കീമോതെറാപ്പിക്ക് ശേഷം അവനി എത്തിയത് കലോത്സവ വേദിയിലേക്ക്; മനോഹര ഗാനത്തിന് നിറഞ്ഞ കൈയടി

കലാമാമാങ്കത്തിന്റെ ആവേശത്തിലാണ് കേരളക്കര. അറുപതാമത് സ്കൂൾ കലോത്സവം കാസർഗോഡ് നഗരത്തിൽ അരങ്ങേറുമ്പോൾ കാണികളുടെ മനവും  മിഴിയും നിറച്ച് വിദ്യാർത്ഥികൾ വേദികളിൽ നിറഞ്ഞാടുകയാണ്. ഇത്തരത്തിൽ  കലോത്സവ വേദിയുടെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുകയാണ് അവനി എന്ന പെൺകുട്ടി.

ആശുപത്രിക്കിടക്കയിൽ നിന്നും അവനി എന്ന പെൺകുട്ടി നേരെ എത്തിയത് കലോത്സവ വേദിയിലേക്കാണ്. ഒന്നാം ക്ലാസുമുതൽ കലോത്സവവേദികളിലെ താരമാണ് അവനി. മനോഹരമായ സ്വരമാധുര്യവുമായി എത്തുന്ന ഈ കൊച്ചുമിടുക്കി ഇത്തവണയും മുടങ്ങാതെ കലോത്സവവേദിയിൽ എത്തി. ഒമ്പതാം ക്ലാസുകാരിയായ അവനി ഇത്തവണ ‘ഉഷസ്’ എന്ന മനോഹര കവിതയാണ് വേദിയിൽ ആലപിച്ചത്. കവിതയ്ക്ക് എ ഗ്രേഡും ഈ മിടുക്കി കരസ്ഥമാക്കി.

കഴിഞ്ഞ വർഷമാണ് അവനിയിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവനി ഇത്തവണ കീമോതെറാപ്പി കഴിഞ്ഞ ഉടൻ കലോത്സവ വേദിയിലേക്കാണ് എത്തിയത്. എന്തായാലും നിറഞ്ഞ കൈയടിയോടെയാണ് വേദി ഈ മിടുക്കിയെ സ്വീകരിച്ചത്.

ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കലോത്സവനഗരിയായ കാഞ്ഞങ്ങാട്. 28 വർഷങ്ങൾക്ക് ശേഷമാണ് കാസർഗോസ് കലാമാമാങ്കം ഒരുങ്ങുന്നത്. 14 ജില്ലകളില്‍ നിന്നായി 27000-ത്തോളം മത്സരാര്‍ത്ഥികള്‍ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

ജീവന്‍ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തുന്ന പെന്‍ഗ്വിന്‍: അപൂര്‍വ്വ സ്‌നേഹകഥ

മനുഷ്യര്‍ തമ്മിലുള്ളത് മാത്രമല്ല പലപ്പോഴും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയിലെ സൗഹൃദങ്ങളും സ്‌നേഹവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കൗതുകം നിറഞ്ഞ വാര്‍ത്തകളെ പ്രോത്സാഹിപ്പുക്കുന്ന സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തികച്ചു വ്യത്യസ്തമായ ഒരു കഥയുണ്ട് ജാവോ എന്ന അപ്പൂപ്പനും ഡിന്‍ഡിം എന്ന പെന്‍ക്വിനെയുംകുറിച്ച്. കെട്ടുകഥയല്ല മറിച്ച് അപൂര്‍വ്വമായ സ്‌നേഹത്തിന്റെ സത്യസന്ധമായ കഥ.

ഈ സ്‌നേഹകഥ ആരംഭിക്കുന്നത് 2011-ലാണ്. ബ്രസീലിലെ റിയോ ഡി ജെനീറോയിലാണ് സംഭവം. ഒരു മെയ് മാസം, എണ്ണയില്‍കുളിച്ച് നീന്താന്‍ സാധിക്കാതെ തീരത്തടിയുകയായിരുന്നു ഈ പെന്‍ക്വിന്‍. അവശനിലയിലായിരുന്ന പെന്‍ക്വിനെ ശ്രദ്ധയില്‍പ്പെട്ട ജാവോ പെരേര ഡിസൂസ അതിനെ കൈയിലെടുത്തു. സ്‌നേഹത്തോടെ പരിചരിച്ചു. മതിയാവോളം ഭക്ഷണം നല്‍കി. ഡിന്‍ഡിം എന്ന് പേരും നല്‍കി. പെന്‍ക്വിന്റെ അവശതകളെല്ലാം മാറിയപ്പോള്‍ സമീപത്തുള്ള ഒരു ദ്വീപിനോട് ചേര്‍ന്ന കടലില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. മാസങ്ങളോളം അപ്പൂപ്പനൊപ്പം താമസിച്ച ഡിന്‍ഡിം 2012 ഫെബ്രുവരിയിലാണ് കടലിലേക്ക് നീന്തിപോയത്.

ഡിന്‍ഡിമിനെ സ്വതന്ത്രനാക്കിയപ്പോള്‍ പിന്നീടൊരിക്കലും ഈ പെന്‍ക്വിനെ കണ്ടുമുട്ടുമെന്ന് ജാവോ അപ്പൂപ്പന്‍ കരുതിയില്ല. മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ സെപ്റ്റംബറില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡിന്‍ഡിം തിരികെയെത്തി. വീണ്ടും ജാവോ അപ്പൂപ്പനൊപ്പം എട്ട് മാസത്തോളം താമസിച്ചു. ജാവോ അപ്പൂപ്പന്‍ തലോടുന്നതും ഭക്ഷണം നല്‍കുന്നതുമൊക്കെ ഡിന്‍ഡിമിന് ഏറെ ഇഷ്ടമാണ്. എന്നാല്‍ മറ്റാരേയും ശരീരത്തില്‍ തൊടാന്‍ പോലും ഡിന്‍ഡിം അനുവദിക്കില്ല.

Read more:മരണത്തെ തോല്‍പിച്ച് വീണ്ടും ജീവിക്കാം; പരീക്ഷണം മനുഷ്യരിലും

പിന്നീട് എല്ലാ വര്‍ഷവും ഡിന്‍ഡിം ഈ സന്ദര്‍ശനം തുടര്‍ന്നു. സാധാരണ സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ തേടിയെത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന വളര്‍ത്തുമകന്‍ എന്നാണ് ഡിന്‍ഡിമിനെ ജാവോ അപ്പൂപ്പന്‍ വിശേഷിപ്പിക്കുന്നത്. വര്‍ണ്ണനകള്‍ക്ക് അതീതമാണ് ഈ സ്‌നേഹം.

പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി ഒരു സെമിത്തേരി

ഉറ്റവരെപ്പോലെ തന്നെ പലര്‍ക്കും പ്രിയപ്പെട്ടവരാണ് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളും. വളര്‍ത്തു മൃഗങ്ങളുമായി വളരെയധികം ആത്മ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരാണ് ചിലര്‍. ഇത്തരക്കാര്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെ വേര്‍പാട് പലപ്പോഴും അസഹനീയവുമാണ്. പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ഒരു പ്രത്യേക ഇടം തന്നെയുണ്ട് ബംഗളൂരുവില്‍.

ബംഗളൂരു നഗരത്തിലെ കെങ്കേരിയിലാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള ഈ സെമിത്തേരി നിലകൊള്ളുന്നത്. പലര്‍ക്കും പ്രിയപ്പെട്ട നായയും പൂച്ചയും പക്ഷികളും മുയലുമെല്ലാം ഈ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ചന്ദനത്തിരികളും മെഴുകുതിരികളും പൂക്കളുമെല്ലാം കല്ലറകള്‍ക്ക് മുകളില്‍ മൃഗങ്ങളുടെ ഉടമകള്‍ സമര്‍പ്പിക്കാറുണ്ട്. ഇതിനു പുറമേ, ഹൃദയഭേദകമായ ചില കുറിപ്പും കല്ലറകള്‍ക്ക് മുകളില്‍ കാണാം. അകാലത്തില്‍ പൊലിഞ്ഞ ആ വളര്‍ത്തു മൃഗം ഉടമകള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട് കല്ലറിയില്‍ കുറിച്ചിട്ടിരിക്കുന്ന ഓരോ വാക്കുകളും.

Read more:ട്രോളല്ല, നല്ല കിടിലന്‍ പാട്ട്; കാക്കിക്കുള്ളിലെ കലാകാരനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും അരുമകളായിട്ടുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കായി ഇവിടെ കല്ലറകള്‍ പണിതിട്ടുണ്ട്. ബംഗളൂരു നഗരത്തില്‍ ജോലി ചെയ്യുന്ന ജപ്പാന്‍, ചൈന, നേപ്പാള്‍ എന്നിവിടങ്ങളിലുള്ളവരും സെമിത്തേരിയില്‍ എത്തുന്നു. ആയിരത്തിലധികം വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സെമിത്തേരിയുടെ പ്രവര്‍ത്തനങ്ങള്‍. അതേസമയം വളര്‍ത്തു മൃഗങ്ങളെ അടക്കം ചെയ്യുന്നതിനായി പ്രത്യേക നിരക്കും നല്‍കണം. 5500 രൂപയാണ് ഒരു വര്‍ഷംവരെ വളര്‍ത്തു മൃഗങ്ങളുടെ ശരീരം കല്ലറയില്‍ സൂക്ഷിക്കാന്‍ ഈടാക്കുന്ന നിരക്ക്. മൂന്ന് വര്‍ഷം വരെ 20000 രൂപ നല്‍കണം. മൃഗത്തിന്റെ ഫോട്ടോ പതിച്ച്, കല്ലറയില്‍ വാചകങ്ങള്‍ എഴുതണമെങ്കില്‍ 30000 രൂപയാണ് ഈടാക്കുന്നത്. പരമാവധി അഞ്ച് വര്‍ഷം വരെയാണ് ശരീരം കല്ലറയില്‍ സൂക്ഷിക്കുക.

 

കുട്ടികള്‍ക്ക് വായിക്കാന്‍ ഇതാ ചില നല്ല പുസ്തകങ്ങള്‍

‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും’ കുഞ്ഞുണ്ണി മാഷ് ഇങ്ങനെ പറഞ്ഞത് വെറുതെയല്ല. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്മാര്‍ട് ഫോണുകളും ഗെയിമുകളും മാത്രം സ്വീകരണ മുറികളില്‍ ഇടം പിടിക്കുമ്പോള്‍ വളഞ്ഞുപോകുന്ന ഒരു തലമുറയാണ് സൃഷ്ടിക്കപ്പെടുക. ചുട്ടയിലെ ശീലം ചുടലവരെയെന്നാണല്ലോ പൊതുവേ പറയാറ്. കുട്ടികള്‍ ചെറുപ്പം മുതല്‍ക്കെ വായിച്ചു വളരട്ടെ. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ചില പുസ്തകങ്ങളെ ഈ ശിശു ദിനത്തില്‍ പരിചയപ്പെടുത്തുന്നു.

1 -ടോട്ടോചാന്‍


കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും വായിച്ചാല്‍ ഏറെ ഇഷ്ടം തോന്നുന്ന പുസ്തകമാണ് ടോട്ടോചാന്‍. തെത്സുകോ കുറോയാനഗിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ടോട്ടോചാന്‍ എന്ന വികൃതിക്കുട്ടിയുടെ രസകരമായ അനുഭവങ്ങളാണ് ഈ പുസ്തകം. അലങ്കാരങ്ങളുടെ ആര്‍ഭാടമില്ലാതെയാണ് രചന എന്നതും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. കുട്ടികളിലെ നിഷ്കളങ്കതയും  തന്മയത്തവുമെല്ലാം ഈ പുസ്തകത്തില്‍ നിഴലിക്കുന്നുണ്ട്. ‘ജനാലയ്ക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരില്‍ ഈ പുസ്തകം മലയാളത്തില്‍ അന്‍വര്‍ അലി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.

2 -എന്റെ സത്യാന്വേഷണ പരീക്ഷണ കഥ

ചെറുപ്രായത്തില്‍ തന്നെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ എന്നു തന്നെ വേണം പറയാന്‍. മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് ഈ പുസ്തകം. ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇന്നും ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’യുണ്ട്. ബാല്യം മുതല്‍ക്കെ മാതൃകാപരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമേകുന്നതാണ് ഈ പുസ്തകം.

3 -ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍


ഇന്ദിരാ ഗാന്ധി മുസ്സൂറില്‍ താമസിക്കുമ്പോള്‍ അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു അയച്ച കത്തുകളാണ് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ പുസ്തകമായത്. ഒരു മകള്‍ക്ക്/മകന് ലോകത്തെ അറിഞ്ഞു വളരുവാനുള്ളതെല്ലാം ഈ പുസ്തകത്തിലുണ്ട് എന്നതുതന്നെയാണ് ഈ കത്തുകളുടെ പ്രത്യേകത. കുട്ടികളെ മാത്രമല്ല, മാതാപിതാക്കളെയും അധ്യാപകരെയുംമെല്ലാം സ്വാധീനിക്കുന്നതാണ് ഈ പുസ്തകം.

4 -കുഞ്ഞുണ്ണി കവിതകള്‍


കവിതകള്‍ കുട്ടികള്‍ക്ക് കീറാമുട്ടികളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നല്‍ അങ്ങനെയല്ല. കുട്ടികള്‍ക്ക് ഏറെ ഇഷ്ടത്തോടെ ചേര്‍ത്തുപിടിക്കാന്‍ ഉതകുന്നതാണ് കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍. വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയിലും ശൈലിയിലുമുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ വലിയ സന്ദേശങ്ങളാണ് നല്‍കുന്നത്. ഹാസ്യം നിറച്ചുകൊണ്ടുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകളും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.

5 -ഒരു കുടയും കുഞ്ഞുപെങ്ങളും


കുട്ടികള്‍ക്കു വേണ്ടിയുള്ള മനോഹരമായ ഒരു നോവലാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. മുട്ടത്തു വര്‍ക്കിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ രണ്ട് കുട്ടികളുടെ കഥയാണ് പുസ്തകം പറയുന്നത്. മികച്ച ബാലസാഹിത്യ കൃതി കൂടിയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’.

6- ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്


പേരുപോലെ തന്നെ വായിക്കാന്‍ ഏറെ രസകരമായ പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’. കുഞ്ഞുപാത്തുമ്മയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്. വായിക്കും തോറും ഇഷ്ടവും കൂടും. മനോഹരമായ എഴുത്ത് ശൈലികൊണ്ടും കഥാപ്രമേയം കൊണ്ടും ഏറെ വ്യത്യസ്തമാണ് ഈ നോവല്‍. വലിയ സന്ദേശങ്ങള്‍ വളരെ ലളിതമായാണ് ഈ നോവലില്‍ ബഷീര്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

ഒരു ചിത്രം മതി ഒരായിരം കഥപറയാന്‍. ചില ചിത്രങ്ങള്‍ അങ്ങനെയാണ്, ഒരുപാട് സംസാരിക്കാനുണ്ടാവും ആ ചിത്രങ്ങള്‍ക്ക്. തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈയിലൊരു പാത്രവുമായി ഒന്നാം ക്ലാസിലേക്കെത്തിനോക്കുന്ന മോത്തി ദിവ്യയുടെ ചിത്രമാണ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നത്.

ഹൈദരബാദിലെ ദേവര്‍ ജാം സ്‌കൂളില്‍ ഡെങ്കിപ്പനിയെക്കുറിച്ചുള്ള സ്‌റ്റോറിക്ക് വേണ്ടുന്ന ചിത്രങ്ങളെടുക്കാന്‍ എത്തിയതാണ് ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസ്. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ ആ അഞ്ച് വയസ്സുകാരിയെ അദ്ദേഹം ശ്രദ്ധിച്ചു. കൈയിലൊരു പാത്രവുംപിടിച്ചുകൊണ്ട്, യൂണിഫോമിട്ട് ഒന്നാംക്ലാസിലിരിക്കുന്ന കുട്ടികളെ എത്തിനോക്കുന്ന പെണ്‍കുട്ടി. മോത്തി ദിവ്യ. ആ നില്‍പ്പ് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ശ്രീനിവാസ് മോത്തി ദിവ്യയുടെ സമീപത്തെത്തി. അവളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.കണ്ണു നിറയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു കുഞ്ഞു മോത്തിക്ക്. എല്ലാ ദിവസവും ഉച്ചസമയമാകുമ്പോള്‍ കൈയിലൊരു അലുമിനിയം പാത്രവുമായി മോത്തി സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെത്തും. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിയശേഷം ബാക്കിയാവുന്ന ഭക്ഷണം പാത്രത്തില്‍ വാങ്ങിക്കഴിക്കും. ശുചീകരണത്തൊഴിലാളികളാണ് മോത്തിയുടെ മാതാപിതാക്കള്‍.

Read more:പ്രായം ഒരു വയസ്സ്; ദേ ഇതാണ് മോഹന്‍ലാലിന്റെ കട്ടഫാന്‍; രസകരം ഈ ‘ലാലേട്ടാ…’ വിളി

‘വിശപ്പിന്റെ നോട്ടം’ എന്ന അടിക്കുറിപ്പോടെ ആവുല ശ്രീനിവാസ് പങ്കുവെച്ച മോത്തി ദിവ്യയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഒരു എന്‍ജിഒ കുഞ്ഞുമോത്തിയുടെ പഠനം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവന്നു. യൂണിഫോമിട്ട് ഇനി കുഞ്ഞുമോത്തിക്കും ഒന്നാംക്ലാസിലിരിക്കാം. പഠിക്കാം. വിശന്ന് ഇരിക്കേണ്ടി വരില്ല ഇനി ഈ കുരുന്നിന്…

ഒറ്റക്കണ്ണു കൊണ്ട് പോരാട്ടം, അതിജീവനം: ജോലി നല്‍കാതെ പറഞ്ഞയച്ചവര്‍ ഒടുവില്‍ ക്ലൈന്‍റ്സായി; വൈറല്‍ കുറിപ്പ്

ജീവിതത്തിലെ ചെറിയ വെല്ലുവിളികളിലും പ്രതിസന്ധികളിലും തളര്‍ന്നുപോകുന്നവര്‍ നമുക്കിടയിലുണ്ട്. ജീവിതത്തില്‍ ഒന്നുമായില്ല എന്നു കുരുതുന്നവര്‍ അറിയണം ജിനിയെക്കുറിച്ച്. ഒറ്റക്കണ്ണു കൊണ്ട് ജിനി നടത്തിയ പോരാട്ടത്തെക്കുറിച്ച്. ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അനേകര്‍ക്ക് പ്രചോദനമേകുന്നുണ്ട്. കാഴ്ചയില്ലാത്തതുകൊണ്ട് പല കമ്പനികളും ജോലി നല്‍കാതെ പറഞ്ഞുവിട്ട അനുഭവങ്ങളൊക്കെ ജിനി തന്റെ കുറുപ്പില്‍ പങ്കുവച്ചിട്ടുണ്ട്.

ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇത് ‘എന്റെ കഥ’ ആണ് കേട്ടോ.. എന്റെ കഥ എഴുതാന്‍ ഞാന്‍ മാധവിക്കുട്ടിയമ്മ അല്ല കേട്ടോ. എന്നാലും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ഇന്‍സ്പിരേഷന്‍, മോട്ടിവേഷന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ജോലിയുള്ളവര്‍, ജോലി ഇല്ലാത്തവര്‍, കാറ്റഗറി ഏതും ആയിക്കോട്ടെ. എല്ലാരും ഇവിടെ വന്ന് ഇത് വായിച്ചിട്ടേ പോകാവൂ. എനിക്ക് 2 വയസ്സുള്ളപ്പോ മമ്മിയും പിന്നീട് പപ്പയും പോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടു പോയി. പക്ഷേ എന്നാല്‍ അതിന്റെ കുറവൊന്നും അറിയിക്കാതെയാണ് എന്റെ അപ്പച്ചനും അമ്മച്ചിയും എന്നെ വളര്‍ത്തിയത്. ശരിക്കും പറഞ്ഞാല്‍ ഒരു വാശിക്കാരി വഴക്കാളി കുട്ടിയായിരുന്നു. ഞാന്‍ അങ്ങനെ വളര്‍ന്നു വന്നപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ ട്വിസ്റ്റ്.

കണ്ണിനു നല്ല കാഴ്ച കുറവ്. പുസ്തകം വായിക്കണം എങ്കില്‍ മുഖത്തോട് ചേര്‍ത്ത് വയ്ക്കണം. അങ്ങനെ എന്റെ എട്ടാമത്തെ വയസ്സില്‍ ആദ്യത്തെ സര്‍ജറി. പിന്നെ ബോണസായി ഒരു സോഡാക്കുപ്പി കണ്ണാടി കൂടി എന്റെ ഒപ്പം കൂടി… ആ സമയത്ത് ശക്തിമാന്‍ ഇറങ്ങിയത് നന്നായി, അന്നത്തെ ശക്തിമാന്‍ (ഗംഗാധര്‍) കണ്ണാടിയും അത് തൂക്കിയിട്ടിരുന്ന വള്ളിയും എന്റെ കണ്ണാടിയുമൊക്കെ ഒരേപോലെ??

പിന്നെ ഞാന്‍ പഠിച്ചത് നല്ല ഒന്നാന്തരം മലയാളം മീഡിയം സ്‌കൂളില്‍ ആണ്. അതിന്റെ ഗുണം പിള്ളേരൊക്കെ സ്‌നേഹത്തോടെ എന്നെ സോഡാകുപ്പി എന്ന് വിളിക്കാന്‍ തുടങ്ങി.. ഇടത് കണ്ണിന്റെ സര്‍ജറിക്ക് ശേഷം വീണ്ടും വലതുകണ്ണിന് ഓപ്പറേഷന്‍ ചെയ്തു. അതോടെ ആ കണ്ണിനു ഉണ്ടായിരുന്ന ഉള്ള കാഴ്ച കൂടി നഷ്ടപ്പെട്ടു. അപ്പോഴാണ് ബാംഗ്ലൂരില്‍ കൊണ്ടുപോയി സര്‍ജറി ചെയ്താല്‍ കാഴ്ച തിരിച്ചു കിട്ടും എന്ന് ആരോ പറഞ്ഞത്. അങ്ങനെ ബാംഗ്ലൂര്‍ പോയി വീണ്ടും ഒരു സര്‍ജറി കൂടി ചെയ്തു. പിന്നെ കുറെ നാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി ഞാന്‍ നടന്നു.

എന്തായാലും വലതു കണ്ണിന് കാഴ്ച അതോടെ പൂര്‍ണമായും നഷ്ടപ്പെട്ടു. അപ്പോഴാണ് വീണ്ടും അടുത്ത ട്വിസ്റ്റ്. ഓപ്പറേഷന്‍ ചെയ്ത് കണ്ണ് അകത്തോട്ട് കുഴിയാന്‍ തുടങ്ങി. ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്കൊക്കെ പേടിയാകും. അന്ന് ഞാന്‍ 8-ല്‍ ആണ് പഠിക്കുന്നത്. അങ്ങനെ ഒരു പ്ലാസ്റ്റിക് ഐ വെച്ചു. അങ്ങനെ പഠിച്ചു പഠിച്ചു ഞാന്‍ ഇക്കണോമിക്‌സ് ഡിഗ്രി എടുത്തു. പിന്നെ പിജി എടുക്കാന്‍ ബാംഗ്ലൂര് ചേര്‍ന്നു. അപ്പോള്‍ ദേ വരുന്നു വലിയൊരു ട്വിസ്റ്റ്. പ്ലാസ്റ്റിക് ഐ വെച്ചിരുന്ന വലതു കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. ഒരാഴ്ച രണ്ടാഴ്ചയായി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, നമുക്ക് ബയോപ്‌സി ചെയ്യാമെന്ന്. നോക്കിയപ്പോള്‍ കണ്ണിനകത്ത് വലിയൊരു ഗ്രോത്ത്. ഐബോള്‍ മൊത്തത്തില്‍ റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും ഒരു സര്‍ജറി. ഐബോള്‍ റിമൂവ് ചെയ്തശേഷം അവിടെ ഇവിടെ വായില്‍ നിന്നും ഫ്‌ലഷ് എടുത്തുവച്ചു വീണ്ടും ആര്‍ട്ടിഫിഷ്യല്‍ പ്രോസ്‌തെടിക്‌സ് വച്ചു. വീണ്ടും കുറെനാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി എന്റെ പിജി കഴിഞ്ഞു. പിജി കഴിഞ്ഞപ്പോള്‍ ഏറ്റവും അടുത്ത വെല്ലുവിളി എന്നത് ജോലി കിട്ടുന്നത് എന്നായി. എല്ലാവരും പിഎസ്സി നോക്കാന്‍ പറഞ്ഞു. കുറച്ചൊക്കെ പഠിച്ചു. പക്ഷേ നോ രക്ഷ. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അമ്മച്ചിയും ഡിഗ്രി ലാസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അപ്പച്ചനും മരിച്ചിരുന്നു.

പിന്നീട് പഠിപ്പിച്ചത് പപ്പയുടെ സഹോദരങ്ങള്‍ ആയിരുന്നു. അവരൊക്കെ എനിക്കുവേണ്ടി ഒരുപാട് ബുദ്ധിമുട്ടി. വീണ്ടും അവരെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് പിന്നെ ഒറ്റക്ക് ജീവിക്കണം. തോറ്റു കൊടുക്കില്ല എന്ന് ഒരു ഉറപ്പും മനസ്സില്‍ ഉള്ളതുകൊണ്ട്  6 വര്‍ഷം മുമ്പ് കൊച്ചിയില്‍ വന്നു. ഞാന്‍ കരുതിയത് പോലെ ഒന്നുമായിരുന്നില്ല കൊച്ചി. ജോലി കിട്ടാതെ ഒരുപാട് നടന്നു. അതില്‍ ഏറ്റവും വലിയ തമാശ എന്നത് പോകുന്ന ഇന്റര്‍വ്യൂ ഒക്കെ ലാസ്റ്റ് റൗണ്ട് വരെ പാസാകും. എന്റെ ഒരു കണ്ണിനു കാഴ്ച ഇല്ല അല്ലെങ്കില്‍ മറ്റേ കണ്ണിന് കാഴ്ച കുറവുണ്ട് എന്നൊക്കെ കേള്‍ക്കുമ്പോഴേ ജോലി ഗോവിന്ദ. അത് ആരുടെയും കുറ്റമല്ല നമ്മുടെ സൊസൈറ്റി അങ്ങനെയാണ്.

എന്റെ എട്ടാം വയസ്സു മുതല്‍ ഇന്നുവരെ ഈ ഒറ്റക്കണ്ണ് കൊണ്ടാണ് ഞാന്‍ യാത്ര ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റും. എന്നാല്‍ ഇത് പറഞ്ഞ് കമ്പനി എച്ച്ആറിനെ മനസ്സിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നെ പണ്ടേ ഉള്ള ഒരു പാഷന്‍ ആയിരുന്നു ഇവന്റ് മാനേജ്‌മെന്റ്, ഡബ്ബിംഗ് ഒക്കെ. അങ്ങനെ ഒരു ഫ്രണ്ടിന്റെ റെക്കമെന്റേഷന്‍ വഴി ഒരു ചെറിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി കിട്ടി. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഒരു ഫ്രണ്ടിന്റെ റെക്കമെന്റേഷന്‍ വഴി ഒരു ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയില്‍ ജോലി കിട്ടി. ഈ സമയത്തൊക്കെ സ്വന്തമായി ജോലിക്ക് ശ്രമിച്ചില്ല എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടാകും. ഇന്‍ഫോപാര്‍ക്കില്‍ എല്ലാ ദിവസവും നടത്തുന്ന ഇന്റര്‍വ്യൂയിലും ആരൊക്കെ ജോലി ഉണ്ടന്ന് പറയുമ്പോഴും പൈസ കൊടുത്ത് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാം തന്നത് സീറോ റിസള്‍ട്ട്.

കല്യാണത്തിന്റെ സമയത്ത് ഒരു നാലഞ്ചു മാസം ഒരു ഗ്യാപ്പ് എടുക്കേണ്ടി വന്നു. വീണ്ടും ജോലി അന്വേഷിച്ചു കുറെ നടന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ ഫ്രീലാന്‍സ് ആയി റിക്രൂട്ട്‌മെന്റ് ചെയ്തു തുടങ്ങിയത്. അതോടൊപ്പം ഒരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി കിട്ടി. അങ്ങനെ ഇരിക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം. അപ്പോള്‍ കരുതി ഒരു റിക്രൂട്ട്‌മെന്റ് കമ്പനി തന്നെ തുടങ്ങിയേക്കാം എന്ന്. കെട്ടിയവനോട് ചോദിച്ചപ്പോഴാണ് കട്ട സപ്പോര്‍ട്ട്. പിന്നെ ഒന്നും നോക്കിയില്ല, ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ട ഞാന്‍ ഇന്ന് 25 ഓളം പേര്‍ക്ക് ജോലി കൊടുക്കുന്നു. ഇതിലൊക്കെ തമാശ എന്നത് അന്ന് ഞാന്‍ ഇന്റര്‍വ്യൂവിനായി പല പ്രാവശ്യം കയറി ഇറങ്ങിയ പല കമ്പനികളും ഇന്നെന്റെ ക്ലൈന്റ്‌സ് ആണ്.

എന്റെ ഡിസബിലിറ്റി 90% ആണ്. എന്നിട്ടും തളരാതെ നില്‍ക്കുന്നത് ദൈവം തരുന്ന ഒരു ബലം മാത്രമാണ്. ഇപ്പോള്‍ കാഴ്ചയുള്ള ഇടതു കണ്ണിന് ചെറുതായി കാഴ്ച കുറവുണ്ട്. അതായത് ഡോക്ടര്‍മാര്‍ പറയുന്നത് റെടിനല്‍ ഡിറ്റാച്ച്‌മെന്റിനുള്ള സാധ്യതയുണ്ടെന്നാണ്. ഇപ്പോള്‍ എന്തൊക്കെയായാലും ജീവിതത്തോടുള്ള ഒരു ആറ്റിട്യൂട് എന്താണെന്ന് അറിയോ ‘ഇതൊക്കെ എന്ത് നിസ്സാരം’. ഞാന്‍ ഇത്രമാത്രം വലിച്ചുനീട്ടി എഴുതിയത് എന്തിനാണെന്ന് അറിയാമോ. ആരെങ്കിലും ജീവിതത്തില്‍ ഒന്നുമായില്ല അല്ലെങ്കില്‍ ഇനി ഒന്നുമില്ല എന്നൊരു തോന്നല്‍ വന്നാല്‍ എന്നെ ഒന്ന് ഓര്‍ക്കുക. നമുക്ക് തുറക്കാന്‍ പറ്റാത്ത ഒരു വാതിലും ദൈവം നമുക്കായി പണിയില്ല എന്ന് വിശ്വസിക്കുക…

വിധിയുടെ ക്രൂരതയെ പ്രണയത്തിന്റെ മനോഹാരിതകൊണ്ട് തോൽപ്പിച്ച് ദീപുവും അർച്ചനയും; ഹൃദയഭേദകം ഈ കുറിപ്പ്

‘ജീവിതം യൗവന തീഷ്ണവും ഹൃദയം പ്രേമസുരഭിതവുമായിരിക്കണമെന്ന് ബഷീറിന്റെ ഏതോ കൃതിയിൽ വായിച്ചതോർക്കുന്നു… മനോഹരമായ പല പ്രണയകഥകളും ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാറുണ്ട്. വിധിയുടെ ക്രൂരതയെ പ്രണയത്തിന്റെ മനോഹാരിതകൊണ്ട് തോൽപ്പിച്ച പലരെയും ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്. ഇപ്പോഴിതാ വിധിയെ സ്നേഹം കൊണ്ട് തോൽപ്പിച്ച ദീപുവിന്റെയും അർച്ചനയുടേയുടെയും പ്രണയമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

വിധി ദീപുവിനെ വീൽചെയറിലാക്കിയെങ്കിലും അർച്ചനയുടെ നിശ്ചയദാർഢ്യം ഇരുവരെയും ഒന്നിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ജീവിതത്തെക്കുറിച്ച് പറയുന്ന ശ്രീകാന്ത് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

വിധിയെ തോൽപിച്ചു അവർ ഒന്നിച്ചു… ഈ പ്രണയകഥ നിങ്ങൾ അറിയാതെ പോകരുത്… ഇവരുടെ പ്രണയാരംഭം മുതൽ അവർ ഒന്നുച്ചതുവരെ എല്ലാം അറിയുന്ന ഏക സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.. ദീപു എന്നെക്കാൾ 3 വയസിനു മുതിർന്നതാണേലും കോളേജിൽ എന്റെ ജൂനിയർ ആയി പഠിച്ച എന്റെ കസിൻ. ഞാൻ B.com ലും പുള്ളി B.A economics ലും. ദീപുച്ചേട്ടന്റെ ക്ലാസിൽ ഒപ്പം പഠിച്ച അർച്ചനയാണ് ഈ പ്രണയ കഥയിലെ നായിക…കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു പോകുകയായിരുന്നു…

പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികൾ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം മുന്നോട്ടു പോകുകയായിരുന്നു. ആ നാളിലാണ് ഞങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ണീരിൽ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാൻ പോയ ദീപുച്ചേട്ടൻ വെള്ളത്തിൽ വീഴുന്നു സ്‌പൈനൽ ഇഞ്ചുറി പറ്റിയെന്നു. ശരീരം മുഴുവൻ തളർന്ന ചേട്ടന് അതിൽ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയ നിമിഷം. ചികിത്സകൾ മുറ പോലെ നടന്നു. മരുന്നിനെകാൾ വലിയ ശക്തി മനസിനാണ് എന്ന് തെളിയിച്ചു ചേട്ടൻ കിടക്കയിൽ നിന്നും എഴുന്നേറ്റു വീൽചെയർ വരെയെത്തി… എങ്കിലും പഴയ ജീവിതത്തിലേക്കു അപ്പോളും മടങ്ങിവരാൻ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അർച്ചന കൂടെ ഉണ്ടായിരുന്നു.. അവരുടെ പ്രണയവും. വർഷങ്ങൾ വീണ്ടും മുന്നോട്ടു പോയി. പ്രണയം അർച്ചനയുടെ വീട്ടുകാർക് അംഗീകരിക്കാൻ ആകുമായിരുന്നില്ല പക്ഷെ അപ്പോളേക്കും അവർ ഒരുമിച്ച് ജീവിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു…

പഴയ ജീവിതത്തിൽ തിരികെ പോയി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ഉടനെ ചേട്ടന് സാധിക്കില്ല എന്നറിയാവുന്ന അർച്ചന സ്വയം ഒരു തീരുമാനം എടുത്തു. പഠിച്ചൊരു ജോലി വാങ്ങാൻ. ആ ദൃഢനിശ്ചയം അവളെ ഇന്നൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്കി . ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം ഇന്നലെ അവർ വിവാഹിതരായി…. എല്ലാത്തിനും സാക്ഷിയാകാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഇത് വെറും ഒരു പ്രണയ കഥയല്ല.. വിധിയെ പോലും മനോബലം കൊണ്ട് കീഴടക്കിയ 2 പോരാളികളുടെ കഥ കൂടിയാണ്. ഒരുപാടുപേർക്കു പ്രചോദനം നൽകുന്ന ഒരു കഥ. ഇത് എല്ലാവരും അറിയണം.. എല്ലാവരിലേക്കും ഇതെത്തിക്കാൻ നിങ്ങൾ മനസ് വയ്ക്കണം.

ദ്വീപിൽ ക്രമാതീതമായി റബർബാൻഡുകൾ അടിഞ്ഞുകൂടുന്നു; കാരണമറിഞ്ഞപ്പോൾ വിചിത്രമെന്ന് ഗവേഷകർ

ഒറ്റപ്പെട്ട ദ്വീപുകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് കാണാറുണ്ട്. പ്രധാനമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടങ്ങളിൽ കാണാറുള്ളത്. എന്നാൽ ഇവിടൊരു ദ്വീപിൽ അടിഞ്ഞുകൂടിയ റബർബാൻഡാണ് ആളുകളെ അമ്പരപ്പിച്ചത്. യു കെ യിലെ കോർണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് നിറയെ റബർബാൻഡുകൾ അടിഞ്ഞുകൂടിയത്. റബർബാൻഡുകൾ കൂട്ടമായി കിടക്കുന്നുന്ത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്റെ കാരണമന്വേഷിച്ച് നിരവധി ഗവേഷകരും രംഗത്തെത്തി.

നിരവധി ദിവസങ്ങളിലെ അന്വേഷണങ്ങൾക്ക് ശേഷം ഇതിന്റെ കാരണം ഗവേഷകർ കണ്ടെത്തി. പക്ഷികളാണ് ഈ റബർബാൻഡുകൾ ശേഖരിച്ച് ദ്വീപിൽ എത്തിക്കുന്നത്. ഭക്ഷ്യയോഗ്യമായ കീടങ്ങൾ എന്ന് കരുതിയായിരിക്കാം ഇവ ശേഖരിക്കുന്നത്. എന്നാൽ ഉപയോഗ ശൂന്യമാണ് ഇവ എന്ന് കണ്ടെത്തുന്നതോടെ റബർബാൻഡുകൾ ഇവിടെ ഉപേക്ഷിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് ഈ ദ്വീപിൽ ഇത്തരത്തിൽ റബർബാൻഡുകൾ ധാരാളമായി കണ്ടെത്തിയത്. പിന്നീട് ഇത് വർധിക്കുന്നതായും കണ്ടെത്തി, തുടർന്ന് ഗവേഷകർ നടത്തിയ പരിശോധനയിലാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവ നീക്കം ചെയ്തെങ്കിലും വീണ്ടും ഇവ അമിതമായി ഇവിടെ അടിഞ്ഞുകൂടുന്നതായി കണ്ടെത്തി.

മനുഷ്യ താമസമില്ലാത്തതിനാലാവാം ഇവിടങ്ങളിൽ പക്ഷികൾ ധാരാളമായി എത്തുന്നതും ഇവ ഇത്തരത്തിൽ റബർബാൻഡുകൾ നിക്ഷേപിക്കുന്നതെന്നും ഗവേഷകർ പറയുന്നു.