‘തത്ത്വമസിയുടെ അർത്ഥം തിരഞ്ഞ് ധ്യാനും അജുവും’; യൂട്യൂബിൽ തരംഗമായി സച്ചിന്റെ ടീസർ

November 20, 2018

ധ്യാൻ ശ്രീനിവാസനെ മുഖ്യകഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റ ടീസർ ഏറ്റെടുത്ത് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ചുരുങ്ങിയ സമയംകൊണ്ട് ഒരു മില്യൺ വ്യൂസ് പിന്നിട്ടു. ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, അപ്പനി ശരത്ത്, അന്ന രേഷ്മ രാജൻ, ധർമ്മജൻ, പിഷാരടി, രഞ്ജി പണിക്കർ, ജൂബി നൈനാൻ, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ്  മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറോടുള്ള   കടുത്ത ആരാധന മൂലം സ്വന്തം മകന് സച്ചിൻ എന്ന് പേരിടുന്നതും പിന്നീട് അച്ഛനെ പോലെ തന്നെ ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്ന മകന്റെ ജീവിതവും പ്രണയവുമെല്ലാമാണ് ചിത്രം പറയുന്നത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

അമ്പലങ്ങളുടെ മുന്നില്‍ കാണാറുള്ള തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചിറങ്ങുന്ന ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനെയുമാണ് ടീസറില്‍ കാണാനാവുക. ഏറെ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും. തത്വമസിക്ക് പലരും നല്‍കുന്ന വ്യാഖ്യാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ കാണാം…