ആവശ്യമില്ലാത്ത ടാബുകൾ ക്ലോസ് ചെയ്യാൻ ഇനി മുതൽ നിർദേശമെത്തും; സവിശേഷ ഫീച്ചറുമായി ഗൂഗിൾ ക്രോം

ഇന്റർനെറ്റിൽ എന്തെങ്കിലും തിരയുമ്പോൾ ധാരാളം ടാബുകൾ ഒന്നിച്ച് തുറന്നിടുന്നത് മിക്കവരുടെയും ശീലമാണ്. ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ തുറന്നിട്ട് പോകുന്ന ടാബുകൾ മൊബൈലിൽ ആണെങ്കിലും സിസ്റ്റത്തിൽ ആണെങ്കിലും ഡാറ്റയെ ബാധിക്കാം. ഒരുപാട് ടാബുകൾ ഒന്നിച്ച് തുറന്നു കിടക്കുന്നത് പ്രവർത്തന ക്ഷമത കുറയ്ക്കാനും കാരണമാകുന്നു.

ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിൾ ക്രോം. ധാരാളം ടാബുകൾ തുറന്നിടുമ്പോൾ അത് ആവശ്യമുള്ളതാണോ എന്നോർമിപ്പിക്കാനായി ‘സജസ്റ്റ് ടു ക്ലോസ് ടാബ്’ എന്ന ഒരു പുതിയ ഓപ്ഷൻ ആണ് ഗൂഗിൾ ക്രോം അവതരിപ്പിക്കുന്നത്.

Read More:പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

ഇത് ഇപ്പോൾ തന്നെ ഗൂഗിൾ ഫ്ലാഗ്‌സിന്റെ ഭാഗമാണ്. ബ്രൗസറിന്റെ ഫീച്ചറായി ‘സജസ്റ്റ് ടു ക്ലോസ് ടാബ്’ വരുമ്പോൾ ഏറെ സമയത്തിന് ശേഷവും നിങ്ങൾ തുറക്കാതെയും ഉപയോഗിക്കാതെയും ഇരിക്കുന്ന ടാബ് ക്ലോസെ ചെയ്യാൻ ഗൂഗിൾ നിങ്ങൾക്ക് നിർദേശം തരും.

കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം

ഏറെ ജനസ്വീകാര്യതയുള്ള സേര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍ ക്രോം. എന്തിനും ഏതിനും ഗൂഗിള്‍ ക്രോമില്‍ തിരയുന്നവരാണ് നമ്മളില്‍ അധികവും. ഇപ്പോഴിതാ പുതിയൊരു നീക്കത്തിനൊരുങ്ങുകയാണ് ഗൂഗിള്‍ ക്രോം . ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിള്‍ ക്രോം തീരുമാനിച്ചിരിക്കുന്നത്.

പരസ്യ വിതരണം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗരീതി പകര്‍ത്താന്‍ വെബ്സൈറ്റുകള്‍ ആശ്രയിക്കുന്നത് കുക്കീസിനെയാണ്. ബ്രൗസര്‍ ശേഖരിച്ചുവയ്ക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പരസ്യ കമ്പനികള്‍ ഉപയോക്താക്കളുടെ താല്‍പര്യത്തിന് അനുസരിച്ച പരസ്യങ്ങള്‍ എത്തിക്കുന്നത്. ഉദാഹരണത്തിന്, ഇന്റര്‍നെറ്റില്‍ നാം ഒരു പ്രത്യേക ഫോണ്‍ തിരയുകയാണെങ്കില്‍ തുടര്‍ന്ന് നാം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ എല്ലാം ഈ ഫോണിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബ്രൗസറിലെ കുക്കീസ് ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഉപയോക്താവിന്‍റെ താല്‍പര്യങ്ങള്‍ തിരിച്ചറിയുന്നത്.

Read more: പുതിയ ഭാവത്തില്‍ പൃഥ്വിരാജ്; ശ്രദ്ധ നേടി ‘ആടുജീവിതം’ ലുക്ക്‌

കുക്കീസ് ഒഴിവാക്കുന്നതു വഴി ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ലഭ്യമാകും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് മറ്റ് നിരവധി വഴികള്‍ ഉള്ളതുകൊണ്ടുതന്നെ കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. അതേസമയം സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സഫാരി, ഡക്ക് ഡക്ക് ഗോ പോലുള്ള ബ്രൗസറുകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ക്രോമിന്റെ പുതിയ തീരുമാനം.

ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

സമൂഹ മാധ്യമങ്ങളിലൊക്കെ സുന്ദരമായ ചിത്രങ്ങൾ ഇഷ്ടത്തിന് അനുസരിച്ച് നൽകുന്നവരാണ് നമ്മൾ. പക്ഷെ ആധാർ കാർഡിലോ ഇലക്ഷൻ ഐ ഡി കാർഡിലോ നോക്കിയാൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ലന്നുള്ളതാണ് അവസ്ഥ. ഇനി അത്തരം ആശങ്കകൾ വേണ്ട. ഇലക്ഷൻ ഐ ഡി കാർഡിലെ ചിത്രം ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. ആധാറിൽ പുതിയ ചിത്രം എൻറോൾമെൻറ് സെന്ററിൽ നിന്ന് തന്നെ പകർത്തിയാണ് നൽകുന്നത്.

വോട്ടേഴ്‌സ് ഐ ഡി

നാഷണൽ സർവീസ് പോർട്ടൽ സന്ദർശിക്കുക. ഇതാണ് പോർട്ടൽ അഡ്രസ്- http://www.nvsp.in/ 

കറക്ഷൻ ഓഫ് എൻട്രീസ് ഇൻ ദി ഇലക്ടറൽ റോൾ എന്നൊരു ഓപ്ഷൻ ഉണ്ട്. ഇത് അഞ്ചാമത്തെ ഓപ്ഷനാണ്. അതിൽ ക്ലിക്ക് ചെയ്യുക.

എട്ടാം നമ്പർ ഫോം ആണ് ഇപ്പോൾ ഓപ്പൺ ആകുക. അങ്ങനെ വന്നില്ലെങ്കിൽ ഫോം 8 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഈ ഫോമിൽ നിങ്ങളുടെ സംസ്ഥാനത്തിന്റെ പേരും നിങ്ങളുൾപ്പെടുന്ന ലോക്സഭ അല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുക്കുക.

ഫോട്ടോഗ്രാഫ് എന്ന ഓപ്ഷൻ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോട്ടോ മാറ്റുന്നതിനാവശ്യമായ വിവരങ്ങൾ നൽകണം. അതായത് നിങ്ങളുടെ പൂർണമായ പേര്, കാർഡ് നമ്പർ അങ്ങനെ വിശദമായ വിവരങ്ങൾ നൽകണം. അതിനോടൊപ്പം തന്നെ നൽകിയ വിവരങ്ങൾ സാധൂകരിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കമ്പ്യൂട്ടറിൽ നിന്നും അപ്‌ലോഡ് ചെയ്യണം.

ഒപ്പം തന്നെ പുതിയ പാസ്സ്‌പോർട്ട് സൈസിലുള്ള ചിത്രം അപ്‌ലോഡ് ചെയ്യുക. ചിത്രം നൽകി കഴിഞ്ഞാൽ ഇ-മെയിൽ ഐ ഡി, ഫോൺ നമ്പർ , സ്ഥലപ്പേര് എന്നിവ നൽകി സബ്മിറ്റ് കൊടുക്കുക. പിന്നീട് ഇ-മെയിലിലും ഫോൺ നമ്പറിൽ കൺഫിമേഷൻ സന്ദേശം വരും. ശേഷം 30 ദിവസങ്ങൾക്കു ശേഷം പുതിയ ഫോട്ടോ കാണാൻ സാധിക്കും.

ആധാർ കാർഡ്

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ പതിനഞ്ചു ദിവസത്തെ താമസം മാത്രമേ ഉള്ളു. അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ ചെന്ന് ഒരു ഫോം പൂരിപ്പിച്ച് നൽകുക. എന്താണ് മാറ്റാനുള്ളത് എന്ന വിവരങ്ങളാണ് നൽകേണ്ടത്. ഫോട്ടോ മാറ്റാം, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാം. എന്താണ് മാറ്റേണ്ടതെന്നു ഫോമിൽ നൽകുക.

പുതിയ ഫോട്ടോ ആണെങ്കിൽ ബയോമെട്രിക്കൽ വിവരങ്ങൾ( വിരലടയാളം, കൃഷ്ണമണി) ഒരിക്കൽ കൂടി നൽകി പുതിയ ഫോട്ടോ എടുക്കാം. പതിനഞ്ചു ദിവസത്തിൽ ഈ- ആധാറിൽ പുതിയ ചിത്രം കാണാം.

സ്വന്തം പേരില്‍ ലാപ്ടോപ്പുമായി ഫ്ളിപ്കാര്‍ട്ട്; വില്‍പനാനന്തര സേവനങ്ങള്‍ വീട്ടുപടിക്കല്‍

പ്രമുഖ ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ ഫ്ളിപ്കാര്‍ട്ട് സ്വന്തം പേരില്‍ ലാപ്‌ടോപ്പ് പുറത്തിറക്കി. ഫോള്‍ക്കണ്‍ എയര്‍ബുക്ക് എന്നാണ് ഈ ലാപ്‌ടോപ്പിന്റെ പേര്. മാര്‍ക്ക്(MarQ) ബ്രാന്‍ഡിലാണ് ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുന്നത്. ഇന്റലിന്റെ എട്ടാം ജനറേഷനിലുള്ള ഐ5 പ്രൊസസറാണ് ലാപ്‌ടോപ്പിലേത്. കാഴ്ചയില്‍ മെലിഞ്ഞിരിക്കുന്ന ലാപ്‌ടോപ്പിന് ഭാരവും വളരെ കുറവാണ്.

16.5 മില്ലീമീറ്റര്‍ കനവും 1.26 കിലോഗ്രാം ഭാരവുമാണ് ഫോള്‍ക്കണ്‍ എയര്‍ബുക്ക് എന്ന ലാപ്‌ടോപ്പിന്. 13.3 ഇഞ്ച് ഡ്‌സ്‌പ്ലേ, ഫുള്‍ എച്ച്ഡി റെസലൂഷന്‍, ഫുള്‍സൈസ് കീബോര്‍ഡ്, കൃത്യയുള്ള ടച്ച്പാഡ്, 8 ജിബി റാം, 256 ജിബി എസ്എസ്ഡി, അഞ്ച് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവയെല്ലാമാണ് ലാപ്‌ടോപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളായി ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.

Read more: കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ

ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കുന്ന ലാപ്‌ടോപ്പിന്റെ വാറന്റിയും മറ്റ് വില്‍പനാനന്തര സേവനങ്ങളും ഉടമയുടെ വീട്ടിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 10,000- ത്തിലേറെ പിന്‍കോഡുകളില്‍ ഈ സേവനം ലഭ്യമാക്കുമെന്നും കൂടാതെ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു.

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ബന്ധപ്പെടാന്‍ സാധിക്കുന്ന പ്രത്യേക ഫോണ്‍കോള്‍ സേവനവും ലാപ്‌ടോപ്പിനു വേണ്ടി ഫ്ളിപ്കാര്‍ട്ട് ലഭ്യമാക്കുമെന്നും വ്യക്തമാക്കുന്നു. കാലതാമസം കൂടാതെ ഫോള്‍ക്കണ്‍ എയര്‍ബുക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിക്കും. 39,990 രൂപയായിരിക്കും ലാപ്‌ടോപ്പിന്റെ വില.

ഫെബ്രുവരി മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നു

ജനപ്രിയ മെസേജ്ജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. പ്രായഭേദമന്യേ പലരും ഇക്കാലത്ത് വാട്‌സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള്‍ കൈമാറാനും, ചിത്രങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ഫെബ്രുവരി ഒന്ന് മുതല്‍ ചില പ്രത്യേക ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നായിരിക്കും വാട്‌സ്ആപ്പ് നീക്കം ചെയ്യപ്പെടുക. കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പും ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ബ്ലാക്ക്‌ബെറി ഒഎസും ബ്ലാക്ക് ബെറി 10 ഉം, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐ ഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നീ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Read more: തങ്കച്ചന്റെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’ക്ക് ഒരു കുട്ടിവേര്‍ഷന്‍

അതേസമയം ഏറ്റവും ഒടുവിലായി ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്തുണ പിന്‍വലിക്കുന്നത് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് ലഭ്യമാക്കണമെങ്കില്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. അപ്‌ഗ്രേഡ് ചെയ്താല്‍ തടസ്സമില്ലാതെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു.

തെരുവുകൾ വൃത്തിയാക്കാൻ റോബോർട്ട്; പുതിയ കണ്ടുപിടുത്തത്തിന് കൈയടിച്ച് സൈബർലോകം

ഇന്ന് മിക്കരാജ്യങ്ങളെയും അലട്ടുന്ന ഒന്നാണ് മാലിന്യസംസ്‌കരണം. ഇപ്പോഴിതാ വൃത്തിയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യമായ സിംഗപ്പൂർ പുതിയ കണ്ടുപിടുത്തവുമായി എത്തുകയാണ്. രാജ്യത്തെ തെരുവുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ എത്തിക്കുകയാണ് രാജ്യം. ഒന്നും രണ്ടുമല്ല 3000 -ഓളം റോബോട്ടുകളാണ് തെരുവിൽ എത്തുന്നത്.

2020 മാർച്ചോടെയാണ് റോബോട്ടുകളെ നിരത്തിൽ ഇറക്കുന്നത്. പരിസ്ഥിതി ശുചിയായി സൂക്ഷിക്കുക, രാജ്യത്തെ ഹരിതാപം നിലനിർത്തുക എന്നിവയാണ് റോബോട്ടുകളെ നിരത്തിൽ ഇറക്കുന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

തെരുവുകൾ വൃത്തിയാക്കുന്നതിന് മാത്രമല്ല, രാജ്യത്തെ ആളുകളുമായി അടുത്തിടപഴകുന്നതിനും ഈ റോബോർട്ടുകൾക്ക് സാധിക്കും. ചില അപ്ലിക്കേഷനുകൾ വഴി റോബോർട്ടുകളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള സൗകര്യവും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ലയൺസ്ബോട് ഇൻറർനാഷണൽ എന്ന കമ്പനിയാണ് ഈ റോബോട്ടുകളെ നിരത്തിൽ ഇറക്കുന്നത്.

അതേസമയം രാജ്യത്തിന്റെ ഈ നീക്കത്തിന് നിറഞ്ഞ കൈയടിയാണ് സൈബർ ലോകത്ത് നിന്നും ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങളും മാതൃകയാക്കണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇനി മുതൽ മെസേജ് ഷെഡ്യൂൾ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ടെലഗ്രാംദിവസവും പുതിയ മെസേജിങ് ആപ്പുകൾ പ്രചാരത്തിൽ എത്തുന്നുണ്ട്. അതിൽ മികച്ച ചാറ്റിങ് സംവിധാനങ്ങളുമായി എത്തിയ ഒന്നാണ് ടെലഗ്രാം. ഇടയ്ക്കിടെ പുതിയ അപ്‌ഡേഷനുകളുമായി എത്തുന്ന ടെലഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതാണ്. ടെലിഗ്രാം ഉപയോഗിക്കുന്നവർക്ക് ഓണ്‍ലൈനില്‍ പോകുമ്പോള്‍ തീം മാറ്റുന്നതിനും സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്.

പഴയതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ തീം മാറ്റുന്നതിനൊപ്പം കളർ പിക്കാർ ടൂളിൽ നിന്നും ഇഷ്ടാനുസാരം നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ടെലഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റ് നിരവധി മാറ്റങ്ങളും ടെലഗ്രാമിൽ വരുത്തിയിട്ടുണ്ട്.

ഒട്ടേറെ സമൂഹമാധ്യമങ്ങൾ ദൈനംദിനം ഓരോ വ്യക്തിയും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക്,വാട്സ്ആപ്പ്, ടെലഗ്രാം, ഷെയർ ചാറ്റ് തുടങ്ങി ഒട്ടേറെ മാധ്യമങ്ങൾ നിലവിലുണ്ട്. അതിൽ അടുത്തിടെ പ്രചാരത്തിൽ വന്നതാണ് ടെലഗ്രാം. വാട്സ്ആപ്പിൽ നിന്നും വ്യത്യസ്തമായി നിരവധി ഫീച്ചറുകൾ ഇപ്പോൾ ടെലഗ്രാം അവതരിപ്പിക്കുന്നുണ്ട്.ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാൻ പുതിയ പേടകവുമായി നാസ

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനും പുതിയ പര്യവേഷണങ്ങൾക്കുമായി നാസ പുതിയ പേടകം അവതരിപ്പിച്ചു. മാർസ് 2020 യാണ് നാസ അവതരിപ്പിച്ചത്. ചുവന്ന ഗ്രഹത്തിലെ ജീവന്റെ നിലനിൽപ്പിനെക്കുറിച്ച് അറിയുന്നതിനും ചൊവ്വ ദൗത്യങ്ങളെ തിരിച്ചറിയുന്നതിനുമായാണ് പുതിയ പേടകം അവതരിപ്പിക്കുന്നത്.

‘2020 മാസ് റോവറി’ന്റെ ആദ്യ പരീക്ഷണം നേരത്തെ നടന്നിരുന്നു. ഈ വർഷം പകുതിയോടെ (ജൂലൈയിൽ) നാസയുടെ ഈ പേടകം ഭൂമിയിൽ നിന്നും പറന്നുയരും. ഏഴ് മാസങ്ങൾ പിന്നിട്ട് 2021 ഫെബ്രുവരിയോടുകൂടി 2020 മാസ് റോവർ നാസയിൽ ഇറങ്ങും. ഇതോടെ ചൊവ്വയിൽ ഇറങ്ങുന്ന അഞ്ചാമത്തെ അമേരിക്കൻ പര്യവേഷണ വാഹനമാകും ഇത്.

Read also: കുസൃതികാട്ടി ഒരു കുട്ടി കുരങ്ങൻ; വൈറൽ വീഡിയോ കാണാം

ഒരു ചെറിയ കാറിനോളം വലുപ്പമാണ് 2020 മാസ് റോവറിനുള്ളത്. ആറു ചക്രങ്ങളും 23 ക്യാമറകളും രണ്ടു ചവികളുമാണ് ഈ മാസ് റോവറിനുള്ളത്. ചൊവ്വയിലെ കാറ്റിന്റെ ഗതി അറിയുന്നതിനാണ് ഈ ചെവികൾ. ഒപ്പം പാറകൾ നിറഞ്ഞ പ്രതലത്തിലൂടെയുള്ള സഞ്ചാരം എളുപ്പമാക്കാൻ ഈ ചക്രങ്ങളും സഹായിക്കും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുക എന്നതാണ് മാസ് റോവറിന്റെ പ്രധാന ലക്ഷ്യം. ചുവന്ന ഗ്രഹത്തിലെ ജീവന്റെ അംശം കണ്ടെത്തുന്നതിനായി പല പരീക്ഷണങ്ങളും മാർസ് 2020 നടത്തും.