ആശംസകളും പ്രോത്സാഹനവും അറിയിച്ചുകൊണ്ട് നിരവധി ആളുകള്‍ ഈ കലാകാരന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും പങ്കുവെയ്ക്കുന്നുണ്ട്.

Read more:മത്സ്യ ബന്ധന ബോട്ടിനു തൊട്ടരികെ മലക്കം മറിഞ്ഞ് കൂറ്റന്‍ തിമിംഗലം; ദൃശ്യങ്ങള്‍ കൗതുകമാകുന്നു

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘തുള്ളാത്ത മനവും തുള്ളും’ എന്ന ചിത്രത്തിലെ ഗാനമാണ് ഈ കലാകാരന്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. വിജയ് യും സിമ്രാനും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സിനിമയാണ് തുള്ളാത്ത മനവും തുള്ളും. ചിത്രത്തിലെ ‘ഇന്നിസൈ പാടി വരും…’ എന്ന ഗാനവും ഭാഷാ ഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. സിനിമ തീയറ്ററുകളിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ ഗാനം ആസ്വദകന്റെ ഹൃദയത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട്. ഈ മനോഹര ഗാനമാണ് അക്ഷയ് ആലപിച്ചത്.

ആദ്യം പാടാന്‍ ചെറുതായൊരു ശ്രമം നടത്തിനോക്കുന്ന യുവാവിനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. പാട്ട് മുഴുവന്‍ ആലപിക്കാന്‍ ഇദ്ദേഹത്തോട് മറ്റുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് അതിമനോഹരമായി തന്നെ യുവാവ് പാട്ട് പൂര്‍ത്തിയാക്കി. എന്തായാലും മനോഹരമായ ആലാപനംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ അക്ഷയ് ഇനി ചലച്ചിത്ര രംഗത്തും ശ്രദ്ധേയനാകുമെന്നാണ് ആസ്വാദകരുടെ കമന്റ്.